20-01-20

📚📚📚📚📚📚📚
അദ്ധ്യായം ആറ്

അവിചാരിതമായ ഒരു തുടക്കം

ചങ്ങമ്പുഴയെ കൂട്ടി വാര്യർ സർ വായനശാലയിൽ എത്തിയപ്പോൾ പലരും നെറ്റിചുളിച്ചു .എങ്കിലും അദ്ദേഹത്തിൻറെ മാറ്റത്തിനൊപ്പം ആളുകളുടെ അഭിപ്രായവും മാറി . വാര്യർസാറിൻറെ വീട്ടിലെ താമസവും വായനയും സ്വന്തംവീട്ടിൽ കിടപ്പുമായി കഴിഞ്ഞ നാളുകൾ അദ്ദേഹത്തിലെ കവി പുതുജീവൻ ആർജ്ജിച്ചു. ഇടപ്പള്ളി സദസ്സിലെ സെക്രട്ടറി എന്ന നിലയിൽ കാര്യമായി പ്രവർത്തിക്കുന്നതിനോടൊപ്പം  സ്കൂളിൽ ചേർന്നു പഠിക്കുകയും, ഒമ്പതാം ക്ലാസ്സിൽ നല്ല മാർക്കോടെ പാസാക്കുകയും ചെയ്തു. സഭയുടെ വാർഷിക ആഘോഷം പ്രഗൽഭമായി നടത്തിയപ്പോൾ, ഇത്തിരിപ്പോന്ന ചെറുക്കനിൽ സർവാധികാര്യക്കാർ ആയ പുത്തേഴത്ത് രാമൻമേനോൻ തുടങ്ങിയവരുടെ പ്രശംസ ചൊരിയുന്നത് കണ്ടു നാട്ടുകാർക്ക് അസൂയ ഉണ്ടായി. യോഗാനന്തരം അവതരിപ്പിച്ച നന്ദിനി എന്ന നാടകം കലക്കാൻ ശ്രമമുണ്ടായി എങ്കിലും അത് നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു. ചങ്ങമ്പുഴയും ആ നാടകത്തിൽ അഭിനയിച്ചിരുന്നു. സാഹിത്യ പരിഷത്തിൽ ഇടപ്പള്ളി രാഘവൻ പിള്ളയും അംഗമായിരുന്നു. ഇടപ്പള്ളി പ്രസ്ഥാനം എന്ന് ആദ്യമായി ഒരു കവിതാ പ്രസ്ഥാനത്തിന് പേരിട്ടത്  ആ യോഗത്തിൽ വച്ചായിരുന്നു. ഇതിനിടെ പബ്ലിക് പരീക്ഷയിൽ ഫീസ് അടക്കേണ്ട സമയം കഴിഞ്ഞിരുന്നു. ഒരുവിധം ഫീസ് അടക്കാൻ കഴിഞ്ഞെങ്കിലും പരീക്ഷയിൽ പരാജയപ്പെട്ടു. അക്കാലത്തെ പ്രശസ്തമായ ബി വി പ്രസ് മുഖേന ബാഷ്പാഞ്ജലി എന്ന കാവ്യസമാഹാരം പുറത്തിറക്കാൻ ഈ വി കൃഷ്ണപിള്ള സഹായിച്ചു. പുസ്തകത്തെ സഹൃദയ ലോകം വളരെ പുകഴ്ത്തി. പുസ്തകപ്രസാധനം പക്ഷേ കവിയും ഇവി യും തമ്മിലുള്ള പിണക്കത്തിന് കാരണമായി. പുസ്തക പ്രസാധനത്തിൽ കവിക്ക് പ്രതിഫലം കിട്ടിയില്ല എന്നതായിരുന്നു കാരണം. ഈ വി യുടെ അവസാന കാലം വരെ ഈ അകൽച്ച നിലനിന്നു. അവസാന നാളിൽ പശ്ചാത്താപ വിവശനായ കവി ഈ വി യെ ചെന്ന് കണ്ടതോടെയാണ് അകൽച്ച മാറിയത്.

     മഹാരാജാസ് കോളേജിൽ  വിദ്യാർത്ഥിയായി ചേർന്ന അദ്ദേഹം കവിയെന്ന പ്രശസ്തി ഉണ്ടായിരുന്നതൊഴിച്ചാൽ ഒരു സാധാരണ അനുരാഗലോലമാനസനായ വിദ്യാർത്ഥിയായി തന്നെ ജീവിച്ചു. ഇതിനിടെ 1935  ലെ മാതൃഭൂമി വിശേഷാൽ പ്രതിയിൽ  അടിച്ചുവന്ന മോഹിനി എന്ന കവിത സാഹിത്യലോകത്ത് ഒച്ചപ്പാടുണ്ടാക്കി. സഞ്ജയൻ  മോഹനൻ എന്ന പരിഹാസ കവിത ചമച്ച് വിശ്വരൂപത്തിൽ പ്രസിദ്ധീകരിച്ചു. മാരാരും മോഹിനിയെ എതിർത്തു. അതിൻറെ ഫലം ചങ്ങമ്പുഴ കൂടുതൽ പ്രസിദ്ധനാവുക എന്നതായിരുന്നു.
_________
അദ്ധ്യായം ഏഴ്

രമണൻ

ചങ്ങമ്പുഴക്കവിതകളോട് സഞ്ജയനുള്ള അമർഷം വീണ്ടും കവിതയായി പുറത്തുവന്നു. അതിനെ കവിത കൊണ്ട് തന്നെ ചങ്ങമ്പുഴയും നേരിട്ടു. (വികാസം,വികാസംഎന്ന കവിതക്ക് സഞ്ജയന്റെ പരിഹാസ മറുപടി പിരാന്ത്,പിരാന്ത്.ഇതഥിന് അതേനാണയത്തിലുള്ള മറുപടിയാണ് പിരാന്തൻ പിരാന്തൻ. ഈ കവിത ധനഞ്ജയൻ എന്ന പേരിലാണ് എഴുതിയത്) മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് എൽ വി രാമസ്വാമി അയ്യർ ചങ്ങമ്പുഴയുടെ പ്രതിഭ കണ്ടെത്തുകയും പാശ്ചാത്യ രാജ്യങ്ങളിലെ കവിതകളിലേക്ക് കൂടി കവിയുടെ മനസ്സ് തിരിച്ചുവിടുകയും ചെയ്തു. 1936 ജൂലൈയിൽ ഇടപ്പള്ളി ആത്മഹത്യ ചെയ്തപ്പോൾ  അദ്ദേഹം അതീവ അസ്വസ്ഥനായിരുന്നു. ആ  പ്രേമബന്ധത്തേപറ്റി, "നിസാരമായ പെണ്ണിനായി ജീവിതം തുലക്കരുത്" എന്ന ചങ്ങമ്പുഴ ഉപദേശിച്ചിരുന്നു. ഇടപ്പള്ളിയുടെ മരണത്തിന്റെ വ്യഥപൂണ്ട് അദ്ദേഹം 'തകർന്ന മുരളി' എഴുതി. അതിനുശേഷം കവിയിൽ ഏതോ വിഷമവിഷാദം  അവശേഷിക്കുന്നതായി തോന്നിയിരുന്നു. എൽ വി രാമസ്വാമി അയ്യർ പരിചയപ്പെടുത്തിയ പുതിയ "പാസ്റ്ററൽ  സറ്റയറിന്റെ" രീതിയിൽ രമണൻ എഴുതിയത് ഇതിനുശേഷമാണ്. ഇടപ്പള്ളിയുടെ മരണത്തിന് മുമ്പ് തന്നെ ഈ കവിത  എഴുതി തുടങ്ങിയതാണെന്ന് ചിലർ പറയുന്നുണ്ട് .
 ആരും പ്രസിദ്ധീകരിക്കാൻ ഇല്ലാത്ത  ഈ കവിത, ശ്രീ. എ കെ ഹമീദ് ആണ് അച്ചടിച്ചത്. ആലുംകടവ് പ്രകാശം പ്രസ്സിൽ പെട്ടെന്ന് അടിച്ചെടുത്ത് കവിതയ്ക്ക് പക്ഷേ വിൽപ്പന ഉണ്ടായില്ല.  ഒടുവിൽ കവിതന്നെ തൻറെ പുസ്തകം തിരുവനന്തപുരത്തെ  കോളേജുകളിലും മറ്റും ആയി വിറ്റഴിച്ചു.തന്നെ വിലമതിക്കുന്ന ആളുകൾ എത്രമാത്രമുണ്ടെന്ന് ആ യാത്രയിൽ അദ്ദേഹത്തിന് മനസ്സിലായി . ആറണവിലയിട്ട് അച്ചടിച്ച പുസ്തകം വിറ്റുതീർന്നെങ്കിലും കയ്യിൽ കാര്യമായി പണം ശേഷിച്ചില്ല. രമണൻ രണ്ടാംപതിപ്പ് ഇറക്കാൻ ആരും തയ്യാറാവാതിരുന്നത് കൊണ്ട്, രണ്ട് മൂന്ന് വർഷം കഴിഞ്ഞേ രണ്ടാം പതിപ്പ് ഉണ്ടായുള്ളൂ. മംഗളോദയം പ്രസിദ്ധീകരിച്ച ആ പതിപ്പ് ചൂടപ്പംപോലെ വിറ്റഴിഞ്ഞു. പിന്നെ തെരുതെരെ 15 പതിപ്പുകൾ ഇറങ്ങി.ഈ കവിത വായിച്ച് ഞാൻ ചന്ദ്രികയാവില്ല എന്നുപറഞ്ഞുകൊണ്ട്  അയച്ചുകിട്ടിയ ധാരാളം പ്രേമലേഖനങ്ങൾ അദ്ദേഹം കുറേ കാലം സൂക്ഷിച്ചുവച്ചിരുന്നു.  സാഹിത്യ സദസ്സിൽ ക്ഷണിക്കുവാൻ ചെന്നപ്പോൾ ജി ശങ്കരക്കുറുപ്പ് സമ്മാനിച്ച 'ആൻ ആന്തോളജി ഓഫ് വേൾഡ് പൊയട്രി' എന്ന പുസ്തകത്തിൽനിന്നും ധാരാളം അനുകരണരൂപങ്ങൾ മലയാളത്തിൽ പിറന്നുകൊണ്ടിരുന്നു. താൻ കാശ് കൊടുത്തു പോലും പ്രതികൂല അഭിപ്രായം എഴുതിക്കാം എന്നൊക്കെ ഒരു വിമർശകനോട് വീരവാദം പറഞ്ഞിരുന്നു എങ്കിലും, വിമർശനങ്ങളിൽ അദ്ദേഹം വല്ലാതെ അസഹിഷ്ണു ആയിരുന്നു.
നോട്ടെഴുത്ത്,
രതീഷ്കുമാർ.
5/7/92.
🌾🌾🌾🌾🌾🌾🌾