23-03-20

📚📚📚📚📚
സർഗ്ഗസംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾
എംടിയുടെ പെണ്ണുലകം -4
ഇന്ന്
ഏറ്റവും കൂടുതൽ പ്രാവശ്യം വായിക്കപ്പെട്ട നോവൽ
മഞ്ഞ്
ഗദ്യത്തിലും സംഗീതാത്മകതയുണ്ടെന്ന് മലയാളം കൊണ്ടറിഞ്ഞ നോവൽ
ചുരുക്കം പേജുകളിലൊതുക്കിയ മഹാഖ്യാനം
അതേ വാഗ്മിത്വം പുലർത്തിയ മറ്റു രണ്ട് നോവലിനും എത്തിനോക്കാനാവാത്ത ഔന്നിത്യം നമ്മെ മറ്റുചിലതുകൂടി മനസ്സിലാക്കിത്തരും.
മഞ്ഞിൽ അധികമുള്ളത്
ഉരുളക്കിഴങ്ങ് എന്ന ഒറ്റവാക്ക് മാത്രമാണത്രേ.
 എഡിറ്റിങ്ങിന്റെ അവസാനവാക്കെന്ന് പ്രകീർത്തിക്കപ്പെട്ട
നോവലിലേക്ക്....
മഞ്ഞിലേക്ക്
📚📚📚📚📚📚

വിമലജന്മങ്ങൾ

    എം ടി യുടെ ഏറ്റവും മികച്ച നോവൽ ഏതെന്നുചോദിച്ചാൽ ആരുംപറയുന്ന ഉത്തരം മഞ്ഞ് എന്നുതന്നെയാവും.'വരും വരാതിരിക്കില്ല'എന്നാരാനും പറഞ്ഞാൽ മഞ്ഞ് ഓർമ്മയിലെത്തും.മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നുപറയാത്ത/കേൾക്കാത്ത മലയാളിയുണ്ടാവില്ല.മലയാളി അത്രമേൽ നെഞ്ചോടുചേർത്ത മഞ്ഞിലെ സ്ത്രീകഥാപാത്രങ്ങളെ അൽപ്പം അടുത്തുനിന്ന് നിരീക്ഷിക്കുന്നത് കൗതുകകരമായിരിക്കും
      നൈനിറ്റാളിലെ ഒരു സ്കൂളവധിക്കാലത്തെ സംഭവങ്ങൾ അദ്ധ്യാപികയായ വിമലയുടെ വീക്ഷണത്തിലവതരിപ്പിക്കുന്ന ഈ നോവലിന്റെ പ്രധാന കഥാപാത്രം വിമലതന്നെ. അവിടുന്ന്‌ അമ്പത്തിമൂന്നുനാഴിക/മൂന്നുമണിക്കൂർ ദൂരെയുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ വിമലക്കുവെറുപ്പാണ്. കാരണം കുടുംബാംഗങ്ങൾ തന്നെ. സമ്പന്നസ്ത്രീയെ പ്രണയിച്ച് സ്വന്തമാക്കിയ ദരിദ്രൻ സ്വന്തം ഓഹരിപോലുംസഹോദരിക്ക് ദാനം ചെയ്താണ് നൈനിറ്റാളിലെത്തിയത്. ഉരുളക്കിഴങ്ങ് ഗവേഷകന്റെ ജോലി നൽകിയ സമ്പന്നത അയാളെ വീട്ടിലെ രാജാവാക്കി. ഭീതിയോടെയാണ് അംഗങ്ങൾ കഴിഞ്ഞു കൂടിയത്. അദ്ദേഹം തളർന്നു വീണതോടെ , സ്നേഹിതയെ സന്ദർശിക്കാൻ ആൽഫ്രഡ് ഗോമസിന്റെ പടിവഴി സ്ഥിരം യാത്ര ചെയ്യുന്ന ഭാര്യ. പ്രായം വരുത്തിയപാടുകൾ മായിക്കാനവർപെടുന്നപാടുപോലും വിമലക്ക് അശ്ലീലമായാണ് അനുഭവപ്പെടുന്നത്. അനുജൻ ബാബു പണംവച്ച് ചീട്ടുകളിക്കാൻ അമ്മയെ ഭീഷണിപ്പെടുത്തുന്നത് ആൽഫ്രഡ്ഗോമസിന്റെ പേരുപയോഗിച്ചാണ്. അനുജത്തി അനിത അണിഞ്ഞൊരുങ്ങുന്നത് പ്രതീപ്ചന്ദ്രശർമ്മയുടെ പ്രലോഭനത്താലും.ആവീടിനോട് വിമലക്കുള്ള വെറുപ്പിനുതുല്യമായി അവളുടെ പിതാവിന് സ്വന്തം ഗ്രാമത്തോടുള്ള വെറുപ്പേ ചൂണ്ടിക്കാട്ടാനുള്ളൂ!
         കുടുംബാംഗങ്ങളെ വിട്ട് വിമലയുടെ പരിചയസീമയിലുള്ള മറ്റുകഥാപാത്രങ്ങളിലേക്കുകടക്കാം. പുഷ്പാ സർക്കാറിന്റെ മുറിയിലാണ്  വിമല താമസിക്കുന്നത്. അവർ പോയ ഒഴിവിലാണ്  വിമലയ്ക്ക് ആ സ്കൂളിൽ പ്രവേശനം ലഭിച്ചത് . തൻറെ പുരുഷ സുഹൃത്തുമായി  കിടക്ക പങ്കിടുന്നത്  പിടിക്കപ്പെട്ടത് കൊണ്ടാണ് അവർക്ക് സ്കൂളിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്.  അവർപിന്നീട് മൂന്ന് വിവാഹം കഴിക്കുകയും മതംമാറുകയും മറ്റും ചെയ്തു.
സഹാധ്യാപികയായ  ശാന്ത റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടിയ ആളെ ആളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോലി ഉപേക്ഷിച്ചു. നോവലിൽ നാം ആദ്യം പരിചയപ്പെടുന്നത് വിദ്യാർഥിനിയായ രശ്മി വാജ്പേയ് യെ ആണ്. വീട്ടിലേക്ക് എന്ന് പറഞ്ഞ് അവൾ പോകുന്നത് വെള്ളാരംകണ്ണുള്ള  തൻറെ കാമുകനുമൊത്ത് ഒരു രാത്രി  ആഘോഷിക്കാനാണ്. അതുമനസ്സിലായെങ്കിലും ആ വീട്ടിൽ ഉണ്ടാകാൻ പോകുന്ന ചുഴലിക്കാറ്റ് ഓർത്ത് വിമല ഗിരിജാശങ്കർവാജ്പേയ് യെ മകളുടെ യാത്രാവിവരം അറിയിക്കുന്നില്ല. ഇനി ഒരിക്കൽ അവൾ   ഭർത്താവും കുട്ടികളും ഒക്കെ ആയി വരുമ്പോൾ തന്റെ പ്രഥമരതിയുടെ  സ്മാരകം കണ്ട്,രഹസ്യമായി ആനന്ദിക്കുമെന്നചിന്ത  വിമലയെ തുഷ്ടയാക്കുന്നുണ്ട്. വിദ്യാലയ കാവൽക്കാരൻ അമർസിംഗിന്റെ ഭാര്യ ഒളിച്ചോടി. മകളെ മരുമകൻ വെട്ടിക്കൊന്ന് ജയിലിലാണ്. വിമല നൈനിറ്റാൾ തടാകത്തിൽ പണ്ട് യാത്രചെയ്തിരുന്ന മേഫ്ലവർ ഇപ്പോൾ ഉപയോഗിക്കുന്ന ബുദ്ദു  കാത്തിരിക്കുകയാണ് ,തന്റെ അച്ഛനെ. ഏതോ സായിപ്പ്  ഒരാഴ്ചത്തേക്ക് വിലയ്ക്കെടുത്ത്  പെണ്ണിന്  കൊടുത്ത സ്വന്തം ഫോട്ടോയാണ് ബുദ്ദുവിന്റെ  പ്രതീക്ഷയുടെ ആണി.
    സുധീർ കുമാർ മിശ്ര അയാൾക്ക് താല്പര്യം തോന്നിയ അയൽക്കാരിയുമായി ബന്ധപ്പെടുമ്പോൾ അവൾക്ക് പേടിയില്ലായിരുന്നു  കാരണം അവൾ ഡയഫ്രം ധരിച്ചിട്ടുണ്ട്!
    കൈകളിൽ നീല ഞരമ്പുകളുള്ള, വെള്ളാരംകണ്ണുള്ള ആ സുധീർകുമാർമിശ്രയെയാണ് ;താൻ ശരീരവും  മനസ്സും പകർന്നുകൊടുത്ത  കാമുകനെയാണ്, വിമല കാത്തിരിക്കുന്നത്!

  മഞ്ഞിൽ മുഖം കാണിച്ചു പോകുന്ന എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും നാം കണ്ടുകഴിഞ്ഞു . മാംസദാഹത്തിന്റെ മഹോന്നത വേദികളിലൂടെ അലക്കിത്തേച്ച ആസക്തിയുമായി കടന്നുപോകുന്ന സ്ത്രീകൾ. അവരിൽ ഏറ്റവും മെച്ചം വിമല തന്നെ. ഒമ്പതു കൊല്ലമായി  കാത്തിരിക്കുന്ന കാമുകൻറെ  ഓർമ്മയിൽ ജീവിക്കുമ്പോഴും നാല്പതിനും അറുപതിനും ഇടയ്ക്ക് പ്രായം പറയാവുന്ന ഒരു വൃദ്ധൻ  നിന്നെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ  ...ഞാൻ ആരാണെന്ന് പോലും നിങ്ങൾക്ക് അറിയില്ലല്ലോ! എന്നു പരിഭ്രമിച്ച വിമല. ഉഗ്രപ്രതാപിയായ  ഭർത്താവ് രോഗശയ്യയിൽ ആയപ്പോൾ മാംസദാഹത്താൽ കൂട്ടുതേടിയ അമ്മയുടെ മകൾ. തൻറെ വിദ്യാർഥിനി അവളുടെ വെള്ളാരങ്കണ്ണുള്ളകാമുകനുമൊത്ത് ഒരു രാത്രി രഹസ്യമായി ആഘോഷിക്കുന്നതോർത്ത് നിർവൃതിയടയുന്ന വിമല. തികച്ചും (വി)മലകളായ കഥാപാത്രങ്ങളെ മാത്രം  അവതരിപ്പിക്കുന്നു എന്നതാണ് മഞ്ഞിന്റെ ഏറ്റവും വലിയ പ്രത്യേകത.

രതീഷ് കുമാർ
🌾🌾🌾🌾🌾