23-12-19D


📚📚📚📚📚📚

ബാണഭട്ടന്റെ ആത്മകഥ.
ഹസാരീപ്രസാദ് ദ്വിവേദി

അനു: രത്നമയീദേവിദീക്ഷിത്

സാഹിത്യ അക്കാദമി
പേജ് 440
വില  135

ഹർഷവർദ്ധനന്റെ(606-647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയുമായിരുന്നു 'ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ ഹർഷചരിതം, കാദംബരി
 എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്. ചിത്രഭാനുവും രാജദേവിയുമാണ് ബാണഭട്ടന്റെ മാതാപിതാക്കൾ. ബീഹാറിലെ ഛപ്ര ജില്ലയിൽ പെടുന്ന പ്രിതികൂടയിലാണ് അദ്ദേഹം ജനിച്ചത് .

ഹസാരീപ്രസാദ് ദ്വിവേദി

      ശാന്തിനികേതനിലെ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.1940ൽ വിശ്വഭാരതിയിലെ ഹിന്ദി ഭവൻ ഡയറക്ടറായി നിയമിതനായി. 1955ൽ ഓഫീഷ്യൽ ലാംഗ്വേജ് കമ്മീഷനിൽ അംഗം.1957 ൽ പദ്മഭൂഷനും 1973 ൽ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.1907 ൽ ജനിച്ചു.1979ൽ അന്തരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്നും ജ്യോതിഷത്തിൽ ഇന്ററർമീഡിയറ്റും ആചാര്യയും പാസായി.

രത്നമയീദേവി ദീക്ഷിത്

സംസ്കൃതം, ഹിന്ദി ഭാഷകളിലെ പണ്ഡിതയും മലയാളം, ഹിന്ദി ഭാഷകളിലെ നിരവധി കൃതികളുടെ വിവർത്തകയുമാണ് .സ്വാതന്ത്യ സമര സേനാനിയായിരുന്നു. ഗാന്ധിജിയുടെ വാർധ ആശ്രമത്തിലെ സ്കൂളിൽ അധ്യാപികയായിരുന്നു.
    തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരിൽ ജനിച്ചു. അച്ഛൻ ഗോപാലപിള്ളയും അമ്മ പാർവതിയമ്മയും അധ്യാപകരായിരുന്നു. മലയാള സാഹിത്യകാരനായിരുന്ന മുൻഷി പരമുപിള്ളയായിരുന്നു ആദ്യ ഭർത്താവ്. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് സംസ്കൃതം ഓണേഴ്സ് പരീക്ഷ പാസായി. പിന്നീട് സഹപ്രവർത്തകനായിരുന്ന സീതാ ചരൺ ദീക്ഷിതിനെ വിവാഹം കഴിച്ചു. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവർ മക്കളാണ്. ജെ.എൻ. ദീക്ഷിത് എന്ന ജ്യോതീന്ദ്ര നാഥ ദീക്ഷിത് ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധൻ ആയിരുന്നു. ഗയാനയിലെഇന്ത്യയുടെ സാംസ്കാരിക അംബാസിഡറായിരുന്നു.
_________

     ബാണഭട്ടന്റെ കാദംബരി കൗതുകമുണ്ടാക്കുന്ന ആഖ്യായികയാണ്. കാവ്യങ്ങളെ കവച്ചുവയ്ക്കുന്ന വർണ്ണനയാണ് അതിന്റെ സവിശേഷത. ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ തത്ത കാദംബരിയുടേതാവും. ആ നോവലിന്റെ രീതിയിൽ, ബാണന്റെയും കാളിദാസന്റെയും കാവ്യങ്ങളെ ഓർമ്മിച്ചുകൊണ്ട് നടത്തിയിട്ടുള്ള രചനയാണ് ബാണഭട്ടന്റെ ആത്മകഥ.

       കഥ പറയുന്ന രീതി തന്നെ ഏറെ പ്രത്യേകതയുള്ളതാണ്. ഓസ്ട്രേലിയക്കാരിയായ  കാതറൈൻ എന്ന വൃദ്ധ ഇന്ത്യയിൽ (ബംഗാളിൽ) താമസിക്കാൻ എത്തുന്നു. ഇവിടുത്തെ തീർത്ഥങ്ങൾ എല്ലാം സ്നാനം ചെയ്ത് എട്ടുവർഷം നടന്നു . ഒരു ദിവസം ശോണാ നദിയുടെ തീരത്തുകൂടെ നടക്കുന്നതിനിടയിൽ  അവർക്ക് ഒരു ഗ്രന്ഥം ലഭിക്കുന്നു. അത്  പ്രസിദ്ധപ്പെടുത്തണം എന്ന്  ശിഷ്യ തുല്യനായ വ്യോമനെ ചുമതലപ്പെടുത്തുന്നു അന്നു സ്വദേശത്തേക്ക് തിരിച്ചുപോയ പോയ മദാമ്മ , ആറുവർഷത്തിനു ശേഷം ഒരു കത്തയക്കുന്നു. ഈ കത്ത് നോവലിൻറെ അവസാനത്തിൽ ചേർത്തിട്ടുണ്ട് .

          സ്ഥാണീശ്വരത്തിലെത്തിയ ബാണഭട്ടൻ അവിചാരിതമായി നിപുണികയെ കാണുന്നു. തൻറെ നാടക സംഘത്തിലുണ്ടായിരുന്ന  നടിയാണ് അവൾ. ഒരു നടി എന്നതിനേക്കാൾ ബാണൻറെ മറ്റെന്തൊക്കെയോ ആയിരുന്നു അവൾ. മഹാരാജാവിനെ മുമ്പിൽ ഗംഭീരമായി  അവതരിപ്പിക്കപ്പെട്ട  നാടകത്തിൻറെ ഒടുവിൽ ആരെയും അറിയിക്കാതെ കൂട്ടം വിട്ട് പോയവളാണ് ഇപ്പോൾ അവിചാരിതമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിപുണുകയുടെ നിർദ്ദേശപ്രകാരം അവളോടൊപ്പം  സ്ത്രീവേഷത്തിൽ  കൊട്ടാരത്തിൽ പ്രവേശിച്ച് അന്തപ്പുരത്തിൽനിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. ഭവദന്തൻ, അവധൂതാചാര്യൻ,മഹാമായാദേവി എന്നിവരെ പരിചയപ്പെടുന്നു. തങ്ങൾ രക്ഷപെടുത്തിയ ഭട്ടിനിയെ സ്വദേശത്തെത്തിക്കാൻ അവരുടെ സഹായവും ലഭിച്ചു. നിപുണികയുടെ കൂട്ടുകാരി സുചരിതയെ അന്വേഷിച്ചെത്തിയപ്പോൾ രാജ്യരക്ഷക്ക് ജനങ്ങളോട് സ്വയം സംഘടിക്കാൻ ആഹ്വാനം ചെയ്യുന്ന മഹാമായയെ വീണ്ടും കണ്ടുമുട്ടുന്നു. മൗഖരിവംശവും,തുവരമിലിന്ദനുമൊക്കെ സങ്കൽപ്പസൃഷ്ടികകളാണ്. ഹർഷവർദ്ധന രാജാവും പത്നി രാജ്യശ്രീയും മാത്രമാവും കൽപ്പിതമല്ലാത്ത കഥാപാത്രങ്ങൾ.  ബാണഭട്ടനോട് കലാകാരിയായ നിപുണികക്കും രാജകുമാരിയായ ഭട്ടിനിക്കും പ്രണയമുണ്ടാവുന്നു. റാണിയുടെ സേവികയായ നിപുണിക സ്വന്തം മരണത്തിലൂടെ, തന്റെ പ്രണയത്തിന്റെ ശക്തിയും രാജകുമാരിയോടുള്ള ഭക്തിയും വ്യക്തമാക്കുന്നു. നോവൽ അപൂർണ്ണമായി അവസാനിക്കുന്നു. കാരണം ബാണഭട്ടൻ ഒരു വ്യക്തിയല്ല. സാർവ്വലൗകിക സത്യമാണ് എന്ന തുറന്നുപറച്ചിലോടെ നോവൽ അവസാനിക്കുന്നു.
        പഴയമട്ടിലൊക്കെയുള്ള വർണ്ണനകകൾ വായാക്കാനിഷ്ടം തോന്നുന്ന ചിലസമയങ്ങളുണ്ടാവുമല്ലോ. അത്തരമവസരത്തിൽ ഒരാഴ്ച ഈ നോവൽ വായനക്കാരനു കൂട്ടായിരിക്കും. മെല്ലെമെല്ലെ ഓരോ അക്ഷരമായി ആസ്വദിച്ചു വായിക്കാൻ സമ്മോഹിപ്പിച്ചുകൊണ്ട്.

രതീഷ്കുമാർ
22/12/19.

🌾🌾🌾🌾🌾🌾