27-01-20b

📚📚📚📚📚📚

തുടിക്കുന്ന താളുകൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള

ഇന്ത്യ ബുക്സ്
പേജ്130
വില 100

ചങ്ങമ്പുഴക്ക് ഒരു മോഹമുണ്ടായിരുന്നു. സ്വരരാഗസുധ എന്നപേരിൽ ഇടപ്പള്ളിയിൽ ഒരു പുസ്തകപ്രസാധനശാല തുടങ്ങണമെന്ന്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീദേവി ആ മോഹം സാധിതപ്രായമാക്കി. അവരുടെ ആദ്യ പുസ്തകം ചങ്ങമ്പുഴയുടെ അപൂർണ്ണമായ ആത്മകഥയായ 'തുടിക്കുന്നതാളുകൾ' ആയിരുന്നു. ഏതാനും പുസ്തകങ്ങൾ അച്ചടിച്ചിറക്കിയെങ്കിലും സ്ഥാപനത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
  "അപൂർണ്ണമെങ്കിലും ആത്മാർത്ഥതയും സത്യസന്ധതയും തുളുമ്പിനിൽക്കുന്ന ആത്മകഥയും, അദ്ദേഹത്തിൻറെ ഡയറികുറിപ്പുകളിൽ ചിലതും, കവിതയുടെ കൈയ്യെഴുത്തു മാതൃകകളും മറ്റും ചേർന്നതാണ്  ഈ തുടിക്കുന്ന താളുകൾ. ഒരുപക്ഷേ പക്ഷേ മലയാളത്തിൽ ഇതിൽ ഇദംപ്രഥമമായിട്ടായായിരിക്കും ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്" എന്നാണ് മുഖവുരയിൽ ശ്രീദേവി ചങ്ങമ്പുഴകുറിക്കുന്നത്. ആത്മകഥയുടെ കാര്യത്തിൽ അത് പൂർണ്ണമായും ശരിയുമാണ്

ചങ്ങമ്പുഴയുടെ അച്ഛൻ, ചെറുപ്പത്തിലെ കളികൂട്ടുകാരി, ദേവി, ഭാര്യ, തന്നെ കവിതവഴിയിൽ കൈപിടിച്ചു നടത്തിയ കരുണാകരമേനോൻ, തൻറെ കളിക്കൂട്ടുകാർ  എന്നിവരൊക്കെയാണ് ഈ താളുകളിൽ തുടിക്കുന്നത്.

      ഇടപ്പള്ളി രാജാവിൻറെ അജയ്യനായ സേനാനായകനായി പരിശോഭിച്ച് അവസാനം ആത്മഹത്യ കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അദൃഷ്ടനായ രണശൂരൻ മാർത്താണ്ഡപ്പണിക്കരിൽ ആരംഭിച്ച     ചങ്ങമ്പുഴത്തറവാട് തലമുറ മാറിമാറി തന്റെ യുവതയിലെത്തിയപ്പോഴേക്കും ദാരിദ്ര്യത്തിലെത്തിയിരുന്നു എന്ന് കവി വിശദീകരിക്കുന്നു. സ്വപിതാവിന്റെ മരണത്തോടെയാണ് ദാരിദ്ര്യം കടന്നുവന്നത്!.
    കളിച്ചു നടക്കാനും ആഹ്ലാദിക്കാനും തീരെ അനുവദിക്കാത്ത പട്ടാളച്ചിട്ടക്കാരൻ ആയിരുന്നു അച്ഛൻ. തനിക്ക് പത്തുവയസ്സ് പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു എന്നും അത് തന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു എന്നും കവി തുറന്നു പറയുന്നു. (കൊല്ലം 1100ൽ പിതാവ് മരിക്കുമ്പോൾ ചങ്ങമ്പുഴക്ക്13വയസെന്ന് അനുജൻ പ്രഭാകരൻ) അദ്ദേഹത്തിൻറെ  പരസ്ത്രീ ബന്ധങ്ങളുടെ കഥ  രഹസ്യമായിരുന്നില്ല. ഒരിക്കൽ ഏഴോ എട്ടോ വയസ്സുള്ള ചങ്ങമ്പുഴയും കൂട്ടി കൊച്ചിയിലുള്ള ഒരു വേശ്യാ ഗൃഹത്തിൽ പോയതിൻറെ അനുഭവം അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്. അമ്മപ്രസവിച്ച ആറുപേരിൽ ഇളയമകൻ പ്രഭാകരൻ മാത്രമേ ഇതെഴുതുന്നകാലത്ത് ജീവിച്ചിരുന്നുള്ളൂ. കൊച്ചിയിലുള്ള അച്ഛൻറെ വീട്ടിൽ ഇടയ്ക്കു പോകാറുണ്ട്. അച്ഛൻറെ അനന്തരവൾ പൊന്നുവിനെ തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് പറഞ്ഞിരുന്നതായി കവി വിചാരിക്കുന്നു .

തൃശൂരിനും ഇരിങ്ങാലക്കുടയ്കും ഇടയിലുള്ള പെരുമനം എന്ന സ്ഥലത്ത് അച്ഛന് ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം അവിടുത്തെ തിരുവള്ളിക്കാവിലാണ് ചങ്ങമ്പുഴയെ എഴുത്തിനിരുത്തിയത്. തലേദിവസം സ്നേഹിതന്റെ വീട്ടിലെത്തി. അദ്ദേഹത്തിന് ഒരു മകൾ  ഉണ്ട് . കഷ്ടിച്ച് 18 വയസ്സ് വരുന്ന അമ്മു.
വിദ്യാരംഭത്തിന് പീഡിക ആയത്  അമ്മുച്ചേച്ചി യുമായുള്ള രതിവൈകൃത  മായിരുന്നു. അന്നത് അവാച്യമായ ആനന്ദ അനുഭൂതിയായിരുന്നെങ്കിൽ സ്ത്രീകളോടുള്ള വിദ്വേഷത്തിന് ആദ്യ വിത്ത് വീണത് ഈ രതിവൈകൃത തരത്തിലായിരുന്നു എന്ന് അപഗ്രഥിച്ച് അറിയുന്നുണ്ട് കവി.

  "ഞാനും എൻറെ കളിത്തോഴി ആയ കൊച്ചമ്മുവുമൊത്തുചേർന്ന് മധുരമായ ശൈശവകാലം ഏതാണ്ട് ഒരു 'മധുവിധു' ആയി തന്നെ കഴിച്ചുകൂട്ടി"എന്ന്പറയുന്നതിലെ കൊച്ചമ്മു ഈ അമ്മുച്ചേച്ചി ആയിരിക്കില്ല.ഗോസായിച്ചാവടിയുടെ അടുത്ത്, മാറങ്കുളത്തിനു തെക്കുള്ള വീട്ടിലെ കൂട്ടുകാരിയാവും. കളിമ്പംനിറഞ്ഞ കുട്ടിക്കാലം അവതരിപ്പിക്കുന്നു. അന്നൊരുനാളിൽ മന്തൻകാലൻകളി കയ്യാങ്കളിയായതും എതിർകക്ഷിനേതാവ് ആത്മസുഹൃത്തായ ശങ്കരപ്പിള്ളക്ക് കണക്കിനുകൊടുത്തതും, അവന്റെ പ്രതികാരം പരാതിയായി അമ്മയുടെ അടുത്തെത്തിയതും, അമ്മയിൽ നിന്നും കണക്കറ്റുകിട്ടിയ പ്രഹരത്തിന്റെ സങ്കടം നെടുങ്കൻ കവിതയായതുമാണ്, കവിതയെഴുത്തിന്റെ പ്രചോദനത്തെപ്പറ്റി ഈ പുസ്തകത്തിൽ കാര്യമായി പരാമർശിക്കുന്ന സംഭവം.

   കേസരിപാലസ്  എന്ന് പുത്തൻ പേരിട്ട കോശേരിമാളികയിൽ താമസിച്ചിരുന്ന ശ്രീ.പി.കെ.കരുണാകര മേനോൻ (കുറ്റവുംശിക്ഷയും പരിഭാഷകൻ )നടത്തിയ രചനാമത്സരത്തിൽ ചങ്ങമ്പുഴ പദ്യത്തിലെഴുതിയ പ്രഭാതവർണ്ണന സമ്മാനിതമായി. ഗണപതീക്ഷേത്രത്തിലെ അപ്പം ഇനാമും. അപ്പത്തിനായി പിന്നെ എത്രയോ എഴുതി അദ്ദേഹത്തെ കാണിച്ചു. അപ്പവും പ്രോത്സാഹനവും ധാരാളം കിട്ടുകയും ചെയ്തു. കുട്ടികളുടെസാഹിത്യസദസിന്റെ സെക്രട്ടറി മിനിറ്റ്സ് വായിക്കാൻ കോണകമാത്രധാരിയായി പോയ കഥ രസകരം എന്നതിനേക്കാൾ കവിക്ക് സാഹിത്യത്തോടുള്ള താത്പര്യത്തിന് നിദർശനമാണ്. രസികരസായനമെന്ന സരസ കാവ്യകർത്താവ് ബ്രഹ്മശ്രീ വിളക്കുടി മധുസൂദനൻ ഭട്ടതിരിപ്പാട് ചങ്ങമ്പുഴയുടെ പാറിപ്പോയ പൈങ്കിളി എന്ന കവിതവായിച്ച്  വളരെയേറെ പ്രശംസിച്ചു. ഇതും ചങ്ങമ്പുഴയെ കവിതയിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇംഗ്ലീഷ് സ്കൂളിൽ പ്രിപ്പോർട്ടറി ക്ലാസിൽ ചേർന്ന കാലത്ത്  ശ്രീ ഇടപ്പള്ളി രാഘവൻപിള്ള അതേസ്കൂളിൽ രണ്ടാം ഫോറത്തിൽ പഠിക്കുകയാണ് .ഇരുവരും  കവിതക്കാരും. ഇടപ്പള്ളിക്ക് ചങ്ങമ്പുഴ എന്ന മൈനറെ കവിയായി അംഗീകരിക്കാനായില്ല. പിന്നീട് രണ്ടുപേരും ഒരു ക്ലാസിൽ ആയപ്പോഴും കലഹം തുടർന്നുതന്നെ പോയി. തൻറെ സഹപാഠിയായ അമ്മുവിനെ വശ്യം നടത്താൻ പൈങ്ങയിൽ  നൂലട്ടയെ വച്ച് ആഭിചാരം ചെയ്തതും കവി അനുസ്മരിക്കുന്നു. സ്കൂളിനടുത്തുള്ള മരക്കൊമ്പിൽ കയറി രക്ഷപ്പെടാൻ ആവാതെ നിലവിളിച്ചത് മറ്റൊരു ബാല്യകാല അനുഭവം.
 ചില ഗുരുനാഥന്മാരെ കുറിച്ച് കാര്യമായി എഴുതിയിട്ടുണ്ട് .അതിൽ അധ്യാപകർ ഓർക്കേണ്ട ഒരു ആളുണ്ട്
കവി എഴുതുന്നു :"എന്നെ ഏറ്റവും അബദ്ധങ്ങൾ പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപകൻ മിഡിൽ സ്കൂളിൽ ഉണ്ടായിരുന്നു. പാവപ്പെട്ട  കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുമ്പോൾ അബദ്ധജടിലവും ആർഭാടവികടവുമായ ഗീർവാണം ഇത്രത്തോളം വച്ചു കാച്ചുന്ന അധ്യാപകൻമാർ വേറെ ഉണ്ടെന്നു തോന്നുന്നില്ല". മേഘനിർബ്ബിഡിതമായ ആകാശം, പരോപകാര ത്തിൻറെ ഇംഗ്ലീഷ് പദം അനാറ്റമി , ഇല്ലം എന്നുപറഞ്ഞാൽ  ഇല്ലനക്കരി അഥവാ പുകക്കരി.....
" നോക്കുക തനിക്ക് അറിഞ്ഞുകൂട എങ്കിൽ അറിഞ്ഞുകൂടാ എന്ന് സമ്മതിക്കാനുള്ള  ഹൃദയവിശാലതയില്ലായ്മ വരുത്തിക്കൂട്ടുന്ന കുഴപ്പങ്ങൾ .മനുഷ്യനെ 'വാണത്തിൽ കയറ്റി വിടുക' എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.  ഇങ്ങനെ അന്തസ്സാര ഹീനരായ അധ്യാപകവേതാളങ്ങളെ ആണ് അങ്ങനെ ചെയ്യേണ്ടത് .  അവരുടെ അജ്ഞതകൊണ്ട്  ലോകത്തിന് ഒരു ഉപദ്രവവും ഇല്ല . പക്ഷേ ആ അജ്ഞതയെ അവർ അബദ്ധം കൊണ്ട് ഗോപനം ചെയ്യുമ്പോൾ അത് ആപൽക്കരമായി തീരുന്നു.  ഘോഷയാത്ര ഓട്ടൻതുള്ളൽ പഠിപ്പിക്കുമ്പോൾ  നാഗകേതനൻ ശിവൻ അല്ല  ദുര്യോധനൻ ആണെന്ന് അറിയുവാനുള്ള വിജ്ഞാനം ഒരു ഹിന്ദുവായ അദ്ദേഹത്തിന് ഉണ്ടാകാതിരുന്നത് അല്ല; സന്ദർഭം കൊണ്ടെങ്കിലും ആലോചിച്ച് എടുക്കുവാനുള്ള നിസ്സാരമായ യുക്തി വൈഭവം എങ്കിലും അദ്ദേഹത്തിന് ഇല്ലാതെപോയതിൽ ആണ് എനിക്ക് അത്ഭുതം തോന്നുന്നത്".തന്നെ വളരെ പ്രചോദിപ്പിച്ച അദ്ധ്യാപകരെയാണ് അദ്ദേഹം കൂടുതൽ സ്മരിക്കുന്നത്.

   പ്രിയപ്പെട്ടദേവീ, എന്ന് സംബോധനചെയ്താണ് ഓർമ്മകൾ കുറിക്കുന്നത് .ഇത് ഭാര്യ ശ്രീദേവിയാകാം. "എൻറെ ആത്മാവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ദേവി പോലും യഥാർത്ഥത്തിലുള്ള എന്നെ പരിപൂർണ്ണമായി കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്  അതുകൊണ്ട് സത്യത്തെ മുൻനിർത്തി എൻറെ ജീവിതകഥ ഞാൻ ദേവിയെ അറിയിക്കുന്നു. കേട്ടു കൊള്ളൂ"  1119തുലാം16ആം തീയതി കവി ആദ്യമായി കണ്ട ദേവിയാണെന്നേ സാമാന്യബുദ്ധി സമ്മതിക്കുന്നുള്ളൂ എന്നുമാത്രം. ആ സമാഗമത്തിന്റെ ഒന്നാം വാർഷികത്തിനാണല്ലോ സ്പന്ദിക്കുന്ന അസ്ഥിമാടം വിരചിതമായത്.

രതീഷ് കുമാർ.
11-1-2020

🌾🌾🌾🌾🌾🌾