20-04-20

📚📚📚📚📚📚
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾🌾
എംടിയുടെ പെണ്ണുലകം -7
ഇന്ന് അവസാന ഭാഗം
അദ്ദേഹത്തിന്റെ
അവസാന(?)നോവൽ
വാരാണസി.
ഈ കുറിപ്പുകൾക്കുവേണ്ടി എല്ലാ പുസ്തകങ്ങളും വീണ്ടും വായിക്കേണ്ടി വന്നു.
അതാണ് ഏറ്റവും സന്തോഷം.
ചില പുസ്തകങ്ങൾ കിട്ടാൻ വിഷമിച്ചു.
സഹായിച്ചത് വളവന്നുർ പഞ്ചായത്ത് വായനശാലയിലെ ലൈബ്രേറിയൻ ആണ്.
എന്നെ നേരിട്ട് ഒരു പരിചയവും ഇല്ലെങ്കിലും,
  പുസ്തകങ്ങൾ കടം തന്ന അദ്ദേഹത്തോടുള്ള കടപ്പാട് വലുതാണ്.

ലൈബ്രറി മുഴുവൻ പരിശോധിക്കാനും,
ആടിന്റെ വിരുന്ന് കണ്ടപ്പോൾ ഉണ്ടായ ആക്രാന്തം അനുവദിച്ചുതരാനും സന്മനസ്സുകിട്ടിയ സന്മതിയുടെ പേര് ഓർക്കുന്നില്ല എന്നത് വലിയ പിഴ.
വാരാണസിയും അദ്ദേഹത്തിന്റെ ദാനമാണ്.
🌾🌾🌾🌾📚📚
📚📚📚📚📚📚📚
വാരാണസി
എം ടി വാസുദേവൻ നായർ

കറൻറ് ബുക്സ് തൃശൂർ
പേജ് 180

മരണ രഹസ്യത്തിലേക്ക്  മിഴി തുറക്കുന്ന നോവലാണ്  വാരാണസി. ക്ഷണത്തിൽ  അവസാനിക്കുന്ന  സുഖഭോഗങ്ങളിൽ നിന്ന് മനുഷ്യനെ  മുഖം തീരിപ്പിക്കുന്ന മരണമുഖത്ത് എത്തിനിൽക്കുന്ന മനുഷ്യൻ ഒരു പുതു ജീവിയാകുന്നു. കാമങ്ങൾ എല്ലാം വെടിഞ്ഞ് സ്വാതന്ത്ര്യത്തിലേക്ക് സഞ്ചാരം തുടങ്ങുന്ന വാർധക്യത്തിന് മനുഷ്യനിൽ വരുത്താൻ കഴിയുന്ന രാസപരിണാമത്തിൻറെ ആഖ്യാനം ആണിത്. കഠോപനിഷത്തിലെ നചികേതസിന്റെ പുതുപതിപ്പാവുന്ന ജന്മങ്ങളും കുറ്റിയറ്റ് പോവില്ലെന്ന തിരിച്ചറിവാണ് വാരാണസി വായനക്കാരന് നൽകുന്നത്.

      ഫ്ലാഷ് ബാക്കും ഉപാഖ്യാനങ്ങളുമായി ഇഴപിരിച്ചുചേർത്ത ഒരു ജീവിതത്തിന്റെ കഥ സമഗ്രത നേടുന്നത് സ്വഭാവികമായും പല ജീവിതങ്ങളുടെ ചെറുതും വലുതുമായ ഒട്ടേറെ ജീവിത സന്ദർഭങ്ങളുടെ ചേർച്ചകൊണ്ടാവണമല്ലോ. ആഖ്യാനരീതിയുടെ ഈ ഒരു പ്രത്യേകത വായനയിൽ അവധാനത ആവശ്യപ്പെടുന്നു. ഒരു നേർരേഖയിലേക്ക് ഇതിനെയൊന്ന് പറിച്ചുനട്ടാലേ വ്യക്തതയുണ്ടാവൂ. ആയതിനാൽ സുധാകരന്റെ കഥ ഒന്ന് അടുക്കിപ്പറയാം.
  
 ഷോർണൂറിന് അടുത്തുള്ള വാടാനംകുറിശ്ശി ഗ്രാമത്തിലാണ് വിശാഖം നക്ഷത്രക്കാരനായ സുധാകരൻ ജനിച്ചത്.(പൊതുവേ കൂടല്ലൂരിലെ നായന്മാരാണ് എംടിയുടെ കഥാനായകൻ. പക്ഷേ ഇവിടെ പേരിൽ നായർ  സൂചനയില്ല. അമ്മവഴിയുള്ള ദായക്രമമാണ് അമ്മാവൻറെ ഭാര്യവീട്ടിലുള്ളത്  എന്ന് പറയുകയും ചെയ്യുന്നു.) കോളേജിൽ പഠിക്കാൻ  ആയി നഗരത്തിലുള്ള അമ്മാവൻറെ ഭാര്യവീട്ടിൽ എത്തുന്നു. അവിടെ നിന്ന് ജോലി അന്വേഷിച്ചു ബോംബെയിൽ എത്തുന്നു.പിന്നെ ബാംഗ്ലൂർ. പിന്നീട് ഉപരിപഠനത്തിന് വാരണാസിയിലും. യുനെസ്കോയുടെ സ്കോളർഷിപ്പ് കിട്ടി പാരീസിൽ എത്തുന്നത്  പിന്നീട് ഒമ്പത് വർഷം കഴിഞ്ഞാണ്.  ശ്രീനിവാസൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടത് ആഘോഷിക്കാൻ വാരാണസിയിൽ സുഹൃത്തുക്കളുടെ  സംഗമം  നടത്തുമ്പോൾ  അവസാനം അവിടെ വീണ്ടുമെത്തുന്നു.
ഇതിനിടയിൽ വന്നു പോകുന്നവരാണ് മറ്റു കഥാപാത്രങ്ങൾ എല്ലാം. സ്ത്രീകഥാപാത്രങ്ങളെ മാത്രം ഒന്ന് അവലോകനം ചെയ്യാം.

തന്നെ പറ്റിച്ച കാമുകന് വിവാഹദിവസം പണികൊടുത്ത നാണിക്ക് ഇരുപത്തഞ്ചിനടുത്താണ് പ്രായം. ഒരു സഹായിയായി സുധാകരന്റെ വീട്ടിൽ കഴിയുന്നു. നാണമില്ലാത്ത നാണിയിൽനിന്നും രക്ഷപ്പെടാൻ പത്തു പതിനൊന്നു വയസുള്ള സുധാകരൻ ഇരുട്ടായാൽ അവരുടെ കയ്യെത്തും ദൂരത്ത് നിന്നും ഒഴിഞ്ഞു നിൽക്കും.
     നഗരത്തിലെ കോളേജിൽ പഠിക്കാൻ സൗകര്യത്തിനാണ് അമ്മാവൻറെ ഭാര്യവീട്ടിൽ എത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മായിയുടെ  അനുജത്തിയുടെ  മകളും അതേ ആവശ്യത്തിന് അവിടെയെത്തി. പ്രണയിക്കുന്ന യുവാക്കൾ  കാമുകിയുടെ ശരീരത്തെ കാമത്തോടെ കാണാത്തത് കൊണ്ട് മാത്രമാണ് അവൾ ചാരിത്ര്യവതിയായി ഇരിക്കുന്നത്. അവളെ(സൗദാമിനി) വിവാഹം കഴിച്ച് ,മുറച്ചെറുക്കനിൽനിന്നു രക്ഷിക്കാൻ അമ്മായി പണം നൽകി നിർബന്ധിച്ച് യാത്ര അയച്ചതുകൊണ്ടാണ് സുധാകരൻ ബോംബെയിൽ എത്തിയത്. എക്സ്പോർട്ട് ഓർഡർ സ്ഥാപനങ്ങളുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ജെ ആൻഡ് ജെ ട്രേഡിങ് കമ്പനിയിൽ ഫയലിംഗ് ക്ലർക്കായി നിയമിതനായി. ഓഫീസ് സൂപ്രണ്ട് പ്രഭുവാണ്  എൽ എൽ ബി എടുക്കാൻ നിർദേശിച്ചത് . അതിനെക്കുറിച്ച് കൂടുതലറിയാൻ കൃഷ്ണൻകുട്ടിയുടെ മകൾ ഗീതയെ പരിചയപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം മുറിയിലെത്തിയ അവൾ അടുക്കും ചിട്ടയും ഇല്ലാത്ത മുറി വൃത്തിയാക്കി. പ്രതിഫലമായി ആവശ്യപ്പെട്ടത്  ഒരു ചുംബനം. അത്  സംഗമായി. അവളുടെയും അവന്റെയും ആദ്യസംഗം. ഗർഭിണിയായ അവളെ വിവാഹം കഴിക്കാൻ  വീട്ടുകാർ  നിർബന്ധിച്ചപ്പോൾ ഒരു ഒളിച്ചോട്ടം. ആദ്യം അജന്തയിൽ ഒരു ദിവസം. പിന്നെ ബാംഗ്ലൂരിലെത്തി ഡെക്കാൻ ഹെറാൾഡ് പ്രൂഫ് റീഡറുടെ ജോലി ലഭിച്ചു. കുട്ടിയെ സംരക്ഷിച്ച് നഗരത്തിൽ താമസിക്കുന്ന ഗീത വിലാസം കണ്ടെത്തി  കത്തയയ്ക്കുന്നതോടെ സുധാകരൻ ആ നഗരവും വിട്ടു.
വാരാണസിയിൽ വച്ചാണ് സുമിത നാഗ്പാലിനെ കാണുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഗെയിംസ് പ്യൂണിനെ പ്രണയിച്ച് ഒളിച്ചോടിയ പാവംഭ്രാന്തി. പോലീസ് കണ്ടെത്തിയതോടെ അത് അവിടെ കഴിഞ്ഞു കന്യകാത്വം പരിശോധിച്ച് വീട്ടുകാരും സന്തുഷ്ടർ. കലമേറെക്കഴിഞ്ഞു. അവരിരുവരും വാരാണസി മുഴുവനും  ഒരുമിച്ച്  കറങ്ങിനടന്നു.
കാമുകൻ ഉപേക്ഷിച്ചതിൻറെ വിഷമം ഒരു പിറന്നാൾ ആഘോഷത്തിൽ കള്ളുകുടിച്ച്  അവസാനിപ്പിക്കാൻ  ശ്രമിച്ചപ്പോൾ ശരീരം ശർദ്ദിലിൽ കുഴഞ്ഞു. അവളെ വിവസ്ത്രയാക്കി വൃത്തിയാക്കിയത് സുധാകരൻ ആയിരുന്നു.
"അല്പം ഭ്രാന്ത് ഉള്ളതുകൊണ്ടല്ലേ സുധാകർ ഞാനിങ്ങനെ എന്റെ കൂടെ കിടക്കാൻ  നിന്നെ അനുവദിക്കുന്നത്"എന്നവൾ ഒരിക്കൽ ചോദിക്കുകയും ചെയ്തിരുന്നു. കുറേ കാലത്തിനുശേഷം സുമിതയെ വാരാണസിയിലെ കൽപ്പടവുകളിൽ വച്ച് കണ്ടുമുട്ടി. അവൾക്ക്  ചെരാത് വാങ്ങിക്കൊടുത്തതും സുധാകരനാണ്.
പക്ഷേ  അവൾ അയാളെ  തിരിച്ചറിഞ്ഞില്ല.
പാരീസിൽ എത്തിയ സുധാകരനെ പരിചരിച്ചത് മാഡെലിൻ എന്ന ഫ്രഞ്ചുകാരിയാണ്. ഇന്ത്യയിൽ വച്ച് അവർ പരിചയപ്പെട്ടിട്ടുണ്ടന്നേയുള്ളൂ. ദക്ഷിണേന്ത്യയിൽ താമസിക്കാനിഷ്ടപ്പെടുന്ന അവൾ  അപ്രതീക്ഷിതമായാണ് വിവാഹ വാഗ്ദാനം നൽകിയത്. വിവാഹം നടന്നു. മെഡേലിൻ മൃദുലയായി. അവരുടെ മകൻ ഹരിയും. ആ കമ്പം കഴിഞ്ഞപ്പോൾ അവൾ തിരികെ പോയി. മൃദുല മെഡേലിനായി, ഹരി ഹാരിസണും.

ശ്രീനിവാസൻ സാറിൻറെ  വീട്ടിൽ മകൾ റാണിയുടെ ആയ ആയെത്തിയ രുഗ്മിണി ഭാര്യയുമായി. അദ്ദേഹത്തിൻറെ മരണത്തിനുശേഷം സ്വത്ത് ദാനം ചെയ്ത വിൽപ്പത്രം കണ്ടതോടെ നിരാശയാവുന്നു.

അഞ്ച് സ്ത്രീകളുടെ ചിത്രങ്ങൾ അവതരിപ്പിച്ചു. ഇനി വിചാരണ, ഈ സ്ത്രീകളെക്കുറിച്ച് ഒരക്ഷരം പറയാനില്ല. എംടിയുടെ അവസാന നോവലിലെ പെൺകഥാപാത്രങ്ങളെ എടുത്തുകാട്ടുന്നതോടെ എല്ലാം  കൃത്യമാകുന്നു . പാതിരാവും പകൽ വെളിച്ചത്തിവും എന്ന   കൈക്കുറ്റപ്പാട് ഒഴിവിക്കിയാൽ എല്ലാ നോവലും സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ആഗ്രഹത്തിന്റെയോ പ്രതീക്ഷയുടെയോ വിശ്വാസത്തിന്റെയോ ആകെത്തുകയാണ്.

രതീഷ് കുമാർ
5-3-20
🌾🌾🌾🌾🌾🌾