16-12-19C


📚📚📚📚📚📚
ഖുർആനിലെ പ്രവാചകൻമാർ
അബ്ദുൽ ജബ്ബാർ കൂരാരി
വചനം ബുക്സ് 
പേജ്  160
വില    130

ചരിത്രം രചിക്കുന്നത് (പക്ഷഭേദം ഉള്ളവരോ ഇല്ലാത്തവരോ ആയ)  ചരിത്ര പഠിതാക്കളാണ്. അവരെ അതിന് മത സാഹിത്യവും സഹായിക്കുന്നുണ്ട്. പരിശുദ്ധ ഖുർആനിൽ അവിടവിടെയായി പറഞ്ഞു പോയിട്ടുള്ള പ്രവാചകരെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം അതുകൊണ്ടുതന്നെ പരിചയപ്പെടാം .

ആദിമനുഷ്യൻ മുതൽ അന്ത്യ പ്രവാചകൻ വരെ അസംഖ്യം പ്രവാചകർ ഉള്ളതിൽ 25 പേരെയാണ് ഖുർആൻ പേരെടുത്ത് പരാമർശിക്കുന്നത്. ഏതാണ്ട് കാലഗണന ശരിയാക്കി അവരെ ഓരോരുത്തരെയും അബ്ദുൽ ജബ്ബാർ കൂരാരി പരിചയപ്പെടുത്തുന്നത് നമുക്കൊന്ന് പരിചയപ്പെടാം

ആദം നബി
ഭൂമിയിലെ ആദ്യ പ്രവാചകനായ  ആദംനബിയെ 25 തവണ ഖുർആൻ പരാമർശിക്കുന്നു. 930 വർഷം ഭൂമിയിൽ ജീവിച്ചു. ധാരാളം സന്താനങ്ങൾ ജനിച്ചു .ഹാബീൽ ഖാബീൽ എന്നിവരുടെ പേര്  ഖുർആൻ പരാമർശിക്കുന്നു. സന്തതി പരമ്പരയിൽ ശീഥ് എന്ന മകൻ പ്രവാചകൻ ആയിരുന്നുവത്രേ.

ഇദ്രീസ് നബി
ആദമിന് ശേഷം 622 വർഷം കഴിഞ്ഞ് പ്രവാചകനായ  ഇദ്ദേഹം 82 വയസ്സുവരെ ജീവിച്ചു. വസ്ത്ര നിർമ്മാണവും കുതിരസവാരിയും ജനങ്ങൾക്ക് കാണിച്ചു കൊടുത്തതും, വിദ്യാർത്ഥികൾക്ക്  ഗണിതവും മറ്റു വിജ്ഞാനീയങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതും ഇദ്രീസ് നബി ആണത്രേ.

നൂഹ് നബി
ഇറാഖ് ആയിരുന്നു പ്രബോധനകേന്ദ്രം(137.16×22.86×13.72 മീറ്റർ വലിപ്പത്തിലുള്ള-ബൈബിൾ) പെട്ടകത്തിൽ വിശ്വാസികളെയും ഭൂമിയിലെ  ഓരോ ജോഡി സകല ജന്തുക്കളെയും കയറ്റി പ്രളയത്തിൽ നിന്ന് രക്ഷിച്ചു. ആദത്തിന്  2242 വർഷത്തിന് ശേഷമാണ് പ്രളയം ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന 80 പേരിൽ ഭാര്യയും മകനും ഉൾപ്പെടുന്നില്ല .അവരും സത്യവിശ്വാസികൾ ആയിരുന്നില്ല .

ഹൂദ് നബി
അറബി സംസാരിച്ച ആദ്യ പ്രവാചകൻ. ദൈവ നിഷേധത്തിന് ശിക്ഷയായി നൽകിയ കൊടും വരൾച്ചയാലും മനം മാ്റാത്ത ആദ് സമുദായത്തെ എട്ടു പകലും ഏഴ് രാവും നീണ്ടുനിന്ന കൊടുങ്കാറ്റടിപ്പിച്ച് നിശേഷം ഷം നശിപ്പിച്ചപ്പോൾ ദൈവം ഹൂദ് നബിയേയും വിശ്വാസികളെയും രക്ഷിച്ചു. മക്കയിലെ സംസം കിണറ്റിൻ അടുത്താണ് ഖബറിടം എന്ന് വിശ്വാസം.

സ്വാലിഹ് നബി
സമൂദ് സമുദായത്തിൽ നിയോഗിക്കപ്പെട്ട പ്രവാചകൻ. മലയിലെ പാറപിളർന്ന് ഒട്ടകത്തെ പ്രത്യക്ഷപ്പെടുത്തി അദ്ഭുതം കാട്ടിയിട്ടും വിശ്വസിക്കിതിരുന്ന സമൂദ് കളിലെ 120വിശ്വാസികളെ,  5000വീടുകളിൽ പാർത്തിരുന്ന ജനങ്ങളെ ദൈവശിക്ഷയായ ഭൂകമ്പത്തിൽ മരിപ്പിച്ചപ്പോൾ മരണത്തിൽനിന്നും രക്ഷിച്ചു.

ഇബ്രാഹീം നബി
ഖുർആനിൽ ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി പരാമർശിക്കുന്ന പ്രവാചകൻ. അന്ത്യപ്രവാചകൻ ഉൾപ്പെടെ ധാരാളം പ്രവാചകർ അദ്ദേഹത്തിൻറെ സന്താന പരമ്പരയിൽ പെട്ടവരാണ്. സ്വന്തം പിതാവ് ഉൾപ്പെടെ നാട്ടിലെ സകലരും ബഹുദൈവാരാധനയിൽ കുടുങ്ങിയപ്പോൾ , അവരെ നേർവഴി കാട്ടാൻ ശ്രമിച്ചു. കഅബ ദേവാലയം പണികഴിപ്പിച്ചു . ഏക പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാൻ  തയ്യാറായ വിശ്വാസം അദ്ദേഹത്തിൻറെ ഔന്നത്യത്തിന് ഉദാഹരണമാണ്. ഇസ്രയേലിലെ ഹെബ്രോണിയിലുള്ള ഇബ്രാഹിമി പള്ളിയിലാണ് ഭാര്യ സാറ,മകൻ ഇസ്ഹാക്ക്-ഭാര്യ റബീഖ, യാഖൂബ്നബിയുടെഭാര്യ ലീഹ എന്നിവരെയും അദ്ദേഹത്തെയും ഖബറടക്കിയത്.

ഇസ്മായീൽനബി
യമൻ ഗോത്രത്തിലെ ആദ്യ പ്രവാചകൻ. പിതൃനിർദ്ദേശത്താൽ ബലിവരിക്കാൻ തയ്യാറായി, പിന്തിരിപ്പിക്കാൻ ശ്രമിച്ച ഇബ് ലീസിനെ കല്ലെറിഞ്ഞോടിച്ചു. പിതാവ് പറഞ്ഞപ്രകാരം ആദ്യഭാര്യയെ ഉപേക്ഷിച്ചു. പിതാവിനൊപ്പം 22×20ഗജം വിസ്തീർണവും9ഗജം ഉയരവുമുള്ള കഅ്ബ നിർമ്മിച്ചു 137വയസ്സ് വരെ ജീവിച്ചു.

ഇസ്ഹാക്ക് നബി.
ഇബ്രാഹീമിന്റെ പത്നി സാറയുടെ പുത്രൻ. ഇസ്മായിൽ നെക്കാൾ 14വയസിന് ഇളപ്പം. ഫലസ്തീനിലെ കൻഅൻ വംശത്തിൽ നിയോഗിക്കപ്പെട്ട പ്രവാചകൻ. നാൽപ്പതാം വയസിൽ ലൂത്വ് നബിയുടെ മകളെ വിവാഹംചെയ്തു.150ആം വയസിൽ മരിച്ചു.

യഅ്ഖൂബ് നബി
ഫലസ്തീനിലെ കൻആൻ ൽ നിയോഗം.നാല് ഭാര്യമാരിൽ യൂസുഫ് ഉൾപ്പെടെ പന്ത്രണ്ടു മക്കൾ.

ലൂത്വ് നബി
 ഇബ്രാഹിം നബിയുടെ സഹോദരൻ ഹാറൂൻ ന്റെ മകൻ. സദൂം വാസികളിലെ സ്വവർഗ രതിയോട് എതിർക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ. സ്വന്തം ഭാര്യ കൂടി നേർവഴിനടക്കാൻ തയ്യാറായില്ല. ഒടുവിൽ ദൈവം ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ വർഷിച്ച് ആ ജനതയെ നശിപ്പിക്കുന്നതിനുമുമ്പ്  മലക്കുകൾ അദ്ദേഹത്തിന് നാടുവിടാൻ നിർദ്ദേശം നൽകി. ആ ജനത ചാവുകടലിൽ ഒടുങ്ങി.

യൂസുഫ് നബി
ഇബ്രാഹിം നബിയുടെ പൗത്രൻ.സഹോദരങ്ങൾ ചതിച്ചുകൊല്ലാൻ ശ്രമിച്ചപ്പോൾ ദൈവസഹായത്താൽ രക്ഷപ്പെട്ട്,ഈജിപ്തിൽ കൊട്ടാരത്തിലെത്തി രാജസ്വപ്നത്തെ വ്യാഖ്യാനിച്ച് കൊട്ടാരം ഖജനാവിന്റെ ചുമതലക്കാരനായി.  അനുജൻ ബന്യാമിനെ ഉപയോഗിച്ച് പിതാവിനെ വരുത്തി കുടുംബത്തെ പുന:സംയോജിപ്പിച്ചു.110ആം വയസ്സിൽ മരണപ്പെട്ടു.

ശുഐബ് നബി
മദ് യൻ ജനതയിൽ നിയോഗിക്കപ്പെട്ടു. അള്ളാഹുവിൽ വിശ്വസിക്കാതിരിക്കുകയും കച്ചവടത്തിൽ കാപട്യം കാട്ടുകയു ചെയ്യുന്ന ആ ജനത പ്രവാചകനെ തള്ളിപ്പറഞ്ഞപ്പോൾ ദൈവം മദ് യൻ ജനതയെ ചൂടുകാറ്റിൽ നശിപ്പിച്ചു.

അയ്യൂബ് നബി

ലൂത്ത്നബിയുടെ മകളുടെ മകനാണെന്നും അറേബ്യയുടെ വടക്കുകിഴക്ക് എവിടെയോ ജീവിച്ചുവെന്നും ബൈബിൾ പരാമർശമുണ്ട്. ദൈവത്തിന്റെ പരീക്ഷയിൽ പതറാതെ നിന്ന് വിജയിച്ച പ്രവാചകൻ 220വർഷം ജീവിച്ചുവത്രേ.

ദുൽകിഫ്ൽ നബി
ക്ഷമാശീലനായ ഇദ്ദേഹത്തെപ്പറ്റി രണ്ടിടത്ത് പരാമർശമുണ്ട്.

മൂസാ നബി.
ബനുഇസ്റായേൽ വംശത്തിലെ ക്രൂരനായ ഭരണാധികാരിയായ ഫിർഔൻ ആൺകുട്ടികളെ എല്ലാം കൊല്ലാൻ കൽപ്പിച്ചു. ദൈവം രാജാവിനെ ശിക്ഷിച്ചു. സത്യവിശ്വാസം പ്രചരിപ്പിച്ച മൂസയോട്, ദൈവശിക്ഷയിൽനിന്നും മോചിപ്പിച്ചാൽ സത്യവിശ്വാസം സ്വീകരിക്കാമെന്നു പറഞ്ഞ ജനത പലവെട്ടം വാക്കുമാറി. ഒടുവിൽ മൂസയെ പിൻതുടർന്ന രാജാവിനേയും സേനയേയും ദൈവം ചെങ്കടലിൽ മുക്കി നശിപ്പിച്ചു. തന്നേക്കാൾ വിജ്ഞനായ ഖിദ്ർ നബിയുടെ ശിഷ്യനായി.  നാൽപ്പതുനാൾ സീനായ് പർവ്വതത്തിൽ വൃതമനുഷ്ഠിച്ചതിനൊടുവിൽ ദൈവത്തോട് സംസാരിക്കുകയും  അവിടെവെച്ച് നിയമവും കൽപ്പനകളുമടങ്ങുന്ന തൗറാത്ത് ലഭിക്കുകയും ചെയ്തു.

ഹാറൂൺ നബി
മൂസയേക്കാൾ മൂന്നുവയസ് മൂത്ത സഹോദരൻ. ജനങ്ങളുടെ റബ്ബ് താനാണെന്നു വിചാരിച്ച ഫിർഔനോട് ദൈവസന്ദേശം വിശദീകരിച്ചു.

ദാവൂദ് നബി
ക്രിസ്തുവിന് ആയിരംകൊല്ലം മുമ്പ് ഇസ്രായേൽ വംശത്തിലേക്ക് അയക്കപ്പെട്ട പ്രവാചകൻ. പ്രവാചകത്വ, രാജത്വ പദവികൾ അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ച ഒന്നാമത്തെ നബി.ശമുവേൽ നബിക്കുശേഷം താലൂദ് നബി രാജാവായി. ദൈവമാർഗത്തിൽ പൊരുതുന്ന അവരുടെ പ്രധാന പ്രതിയോഗിയായ ജാലൂദിനെ കവണക്കല്ലാൽ തോൽപ്പിച്ചു.തുടർന്ന് രാജാവായ ദാവൂദ് സിറിയ,ഇറാക്ക്,ഫലസ്തീൻ, ഫ്രാൻസ്, ജോർദാൻ എന്നീ പ്രദേശങ്ങളുടെ രാജാവായി.മധുരശബ്ദത്തിനുടമ. ആട് കൃഷിനശിപ്പിച്ച പരാതിയിൽ അദ്ദേഹത്തിന്റെ വിധിയെ തിരുത്തിയ സുലൈമാൻ പിൻഗാമിയായി.

സുലൈമാൻ നബി
ഭൂലോകമാകെ അടക്കിഭരിച്ച രാജാവ്. റാണി സുലൈഖയെ അമ്പരപ്പിച്ച ബുദ്ധിമാൻ.

ഇൽയാസ് നബി.
ജിൽജാദ യിൽ വസിച്ച ഇസ്റായേൽ വംശത്തിലേക്കയക്കപ്പെട്ട പ്രവാചകൻ. സുലൈമാന്റെ പുത്രൻ റഹ്ബജമിയുടെ ദുർഭരണത്താൽ നാട് രണ്ടായിപ്പിളർന്നു. ഇസ്റായേൽ രാജൻ ആഹാബ് പത്നിഈസാബാലിന്റെ പ്രേരണയാൽ ബാൽ ദേവന്റെ ക്ഷേത്രങ്ങളുണ്ടാക്കി. അത്തരം പ്രവൃത്തികളെ എതിർത്ത് ഇൽയാസ് പ്രബോധനം നടത്തി.പ്രവാചകന്റെ പ്രാർത്ഥനയുടെ ഫലമായി ആഹാബിന്റെ വംശം കുറ്റിയറ്റു.

അൽയസഅ നബി
പേരുമാത്രപരാമർശൻ.ജോർദാൻ തീരത്ത് ആബേൽ മെഹോലയിൽ ജനിച്ചു.

യൂനുസ് നബി
ഇറാഖിലെ മൗസൽ പ്രദേശത്തെ നീനവായിലെ ജനത്തിനായി നിയോഗിക്കപ്പെട്ടു.മീൻകാരൻ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കഥയുണ്ട്.

സക്കരിയ്യ നബി
യഹ്‌യാ യെ 120വയസ്സിൽ മകനായിക്കിട്ടിയ പ്രവാചകൻ.

യഹ്‌യാ നബി
സ്ത്രീലമ്പടനായ രാജാവിനെ എതിർത്ത് ഏകദൈവവിശ്വാസം പ്രചരിപ്പിച്ചു.രാജാവ് സ്വസഹോദരപുത്രി സലോമിയെ വിവാഹം ചെയ്യാൻ യഹ്‌യാ നബിയുടെ സഹായം തേടി. അദ്ദേഹം എതിർത്തു. അവൾ നബിയോട് പ്രണയാഭ്യർത്ഥന നടത്തി.എതിർത്തപ്പോൾ  രാജാവിന് മദ്യം നൽകി നൃത്തം ചെയ്ത് മോഹിപ്പിച്ച് യഹ്‌യ യുടെ തലവെട്ടിച്ചു.

ഈസാ നബി
സൂറത്ത് മറിയ മിൽ ചരിത്രം വിശദമാക്കുന്നു.  ചെറുപ്പംമുതൽ ബൈത്തുൽ മുഖദ്ദസിലെ പരിചാരികയായിരുന്ന മർയം മിന് ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ഈസാ മസീഹ് എന്നുപേരുള്ള പുത്രൻ ജനിക്കുമെന്ന് അറിയിക്കുന്നു.പ്രസവമടുത്തപ്പോൾ പള്ളിവിട്ട് ഒരു ഈന്തപ്പനയുടെ ചുവട്ടിൽ പ്രസവിച്ചു. ഈത്തപ്പഴവും വെള്ളവും കഴിക്കാൻ അരുളപ്പാടുണ്ടായി.മൗനവൃതവും ഉപദേശിക്കപ്പെട്ടു. സംശയിച്ച ജനത്തെ "ഞാൻ അല്ലാഹുവിന്റെ അടിമയാണ്"എന്ന നവജാതന്റെ വാക്കുകൾ വിശ്വസിപ്പിച്ചു.മുപ്പതാം വയസിൽ പ്രവാചകത്വം ലഭിച്ചു.ഇഞ്ചീൽ എന്ന വേദഗ്രന്ഥവും അല്ലാഹു അദ്ദേഹത്തിനു നൽകി.

ഇനി ഇരുപത്തഞ്ചാമൻ,
അന്ത്യപ്രവാചകൻ.

അക്കഥ മലയാളത്തിലെ മണൽത്തരിക്കുപോലും സുപരിചിതം.

രതീഷ്കുമാർ
16/12/19

🌾🌾🌾🌾🌾🌾