17-02-20


📚📚📚📚📚📚
ഹെമിംഗ്‌വേ ഒരു മുഖവുര
എം ടി

സഹൃദയ ബുക്സ്
പേജ് 74

പരിചയപ്പെട്ട പെൺകുട്ടികളെഎല്ലാം മോളേ എന്നുവിളിക്കുന്ന ഒരാളുണ്ടായിരുന്നു. ഒരുകപ്പൽയാത്രക്കിടയിൽ സുപ്രസിദ്ധ നടി മേരിലിൻ ഡിയട്രിയെ പരിചയപ്പെട്ടപ്പോൾ അവൾ പ്രത്യഭിവാദ്യം ചെയ്തത് പപ്പാ എന്നു വിളിച്ചാണ്. വിളി മറ്റുള്ളവരും ഏറ്റെടുത്തു. കത്തുകളിൽ അദ്ദേഹം പപ്പാ എന്നും pop(poor old Pappa)എന്നും എഴുതാൻ തുടങ്ങി. കരുത്തിന്റെയും സാഹസീകതയുടെയും പ്രതീരൂപമായ, നോബൽ ജേതാവ്, ഏണസ്റ്റ് ഹെമിങ്‌വേ യെ വളരെ ചുരുങ്ങിയ വാക്കുകളിൽ എം ടി പരിചയപ്പെടുത്തുന്നത് പരിചയപ്പെടാം.
  1928 ഡിസംബറിലെ ഒരു പ്രഭാതത്തിൽ ഒരു രോഗിയെ സന്ദർശിച്ച ശേഷം തിരിച്ചെത്തിയ ഡോ:എഡ്വേഡ് ഹെമിങ് വേ സ്വന്തം മുറിയിൽ കയറി, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത പിതാവിൻറെ 'സ്മിത് ആൻഡ് വെസൺ' റിവോൾവർ ഉപയോഗിച്ച്  ആത്മഹത്യ ചെയ്തു. പിതാവിൻറെ ആത്മഹത്യയോട് യാതൊരുതരത്തിലും പൊരുത്തപ്പെടാനാവാതെ ഇരുന്ന ഏണസ്റ്റ് ഹെമിങ് വേ, 1961 ജൂലൈ രണ്ടാം തീയതി പ്രഭാതത്തിൽ, ഉള്ളിൽ വെള്ളപൂശിയ ഇരട്ടക്കുഴൽ തോക്ക് തൻറെ വായ്ക്കുള്ളിൽ ചെലുത്തി, കാഞ്ചി വലിച്ചു. ആ മരണത്തെക്കുറിച്ച് ലോകം പറഞ്ഞത് : "അദ്ദേഹം തനിക്ക് തോന്നിയത് പോലെ വേട്ടയാടി, തോന്നിയതുപോലെ പ്രേമിച്ചു, തോന്നിയത് പോലെ ജീവിച്ചു, തോന്നിയതുപോലെ മരിക്കുകയും ചെയ്തു" എന്നായിരുന്നു.

അദ്ദേഹത്തിൻറെ മരണത്തിൽ സ്പെയിനിലെയും മെക്സിക്കോവിലെയും കാളപ്പോരിന്റെ അരങ്ങുകൾ നടുങ്ങി, കടലോര മീൻപിടുത്തക്കാരും, ഇറ്റാലിയൻ നഗരങ്ങളിലെ അധോലോക കഥാപാത്രങ്ങളും, പത്രപ്രവർത്തകരും, നടീനടന്മാരും, പെൺകുട്ടികളും, എല്ലാം ആ ദുഃഖത്തിൽ പങ്കു കൊണ്ടവരാണ്. താൻ എഴുതിയ കഥകളെയും നോവലുകളെയുംകാൾ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ജീവിതം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഥാപാത്രം റോബർട്ട് കോഹനോ, ലഫ്റ്റനൻറ് ഹെൻട്രിയോ, റോബർട്ട് ജോർഡാനോ, ഹരി മോർഗനോ, കിഴവൻ  സാന്റിയാഗോവോ അല്ല, ഏണസ്റ്റ് ഹെമിങ്‌വേ തന്നെയായിരുന്നു.

  ഹെമിങ് വേ കുടുംബത്തിലെ മൂത്ത ആൺകുട്ടിയായി 1899 ജൂലൈ 21ന് ഏണസ്റ് മില്ലർ ഹെമിംഗ്‌വേ ജനിച്ചു. മകനെ ഡോക്ടർ ആക്കണം എന്ന് ആഗ്രഹിച്ച, ശക്തനും കണിശക്കാരനുമായ  പ്രസിദ്ധ ഡോക്ടറുടെയും, മകനെ ഗായകനാകാൻ ഞാൻ ആഗ്രഹിച്ച അമ്മയുടെയും മകൻ- രണ്ടുപേരുടെയും സ്വാധീനശക്തിക്ക് വശപ്പെട്ടില്ല. പ്രായത്തെക്കാൾ വളർച്ചയും തടിമിടുക്കുള്ള ഉള്ള മകന് പത്താം പിറന്നാളിന്  അച്ഛൻ സമ്മാനിച്ചത് ഒരു തോക്കാണ്. 14 വയസ്സിൽ  ബോക്സിങ് പരിശീലനം ആരംഭിച്ചു. തൊട്ടടുത്ത വർഷത്തിൽ  ബോക്സിംഗിനിടയിൽ  ഒരു കണ്ണിന് സാരമായി പരിക്കേറ്റത് ആയുഷ്ക്കാലം മുഴുവനും കാഴ്ചക്കുറവിന് കാരണമായി. ബോക്സിങ്ങും ഫുട്ബോളും മീൻപിടുത്തവും സാഹസികതയുടെതായ മറ്റ് എല്ലാ രംഗങ്ങളും കൂടാതെ,  സ്വന്തമായ ഒരു ചെറിയ ലോകം ഉണ്ടായിരുന്നു, പുസ്തകങ്ങളുടെ സ്വകാര്യ ലോകം. 1917 ൽ സ്കൂൾ മാസികയിൽ അടിച്ചു വന്ന  'സെപി ജിൻഗൻ' ആയിരിക്കണം  അച്ചടിമഷി പുരണ്ട ആദ്യത്തെ കഥ. 1917 കാൻസാസ് സിറ്റി സ്റ്റാർ എന്ന പത്രത്തിൽ ജോലി ലഭിച്ചു. 1918 മെയ് മാസത്തിൽ പാരീസിലെ യുദ്ധഭൂമിയിൽ പത്രറിപ്പോർട്ടറിയി എത്തി. 1918 ജൂലൈ 18ന് ആസ്ട്രിയൻ സൈന്യത്തിന്റെ മുന്നേറ്റം നിരീക്ഷിക്കുന്ന പട്ടാളക്കാർക്കുനേരെ വന്ന മോട്ടോർ ഷെൽ ബോംബിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പരിക്കുപറ്റിയ പട്ടാളക്കാരനെ മുതുകിൽ ചുവന്ന് പിന്നിലെ കിടങ്ങിലേക്ക് എത്തിക്കവേ ഒരു വെടിയുണ്ട കാൽമുട്ടിലും മറ്റൊന്ന് ഞെരിയാണിയിലും തറച്ചുകയറി.കിടങ്ങിൽ ചെന്നുവീണപ്പോഴേക്കും ബോധം  നശിച്ചിരുന്നു. വെടിയുണ്ടകൾക്കു പുറമേ അര ഇഞ്ച് വലുപ്പമുള്ള 237 ഇരുമ്പു കഷണങ്ങളാണ് ഹെമിങ്‌വേയുടെ ശരീരത്തിൽ പ്രവേശിപ്പിച്ചിരുന്നത്. മൂന്നുമാസത്തിനുശേഷം ഒട്ടിച്ചുചേർത്ത എല്ലുകളും കാൽമുട്ടിന് ഒരു അലുമിനിയം ചിരട്ടയുമായി ആസ്പത്രിയിൽ നിന്നും പുറത്തുവന്നു.

    ഏതാണ്ട് 22 വയസ്സ് പ്രായമുള്ള ഹെമിങ് വെയെക്കുറിച്ച് സാഹിത്യ ചരിത്രകാരൻമാർ പറയുന്നത് ഇതാണ് :
"യൂറോപ് ആയിരുന്നു ഹെമിങ്‌വേയുടെ വിദ്യാലയം , പാരീസ് വീടും സ്പെയിൻ കാമുകിയും ആയിരുന്നു"
       1926ൽ ആദ്യനോവൽ 'വസന്തപ്രവാഹങ്ങൾ'പ്രസിദ്ധീകരിച്ചു. പാരീസിൽ വച്ച് പരിചയപ്പെട്ട സാഹിത്യ ലോകമാണ് അതിൽ അവതരിപ്പിച്ചത്. തങ്ങളുടെ ശീലക്കേടുകൾ പർവ്വതീകരിച്ചുവെന്നാരോപിച്ച് സകലരും അദ്ദേഹത്തെ വെറുത്തു. 1926ൽ അമേരിക്കയിൽ വച്ച് 'സൂര്യനും ഉദിക്കുന്നു'പ്രസിദ്ധീകരിച്ചതോടെ കഥ മാറി. യുവാക്കൾ അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും അനുകരിക്കുന്ന നിലവന്നു. ഇതിനിടെ ഹാഡ്ലിയുമായി പിരിയുകയും പോളിൻ ഫീഫറെ (വോഗ് മാസികയുടെ പാരീസ് ലേഖിക )വിവാഹം കഴിക്കുകയും ചെയ്തു. അമേരിക്കയിൽ തിരികെ വന്ന് ഫ്ലോറിഡയിലെ
കീ വെസ്റ്റിൽ താമസമായി.1928ൽ പോളിൻന് ആൺകുട്ടിപിറന്ന വർഷത്തിലാണ് പിതാവ് ആത്മഹത്യ ചെയ്തത്.

  കീ വെസ്റ്റിലെ താമസത്തിനിടയിൽ 468റാത്തൽ തൂക്കമുള്ള മാർളിൻ മത്സ്യത്തെ ചൂണ്ടയാൽ പിടിച്ചതിന്റെ റിക്കാർഡ് ഇന്നും തകർന്നിട്ടില്ല! നഗരങ്ങളിലെ മീൻപിടുത്തമത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു അദ്ദേഹം.
സ്പാനിഷ് യുദ്ധഭൂമിയിലേക്ക് തിരിച്ചതോടെ അകൽച്ചയിലായിരുന്ന രണ്ടാം ഭാര്യയെ പിരിയുകയും, കോളിയേഴ്സ് മാസികയുടെ യുദ്ധലേഖിക മാർത്ത ഹെൽഗോണിനെ വിവാഹം കഴിക്കുകയും ചെയ്തു.
     ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഏകാധിപതി  ആയതോടെ അദ്ദേഹത്തോടുള്ള സൗഹൃദം അവസാനിപ്പിച്ചു.
  പേൾ ഹാർബർ ആക്രമണം അദ്ദേഹത്തെ നാവികസേനയിൽ എത്തിച്ചു. മരണത്തെ വകവയ്ക്കാതെ നാസി മുങ്ങിക്കപ്പലുകൾ തേടി കരീബിയൻ കടലിൽ 'പൈലർ'ൽ തെരച്ചിൽ നടത്തുകയും അത്തരമൊന്ന് കണ്ടെത്തുകയും ചെയ്തു.
1944ൽ യുദ്ധലേഖകനായി ഇംഗ്ലണ്ടിലെത്തി. മുന്നണിപ്പോരാട്ടത്തിനിടയിൽ പക്ഷേ വാർത്തകൾ എഴുതാൻ നേരം കിട്ടിയില്ല.
"ദൈവത്തോട് ഒരു മരണത്തിനു ബാധ്യസ്ഥരാണ് നമ്മൾ. അത് ഇന്നായാലെന്ത്"എന്ന് മുന്പേ ചോദിച്ചത് അദ്ദേഹത്തിന്റെ ധൈര്യമാണ്.
  1953ജനുവരി 24ന് നൈറോബിയിൽനിന്ന് ബൽജിയൻ കോംഗോവിലേക്ക് വാടക വിമാനത്തിൽ പോകവേ മർച്ചിസൺ വെള്ളച്ചാട്ടത്തിനരികിൽ തകർന്നുവീണ വിമാനത്തിൽനിന്നും പരിക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാദൗത്യവുമായെത്തിയ ചെറുവിമാനം പറന്നുയർന്നുടൻ മുതലക്കൂപ്പുകുത്തി. മരിച്ചു എന്ന് ലോകം വിറച്ചത് അവിടെനിന്ന് നൂറ്റെൺപത്തഞ്ച് നാഴിക അകലെയുള്ള ചെറുനഗരത്തിലെ ആശുപത്രിയിൽ കിടന്നുകൊണ്ട് അദ്ദേഹം വായിച്ചറിഞ്ഞു.
  കിഴവനും കടലുമെന്ന വിശ്വോത്തര നോവലിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചുകൊണ്ട് 'ഹെമ്മിംഗ് വേ ഒരു മുഖവുര' എംടി അവസാനിപ്പിക്കുന്നു.

   വളരെ ചുരുങ്ങിയ വാക്കുകളിൽ ആണ് എംടി രചന നിർവഹിച്ചിരിക്കുന്നത്. കുറിപ്പെടുക്കാനാണെങ്കിൽ ഒരക്ഷരവും ഒഴിവാക്കാനാവില്ല. ഹെമിങ്‌വേയെ അടുത്തറിയാൻ മോഹിപ്പിക്കുന്ന ഈ കൃതി വായിക്കാതെ പോവരുതേ.

രതീഷ് കുമാർ
12-2-2020
🌾🌾🌾🌾🌾🌾