9/12/19C

ടിപ്പുസുൽത്താൻ
പി.കെ.ബാലകൃഷ്ണൻ

ഡി.സി.
പേജ്214
വില199

     ഭാരതത്തിന്റെ ഹൈന്ദവ ക്ഷാത്രവീരമെന്നത് അപഹസിക്കപ്പെടേണ്ട സങ്കൽപ്പനമാണെന്ന മുൻവിധിയോടെയാണ് താൻ രചന നിർവ്വഹിക്കുന്നത് എന്ന് വരികൾക്കിടയിൽ വ്യക്തമാക്കി ക്കൊണ്ടാണ് പി.കെ.ബാലകൃഷ്ണൻ ഒന്നാം അധ്യായം പൂർത്തിയാക്കുന്നത്. "ഇസ്ലാമിക സാഹസികതയുടെയും ഭരണ വൈഭവത്തിന്റെയും ഭാരം ചുമന്ന് ചുമന്ന് മരവിച്ച സനാതനത്തിൻറെ പൃഷ്ടം മുതുകിൽ ഇരിപ്പുകാരൻ മരണാസന്നനായപ്പോൾ അറിയാതൊന്നു മൂരി നിവർന്നതാണ് ശിവജി എന്ന മനുഷ്യനും മഹാരാഷ്ട്ര സാമ്രാജ്യം എന്ന രാഷ്ട്രീയ പ്രതിഭാസവും"."1761 പാനിപ്പട്ടിൽവച്ച് മഹാരാഷ്ട്ര സൈന്യം  ഗംഭീരനായ അഫ്ഗാൻ യുദ്ധ വീരനാൽ തോൽപ്പിച്ച് നശിപ്പിക്കപ്പെട്ടത് പോലെ നാശവും തോൽവിയും മറ്റൊരു സൈന്യത്തിനും ഏൽക്കുന്നത് ഇന്ത്യയുടെ ആ സ്ഥിരം യുദ്ധക്കളം വേറെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല".എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളിലൂടെ ആരെയൊക്കെ യുദ്ധവീരനാക്കണം ആരെയോക്കെ ആക്രമണകാരിയാക്കണം എന്ന് വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ടെന്നദ്ദേഹം തുറന്നുതന്നെ പറയുന്നു.പാരമ്പര്യ ചരിത്രകാരന്മാർ ആരെ അക്രമകാരികളെന്നുവിളിച്ചോ അവരൊക്കെ വിരയോദ്ധാക്കളായിരുന്നെന്നും, അധിനിവേശ ത്തിനെതിരേ പോരാടിയ ധീരദേശാഭിമാനികളെന്നു വിളിക്കപ്പെട്ടവർ കേവലം അക്രമകാരികളോ തൻകാര്യംനോക്കികളോ മാത്രമായിരുന്നുവെന്നും, ചരിത്രരേഖകളുടെയും കേട്ടറിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു.
      ഇംഗ്ലീഷുകാരും ഇന്ത്യാക്കാരുമായ ചരിത്ര ഗവേഷകർ കടുംകറുപ്പ് ചായക്കൂട്ടിൽവരച്ചിട്ട ടിപ്പുവെന്ന അസാമാന്യ യുദ്ധവീരനും ഭരണതന്ത്രജ്ഞനുമായ ഭരണാധികാരിയെ ധവളപ്രകാശത്തിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമമാണ്‌ ഈ ജീവചരിത്രം. ടിപ്പുവിനെ തമസ്കരിക്കാനായി ഹൈദർ പോലും വെള്ളപൂശപ്പെട്ടു.ടിപ്പുവിന്റെ മികവുകൾ ഹൈദറിലോ ഉദ്യോഗസ്ഥപ്രമുഖരിലോ ചാർത്താനും മാത്രം ടിപ്പുവിരോധം ചരിത്ര കാരന്മാർക്കുണ്ടാവാനുള്ള കാരണവും പി.കെ.ബാലകൃഷ്ണൻ അന്വേഷിക്കുന്നുണ്ട്.

1701 ഫാത്ത് മുഹമ്മദ് എന്ന ആളിന്റെ മകനായി ഹൈദർ ജനിച്ചു. പിതാവ് മരിച്ചപ്പോൾ ജേഷ്ഠൻറെയും അമ്മയുടെയും ഒപ്പം മൈസൂർ എത്തി, മൈസൂർ സേനയിലെ ചെറിയൊരു ജോലിക്കാരനായിരുന്ന  ബന്ധുവിനൊപ്പം  ജീവിച്ചു. അദ്ദേഹത്തിൻറെ മരണത്തോടെ ചേട്ടന് സേനയിൽ ജോലി ലഭിക്കുകയും അയാളുടെ സഹായിയായി കൊട്ടാരത്തിൽ എത്തുകയും ചെയ്തു. 1749  മൈസൂർ മന്ത്രി മഞ്ച് രാജൻറെ നേതൃത്വത്തിൽ  ദേവനഹള്ളി കോട്ട ആക്രമിക്കപ്പെട്ട സമയത്ത് തൻറെ യുദ്ധ സാമർത്ഥ്യവും ധൈര്യവും മന്ത്രിയുടെ മുന്നിൽ പ്രദർശിപ്പിക്കാനായി .200 കുതിരകളുടെ നായക സ്ഥാനവും കൽപ്പിച്ചു കിട്ടി .ആ കൊല്ലം മറ്റൊരവസരത്തിൽ നൈസാം സ്ഥാനത്തിന് വേണ്ടി രണ്ട് അവകാശികൾ മത്സരത്തിലേർപ്പെട്ടു.ജയിച്ചെങ്കിലും വധിക്കപ്പെട്ട നാസർജങ്ങിന്റെ ധനത്തിൽനിന്ന് ഒരുഭാഗം ഹൈദറും കയ്ക്കലാക്കി. കർണാടകത്തിലെ നവാബ് സ്ഥാനത്തിന് മുഹമ്മദാലിയും ചന്ദാസാഹിബുമായി ഉണ്ടായ പ്രഖ്യാത വടംവലിയിൽ പങ്കുചേർന്ന് വിജയിയായ മൈസൂർ മന്ത്രി, തനിക്ക് വാഗ്ദാനം ലഭിച്ച തൃശ്നാപ്പള്ളി നൽകാതെ പറ്റിച്ചപ്പോൾ യുദ്ധം ചെയ്ത് പരാജയപ്പെട്ടു.  ഈ യുദ്ധത്തിൽ ഹൈദറുടെ സമരവീര്യം ബോദ്ധ്യപ്പെട്ട നഞ്ചിരാജ് ദിണ്ഡുക്കൽ ഗവർണറാക്കി. ശമ്പളക്കുടിശികയ്ക്ക് മൈസൂർ സൈന്യം കലാപം നടത്തിയപ്പോൾ നഞ്ചിരാജ് പിൻവാങ്ങിയ ഒഴിവിലേക്ക് സ്വയം ഇടിച്ചുകയറി. നാഞ്ചിരാജിന്റെയും ദേവരാജന്റെയും തോന്ന്യാസങ്ങളാൽ ബുദ്ധിമുട്ടിയ റിണിക്ക് അതിനകം സൈന്യാധിപനായ ഹൈദറിൽ അപ്രീതിയുണ്ടായില്ല. ദിവാൻ ഖാണ്ഡേറാവു വിന്റെ സഹായം കൂടിയായപ്പോൾ എല്ലാം ശുഭം. പിന്നെ റാണിയുടെ സ്ഥാനം പേരിനുമാത്രമായി. ശിഷ്യന്റെ തനിനിറം മനസ്സിലാക്കി പ്രതികരിച്ചു ഖാണ്ഡേറാവു . വലിയൊരു ഇരുമ്പുകൂട്ടിൽ തത്തയേപ്പോലെ ജീവിച്ച ആമനുഷ്യന്റെ അസ്ഥികൂടം ഒട്ടേറെക്കാലം അവിടെ തൂങ്ങിനിന്നു.
1782ൽ എൺപതാം വയസിൽ ഇംഗ്ലീഷുകാരുമായുണ്ടായ യുദ്ധത്തിൽ ഒളിച്ചുവച്ച ക്യാൻസറുമയി പടവെട്ടി മരിച്ചുവീണ ഹൈദറിൽ നിന്നും ടിപ്പുസുൽത്താൻ മൈസൂർസുൽത്താനായി  അധികാരമേറ്റു.

ഭരണത്തിലേറിയശേഷം ചിലയുദ്ധപരാജയങ്ങൾക്കൊടുവിൽ ഫ്രഞ്ച്‌സഹായത്തിന് പലവുരു ശ്രമിച്ചു. അഫ്ഗാനിൻ രാജാവിനോടും,ടർക്കിസുൽത്താനോടും സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടു. ഇംഗ്ലീഷുകാരെ ഏറ്റവും സമർത്ഥമായി ചെറുത്തുനിന്ന ഭാരതചക്രവർത്തി ടിപ്പുവാണ്. മലബാറിനെ ആക്രമിച്ചുകീഴടക്കി ശരിയായ ഭരണമെന്തെന്നു കാട്ടിക്കൊടുത്തു. മലബാറിലെ നിരത്തുകളെല്ലാം ടിപ്പു നിർമ്മിച്ചതാണ്. കൃഷിക്കും ജലസേചനത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി. അന്യമതദ്വേഷം അദ്ദേഹത്തിനുണ്ടായിരുന്നില്ല.ചില കെട്ടുകഥകളുടെ മാത്രം പിൻബലത്തിൽ അദ്ദേഹത്തെ മതവെറിയനും ഭീകരനുമായി ചിത്രീകരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾ തള്ളിക്കളയും.

രതീഷ്കുമാർ
9/12/19
🌾🌾🌾🌾🌾🌾🌾