30-12-19C

📚📚📚📚📚📚

കാദംബരി
ബാണഭട്ടൻ


വിവ:മുണ്ടൂർ സുകുമാരൻ
ഡിസി
പേജ്‌  294
വില   60(1994)


തരുണികളുടെ തലമുടിയിൽ പിടിക്കുക എന്നത് രതിലീലകളിലും, ദൃഢബന്ധനം എന്നത് കാവ്യത്തിലും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആഴിചൂഴുന്ന ഊഴിക്ക് ഏക ശാസനനായി  ശൂദ്രക മഹാരാജാവ് നാടുവാഴുന്ന കാലം. വേത്രവതീ നദീതീരത്തുള്ള വിദിശാനഗരിയിലാണദ്ദേഹത്തിന്റെ കൊട്ടാരം. സ്ത്രീസുഖത്തോടു മമതയില്ലാത്ത സാഹിത്യ രസികനാണദ്ദേഹം.ഒരുനാൾ ഒരു ചണ്ഡാലത്തരുണി അദ്ദേഹത്തിന് സകലശാസ്ത്രപടുവായ ഒരുതത്തയെ കാഴ്ചവച്ചു. ആ തത്ത രാജാവ് ആവശ്യപ്പെട്ടതിനാൽ  ആത്മകഥ പറയുന്നു.
  വിന്ധ്യാടവിമദ്ധ്യദേശത്തിൽ രാമകഥയോരുന്ന പമ്പാതീരത്ത് കാട്ടാളൻമാരുടെ വേട്ടയാടൽഘോഷംകണ്ട് അച്ഛനോടൊട്ടിയിരിക്കുകയാണ് നമ്മുടെ കൊച്ചുശാരിക. സ്വപിതാവിനൊപ്പം സകലകിളികുലത്തെയും നശിപ്പിച്ച കാട്ടാളനിൽനിന്ന് രക്ഷപെട്ട, ചിറകുംകാലുമുറയ്ക്കാത്ത കുഞ്ഞിക്കിളിയെ മാമുനി ജാബാലിയുടെ പുത്രൻ ഹാരീതൻ രക്ഷപെടുത്തുന്നു. ത്രികാലജ്ഞാനിയായ ജാബാലി പക്ഷിക്കുഞ്ഞിന്റെ പൂർവ്വജൻമപാപത്തിന്റെ കഥ ആശ്രമവാസികളോട് ഹിവരിക്കുന്നു.

   അവന്തിദേശത്ത് ശീപ്രാനദീതീരത്തെ  ഉജ്ജയിനിൽ താരാപീഡൻ എന്നൊരു രാജാവുണ്ടായിരുന്നു.മന്ത്രിയായ ശുകനാസനെ ഭരണഭാരമേൽപ്പിച്ച് പട്ടമഹിഷി വിലാസവതിയും അസംഖ്യം വിലാസവതികളുമായി ലീലാലോലനായി നാൾകഴിച്ചു.
രാജകുമാരൻ ചന്ദ്രാപീഡൻ പിറന്ന നാളിൽ തന്നെ മന്ത്രികുമാരൻ വൈശമ്പായനനും പിറന്നു.വിദ്യാഭ്യാസം പൂർത്തിയാക്കിയ കുമാരന് രാജാവ് ഇന്ദ്രായുധനെന്ന കുതിരയെ സമ്മാനിച്ചു.അമ്മയുടെ സമ്മാനം മറ്റൊന്നായിരുന്നു- കുലൂതരാജനെ യുദ്ധത്തിൽ തോൽപ്പിച്ചപ്പോൾ തടവുകാരിയാക്കിയ രാജകുമാരി പത്രലേഖ.

 ദ്വിഗ്വിജയത്തിനിറങ്ങിയ കുമാരൻ കിരാതന്മാരുതെ സുവർണ്ണപുരി കീഴടക്കി അല്പകാലം അവിടെ താമസിച്ചു. ഒരുനാൾ നായാട്ടിനിറങ്ങി കിന്നരരെ പിൻതുടർന്ന് ഒറ്റപ്പെട്ട് ഒരു പൊയ്കയിൽ എത്തിച്ചേർന്നു.അവിടെയുള്ള ശിവക്ഷേത്രത്തിൽ വ്രതനിഷ്ഠയിലിരിക്കുന്ന യുവതിയെ കണ്ടു.ഗന്ധർവ്വരാജൻ ഹംസൻെറയും ഗൗരിയുടെയും മകളായ മഹാശ്വേതയാണ് ആ കുമാരി.
  സ്വർഗ്ഗവാസിയായ മുനി ശ്വതകേതുവിനെ കണ്ടമാത്രയിൽ കാമാതുരയായ ലക്ഷീദേവിക്കുജനിച്ച കുമാരൻ പുണ്ഡരീകനെ അവിടെ കണ്ട മഹാശ്വേതക്കും കാമം അടക്കാനായില്ല. കാമപീഡിതനായ പുണ്ഡരീകന്റെ സന്ദേശവുമായെത്തിയ കപിഞ്ജലന് മറുപടി കിട്ടുംമുമ്പേ പോകേണ്ടിവന്നു. രാത്രിയിൽ പുണ്ഡരീകനെ തേടിയിറങ്ങിയ മഹാശ്വേത എത്തുംമുന്നേ അവൻ മരിച്ചു. കൂടെ മരിക്കാനുറച്ച അവളെ സ്വർഗ്ഗത്തിൽ നിന്നെത്തിയ ഒരാൾ ഉടനെ യോഗം ഉണ്ടാവുമെന്നാശ്വസിപ്പിച്ച് മൃതദേഹവുമാശി ഉയർന്നുപോയി.
   ആമൃതിൽനിന്നും ഉദ്ഭവിച്ച അപ്സരവംശകന്യ മദിരക്ക് ഗന്ധർവ്വരാജനായ ചിത്രരഥനിലുണ്ടായ കുമാരിയാണ് കാദംബരി, മഹാശ്വേതയുടെ ഉറ്റതോഴി.കൂട്ടുകാരി വിവാഹിതയാവാതെ താൻ വിവാഹം കഴിക്കില്ല എന്നതീരുമാനത്തിലാണവൾ. കാദംബരിയെ അനുനയിപ്പിക്കാൻ മഹാശ്വേത ചന്ദ്രാപീഡനൊപ്പം ഹേമകൂടത്തിൽ ചെന്ന് ഗന്ധർവ്വരാജധാനിയിലേക്കുപോയി. കാദംബരിയെ കണ്ടു. ഇരുവരും പ്രണയത്തിലായി.തിരികെസേനയോടൊപ്പം ചേർന്നപ്പൊഴേക്കും കാദംബരിയുടെ സന്ദേശം എത്തി. തിരികെച്ചെന്ന് സംസാരിച്ച് പത്രലേഖയെയും ഏൽപ്പിച്ചു.
  തിരികെ കൊട്ടാരത്തിലെത്തിയ ചന്ദ്രാപീഡന് താമസിയാതെ പത്രലേഖവഴി കാദംബരിയുടെ പ്രണയപീഡിതാവസ്ഥ വ്യക്തമാകപ്പെട്ടു.

     നെടുനെടുങ്കൻ വർണ്ണനകളാൽ സമൃദ്ധമാണ് ഈ കഥ. ഇത്രഭാഗമേ ബാണഭട്ടൻ എഴുതിയിട്ടുള്ളു. കാലം ചേർത്ത പൂർണ്ണവിരാമം മായ്ച്ച് ബാക്കിയുള്ള കഥ രചിച്ചത് അദ്ദേഹത്തിന്റെ മകൻ ഭൂഷണഭട്ടനാണെന്നാണ് വിശ്വാസം.
(ബാണഭട്ടൻ ഉത്തരഭാരതത്തിൽ ശോണ നദീതീരത്തെ പ്രീതി കൂടത്തിൽ ജനിച്ചു. പല കവികൾക്കും പണ്ഡിതന്മാർക്കും ജന്മംനൽകിയ വത്സ ഗോത്രത്തിൽപ്പെട്ട ബാണഭട്ടൻറെ പിതാവ് ചിത്രഭാനുവും മാതാവ് രാജ ദേവിയും ആയിരുന്നു.  ബാല്യത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാണഭട്ടൻ സ്നേഹിതൻ മാരെയും കൂട്ടി ദേശാടനത്തിന് ഇറങ്ങി. യാത്രയിൽ നടനായും കഥാപ്രസംഗകനായും നാട്യ മണ്ഡലിയുടെ നേതാവായും കഴിഞ്ഞു. അറിവും അനുഭവസമ്പത്തും നേടി. സംസ്കൃതത്തിലെ ഏതു മഹാകാവ്യത്തോടും കിട നിൽക്കുന്ന ഗദ്യകാവ്യം 'കാദംബരി'യാണ് പ്രധാനകൃതി .ലോക സാഹിത്യത്തിലെ ആദ്യത്തെ നോവലാണിത്. ഗുണാഢ്യൻെറ ബ്രഹത് കഥയിലെ ഒരു കഥയെ ആധാരമാക്കിയാണ് കാദംബരി യുടെ രചന രത്നാവലി, പ്രിയദർശിക, നാഗാനന്ദം, ചണ്ഡിശതകം എന്നിവയാണ് മറ്റു കൃതികൾ.)

  കാദംബരി-ഉത്തരഭാഗം

  ചന്ദ്രാപീഡനും വൈശമ്പായനനും ശാപംകിട്ടാനുണ്ടായ കഥകൾ വിവരിച്ച് ഈ തത്ത വൈശമ്പായനൻ ആണെന്നറിയിക്കുന്നു. തന്റെ പൂർവ്വജന്മവൃത്താന്തമൊക്കെ മനസ്സിലാക്കിയ തത്ത അവിടെനിന്നും രക്ഷപെട്ട് മഹാശ്വേതയെ അന്വഷിച്ച് യാത്രചെയ്യുന്നതിനിടയിൽ ഒരു ചണ്ഡാലിയുടെ പിടിയിലായി. അത് ലക്ഷ്മി തന്നെയായിരുന്നു. നാളുകൾക്കുശേഷം ശാപമോക്ഷം ലഭിച്ച അവരെല്ലാം സ്വന്തം ഭാര്യമാരോടൊപ്പം സുഖമായി ജീവിച്ചു.കഥ കേൾക്കുന്ന ശൂദ്രക മഹാരാജാവുകൂടി പുനർജന്മകഥയിലെ കണ്ണിയാവുന്നതോടെ, നോവൽ പിന്തുടരുന്ന അവിശ്വസനീയതയുടെ  നിർവ്വഹണം അതിന് മകുടമാവുന്ന അത്ഭുതരസത്തിലാണെന്ന ആഹ്ളാദം രസികജനഹൃദയങ്ങളിൽ ജനിക്കുന്നു.

 അച്ഛനെപ്പോലെ വർണ്ണനകളുടെ കൃഷ്ണവനങ്ങളിൽ അലയുന്നതല്ല  മകന്റെ പൂരണത്തിന്റെ ശൈലി.  ശാപങ്ങളുടെയും, പുനർജന്മങ്ങളുടെയും,അത്ഭുതങ്ങളുടെയും ഒട്ടുവളരെ മുഹൂർത്തങ്ങളിലൂടെ;  സാഗരസമീപസമതലത്തിലൂടെ മന്ദമായൊഴുകുന്ന നദിപോലെ കൈവഴിപിരിഞ്ഞും ചേർന്നും ഒഴുകി നിറയുകയാണത്.
ഇടക്കിടെ ചിലവർണ്ണനകൾ
ബാണഭട്ടനെ ഓർക്കാനെന്നവിധം ചേർക്കാതെയുമില്ല.

രതീഷ് കുമാർ
26/12/19

🌾🌾🌾🌾🌾🌾