2-12-19D

📚📚📚📚📚📚

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
അക്കിത്തം അച്യുതൻ നമ്പൂതിരി

വിദ്യാർത്ഥി മിത്രം
 പേജ് 60
 വില 5 രൂപ (1984)

കുറെ വർഷങ്ങൾക്കു മുമ്പാണ്. സംഭാഷണത്തിനിടയിൽ ശ്രീ ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു .കവി മനസ്സിൽ ഉറവപൊട്ടുന്ന രണ്ടുവരിക്കവിത വളര്‍ന്ന് ഒരു കാവ്യമാവാം.അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മറ്റുള്ളവർക്കായി പൊഴിച്ച ഒരു കണ്ണീർക്കണത്തിൻറെ സുഖംഈരടീയായിപ്പിറന്നതാണ്. ഒരു കവിതയായി അത് പിന്നീട് വളരുകയായിരുന്നു.
 ഇതിഹാസകാരന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഈ വേളയിൽ ,അദ്ദേഹത്തിന്റെ ഏറ്റവും വായിക്കപ്പെട്ട കൃതി,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തിരൂർ മലയാളത്തിൽ അവതരിപ്പിക്കുന്നു.
       ഇതൊരു ആസ്വാദനമല്ല .എന്റെ ഇഷ്ടാനിഷ്ടങ്ങളിൽനിന്ന് അകന്നുനിന്ന് കാവ്യത്തിൻറെ ശരീരംമാത്രം അക്ഷരത്തിലാക്കുന്നു.  .വായിച്ചു മറന്നവർ ഓർത്തെടുക്കാൻ ഒരു പൊടതട്ടല്‍ മാത്രം, വായിക്കാനാകാത്തവർക്ക് കാര്യമറിയാനും.

            സ്വർഗം നരകം പാതാളം ഭൂമി ഇങ്ങനെ നാല് ഖണ്ഡങ്ങളും ആമുഖവും ചേർന്നതാണ് ഈ ഇതിഹാസകാവ്യം.
       അന്യനുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ആദ്യമായി മനസ്സിലാക്കിയ നാളിൽ, താനിതുവരെ അന്യജീവനുതകാതെ നഷ്ടപ്പെടുത്തിയ നാളുകളെ ഓർത്ത് കരഞ്ഞു പോകുന്ന കവിയെ ആണ്  ആമുഖം അടയാളപ്പെടുത്തുന്നത്.


സ്വർഗ്ഗം
   ബാല്യകാല അനുഭവങ്ങളുടെ സന്തോഷമാണ് ആണ് 19 പദ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നത് .മുലപ്പാൽ കിനിയുന്ന ബാല്യം. കൂട്ടുകാരുമായി കളിയാടുമ്പോൾ  സ്വയം മറക്കുന്ന നിമിഷങ്ങൾ. കളിയുടെ വിശേഷങ്ങൾ അവ തീരാതെ നിർത്തേണ്ടതുണ്ട് .ബാല ഭാവനയിൽ വിരിഞ്ഞ സൂര്യചന്ദ്രന്മാരുടെസൗഭഗം, കുട്ടിക്കഥകളുടെ മായാപ്രപഞ്ചം തീർത്ത അച്ഛൻ, അമ്മ ചൂണ്ടിക്കാട്ടുന്ന ആകാശ വിശേഷങ്ങൾ ,അവയൊക്കെയും പോയതോർത്ത് ദുഃഖത്തിൻറെ കടുംപുളി കവി അറിയുന്നു.


നരകം
      ഇത്തിരി കൂടി വളർന്നു. ഭൂമി ഉരുണ്ടതാണെന്ന് അറിഞ്ഞപ്പോൾ  തുരന്നാൽ മറുപുറം കാണാമെന്ന് വിചാരിച്ചു .വിശാലമായ സമുദ്രവും, ജീവജാലങ്ങളും ഒരുക്കുന്ന വിശാലപ്രപഞ്ചം ഉള്ളംകയ്യിൽ ഒരിക്കലും ഒതുങ്ങാത്തതാണെന്ന് അറിഞ്ഞു .പിടിച്ചത് ഇരുമ്പും  കടിച്ചത് കരിമ്പും ആക്കി വലിയൊരു അരയാൽ ആയി തൻറെ ജീവിതം മാറ്റുന്ന കുരങ്ങിനെയും അവനെക്കാട്ടിലും മീതെ ഇരുകാലിൽ കൈവിട്ടെഴുന്നേറ്റ മനുഷ്യനെയും കണ്ടു് കവി വിസ്മയപ്പെടുന്നു.
          മനുഷ്യർ ദുഃഖിതരാണ് ,തിരിച്ചറിയാത്തവരും .ശാസ്ത്രത്തിൻറെ അന്വേഷണങ്ങൾക്കൊടുവിൽ മരണത്തെ തടയുന്ന ഔഷധം കിട്ടിയാൽ ജീവിതം നിത്യനരകമായി എന്നേ വിശേഷമുണ്ടാകൂ .ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് നാമീപ്രപഞ്ചത്തിലെ എത്ര നിസ്സാരജീവികൾ ആണെന്ന് തിരിച്ചറിയുകയാണ്. എങ്കിലും മനുഷ്യഹൃദയത്തിലെ അഹങ്കാരത്തെ വിസ്മയത്തോടെ കവി കാണുന്നു. മരവും മൃഗവും കൽക്കരിയും എന്നുവേണ്ട പ്രപഞ്ചത്തെ മുഴുവൻ അവൻ തൻറെ സുഖത്തിനായി ഉപയോഗിക്കുന്നു .കാറ്റിനെയും പരമാണുവിനെയും അവൻ ചൊൽപ്പടിയിൽ ആകുന്നു. പക്ഷേ അവിടെ അവൻറെ ദിഗ്വിജയം നിൽക്കുന്നില്ല. മനുഷ്യനെത്തന്നെ  മനുഷ്യൻ  അടിമയാക്കി പണി ചെയ്യിപ്പിക്കുന്നു. വിയർക്കുന്നവനല്ല ഭക്ഷണം കഴിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ  കവിയുടെ കരളിലെ അമ്പിളി കെട്ടുപോയി .രാക്ഷസാകാരമായ യന്ത്രങ്ങളിൽ പണിയെടുത്ത് ചോരനീരാക്കുന്നവനല്ല ഉൽപാദനത്തിന്റെസുഖം അനുഭവിക്കുന്നത് എന്നറിഞ്ഞ നാള്‍മുതല്‍കവിയുടെ രാത്രികൾ കാളരാത്രികളായി.
ഫാഷനിൽ ഭ്രമിച്ചും ലഹരിയിൽ മദിച്ചും ആഭരണങ്ങളിൽ പുളച്ചും താരസുന്ദരിമാരിൽ മൂർച്ഛിച്ചും യുവത്വം നശിക്കുകയാണ് . അതിസമ്പന്നരുടെ ഇറക്കുമതി കാറുകളുടെ ചക്രശ്വാസത്തിൽ  നേർത്ത ശിശുരോദനം കേൾക്കുന്നു .മരിച്ച പെണ്ണിൻറെ മാറുകുടിക്കുന്ന മനുഷ്യ ശിശുവിനെ കാണവേ നരകത്തീയുടെ തീക്ഷ്ണത കവി അറിയുന്നു.
  പെൺകുട്ടികളും വ്യത്യസ്തരല്ല .പട്ടിണിക്കാരായ പണിക്കാരുടെ ഇടയിലൂടെ മാദക സൗന്ദര്യം പെരുപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞ്, മുഖത്ത് ചായക്കൂട്ടുകളുമായി അലസം ഗമിക്കുന്നു.

 അരി വക്കുന്നവന്റെ തീയിൽ ചെന്ന് ഇയാംപാറ്റ പതിക്കയാൽ പിറ്റേന്ന് ഇടവഴിക്കുണ്ടിൽ ശിശുശവങ്ങൾ  കണ്ടപ്പോൾ കവി ഭാവിപൗരന്മാരോട് കരഞ്ഞ് പറയുന്നു, വെളിച്ചം ദുഃഖമാണ് -തമസാണ് സുഖപ്രദം.
ഇതെല്ലാം കാണേണ്ടിവന്ന നരകത്തിൻറെ നാളുകൾ  മനുഷ്യനെ പിശാച് ആക്കി.


പാതാളം
കവിയുടെ കുമ്പസാരമാണ് പാതാളം .
ജീവിതത്തിലെ സങ്കടങ്ങൾ കാണവേ ഞാൻ എൻറെ മനുഷ്യത്വം ഉപേക്ഷിച്ചു .വൈകാരിക ഭാവങ്ങൾ ഒക്കെ ഒഴിവാക്കി .കമ്മ്യൂണിസം നാട് സ്വർഗമാക്കും എന്ന് വിചാരിച്ചു .സ്വത്തുള്ളവൻ ബൂർഷ്വ ,അത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവൻ  പെറ്റിബൂർഷ്വ.അവർക്ക് സ്നേഹമോ സഹതാപമോ ഇല്ല .അവരുടെ ബന്ധുക്കളെയും കുഞ്ഞുങ്ങളെയും കൊന്നാലും കുഴപ്പമില്ല .അതിനായി യുവാക്കളെ സംഘടിപ്പിച്ചു .ആദ്യം അവരെ വിശ്വപ്രേമം പറഞ്ഞു പ്രലോഭിപ്പിച്ചു. പിന്നീടവർക്ക് വർഗ്ഗവിദ്വേഷത്തിന്റെ അൽപവിഷം നൽകി. ഒടുവിൽ അവർ സ്വയം, വിദ്വേഷമാണ് ദിവ്യമായ മാർഗ്ഗമെന്ന്  എന്നെ ഉപദേശിക്കും മട്ടിൽ മാറി. ഞാൻനേതാവാണ് .എൻറെ ശിഷ്യന്മാർ ,  കൂലിപ്പണിക്കാരെ വറചട്ടിയിൽനിന്ന്  എരിതീയിലേക്ക് ഇട്ടു. വാരിക്കുന്തവും കുറുവടിയും നാട്ടുപൊന്തകളില്‍ നിറഞ്ഞപ്പോൾ എനിക്ക് വാറണ്ട് വന്നു .ഞാൻ ഒളിവിലുമായി. വാരിക്കുന്തം കൊണ്ട് ശത്രുക്കളെ ക്കൊന്ന് കുടൽമാല ധരിക്കാനും ,രാജ്യം വെട്ടിപ്പിടിക്കാനും ഞാൻ അവരെ ഉപദേശിച്ചു .യുവതികളും വൃദ്ധരും ബയണറ്റിൽ കുരുങ്ങി .ചങ്ങല അഴിഞ്ഞ മദയാന കണക്കേ പോലീസുകാർ ചേരി നോക്കാതെ ആളുകളെ പിച്ചിച്ചീന്തിയപ്പോൾ, ഞാൻ കാട്ടിൽ ഒളിച്ചിരുന്ന്  യുദ്ധം നയിച്ചു. കാവുമ്പായിലും കരിവെള്ളൂരിലും  മുനയൻകുന്നിലും അതിന്റെ പ്രഭ കെട്ടിട്ടില്ല. പക്ഷേ മരിച്ചവരുടെയും അംഗഭംഗം വന്നവരുടെ വേദനയ്ക്ക് മുമ്പിൽ ഒച്ച പൊങ്ങാതെ സൂര്യോദയം വരെ ഉള്ളിൽ കരഞ്ഞു.

ഭൂമി

പുസ്തകജ്ഞാനം വച്ചുകൊണ്ട് ചോരയും നീരുമുള്ള മനുഷ്യരെ വാഴയെപ്പോലെ അറുപ്പിച്ച പാതാളഭൈരവൻ ആണ് താനെന്ന് തിരിച്ചറിയുന്നു .വിഷവൃക്ഷത്തിൻറെ വിത്തുപാകി കൽപ്പവൃക്ഷം മുളപ്പിക്കാം എന്ന് ഞാൻ വിചാരിച്ചു. എൻറെ വാക്ക് സത്യമാണെന്ന് വിചാരിച്ച് പടവെട്ടിമരിച്ച യുവധീര്‍ എൻറെ ഗുരുക്കളാണ് . അവർ നിത്യജീവിതരായിത്തർന്നു .കവി മൃതനിത്യനും. അദ്ദേഹം തന്നെപ്പെറ്റ ഭൂമിയോട് ക്ഷമ ചോദിക്കുകയാണ്.
    തോക്കിനും വാളിനും വേണ്ടി ചെലവിട്ട ഇരുമ്പുരുക്കി ബലമുള്ള കലപ്പകൾ വാർത്തെടുക്കണം .ബോംബുണ്ടാക്കാനായി ദുരുപയോഗം ചെയ്യുന്ന ധനം ഗ്രാമങ്ങളിൽ വെളിച്ചമെത്തിക്കാൻ ഉപയോഗിക്കണം .
ഞാൻ പശ്ചാത്താപവിവശനാണ് ,ഈ തുറന്നു പറച്ചിലാൽ കിട്ടുന്ന സമാധാനത്തോടെ, ഞാനൊന്ന് സുഖമായി ഉറങ്ങിയിട്ട്ആ ഉണർന്നെഴുന്നേൽക്കട്ടെ.


രതീഷ്  കുമാർ
30/11/19

🌾🌾🌾🌾🌾🌾