16-03-20

📚📚📚📚📚📚
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾🌾
എംടിയുടെ പെണ്ണുലകം -3
എംടിയുടെ പെണ്ണുങ്ങൾ സാമൂഹ്യ നിർമ്മിതികളാണെന്നും അവരെ കേവലാർത്ഥത്തിൽ അപനിർമ്മിക്കരുതെന്നും രമട്ടീച്ചറും കവിതട്ടീച്ചറും പ്രതികരിച്ചിരുന്നു.
നന്ദി
മൂന്നാം നോവൽ കൂട്ടുകൃഷിയായതുകൊണ്ട് ചർച്ചക്കെടുക്കുന്നില്ല.
എൻ പി മുഹമ്മദ് നമ്മുടെ ചർച്ചയിൽ ഇല്ലല്ലോ
നാം കൊച്ചുതെമ്മാടിയിലേക്ക്
📚📚📚📚📚📚


#അൽപ്പജന്മങ്ങൾ
കാരക്കാടിനും കുറ്റിപ്പുറത്തിനും ഇടയിലുള്ള കാളിപ്പുറം റെയിൽവേസ്റ്റേഷനടുത്ത് ഭാരതപ്പുഴയുടെ അക്കരെയുള്ള കിഴക്കുംമുറി  ഗ്രാമത്തിൽ 1940- 45കാലഘട്ടത്തിൽ നടക്കുന്ന കഥയായാണ് 'അസുരവിത്ത്' കൽപ്പിക്കപ്പെട്ടിട്ടുള്ളത്.1925ൽ നായർ റെഗുലേഷൻ ആക്ട് നിലവിൽ വന്നെങ്കിലും മരുമക്കത്തായം വിട്ട്  മക്കത്തായത്തിലേക്ക് ദായക്രമം മാറാൻ വിഷമിക്കുന്ന -അതിനോടകം ക്ഷയം പൂർത്തിയാക്കിയ- നായർ തറവാടിൻറെ കഥ;  ഒപ്പം രണ്ടാംലോകമഹായുദ്ധത്തിന്റെ ദാരിദ്ര്യവും നടപ്പു ദീനത്തിൻറെ കൊള്ളയും  പിടിച്ചുലക്കുന്ന ഒരു കർഷക ഗ്രാമത്തിന്റെ കഥ. നാട്ടിലെ  വമ്പൻ പണക്കാരനായ മുസ്ലിം പ്രഭുവിനെ എതിർക്കാൻ  കരുത്തുള്ള നായർ പുത്തൻ പണക്കാരൻ അവതരിക്കുന്ന കാലം .1921 ലെ മലബാർ കലാപത്തെ തന്റെ നാടിനെ തീണ്ടാൻ അനുവദിക്കാതിരുന്ന മുസ്ലിം പ്രഭുകുടുംബത്തിലെ  ഇളമുറക്കാരനും, താൻപോരിമയുള്ള നായർ പുത്തൻ പണക്കാരനും  പരസ്പരം മത്സരിച്ചു ജയിക്കാൻ  മതത്തെ  കൂട്ടുപിടിക്കാൻ തുടങ്ങിയ കാലം. ആ കാലത്തിൻറെ കഥയിൽ ആണുങ്ങൾക്കേ സ്ഥാനമുള്ളൂ. അതിനാലാവാം അസുരവിത്തിലെ സ്ത്രീകഥാപാത്രങ്ങൾക്ക് തീരെ പ്രാധാന്യം കുറഞ്ഞു പോയത്

നോവലിലേക്ക് പ്രവേശിക്കുന്നത് ചക്കമ്മ എന്ന വേശ്യ യിലൂടെയാണ്. ആയ കാലത്ത്  രാവുണ്ണി മേനോൻ അധികാരി  പരസ്യമായി  ചെന്ന് കയറിയിരുന്ന കാലം  ചക്കമ്മയുടേതായിരുന്നു . പൊന്നണിഞ്ഞ ശരീരത്തോടെ, നേത്യാരമ്മ യുടെ ചേലിൽ വിലസിയിരുന്ന  ആ കാലം കഴിഞ്ഞുപോയി .താറാവ് കൂട്ടങ്ങളുമായിവരുന്ന കൊങ്ങൻമാരും മറ്റുമാണ് ഇന്നവിടുത്തെ പറ്റുകാർ.

        താഴത്തേതിൽ തറവാട്ടിലെ കുഞ്ഞിക്കാളി അമ്മയ്ക്ക്  ആറാംതമ്പത്തിലുണ്ടായ( വയസ്സുകാലത്ത് ഉണ്ടായ) അസുരവിത്താണ് ഗോവിന്ദൻകുട്ടി. പെൺമക്കളായ പാറുക്കുട്ടിയമ്മയും മാധവിയും വലിയിടത്ത് വിവാഹം കഴിച്ച് കൊടുക്കപ്പട്ടവരാണ്.മൂത്തമകൻ കുമാരൻ നായർ മേലേപ്പുറത്ത്ന്ന് സംബന്ധംകഴിച്ച് അവിടെ കൂടിയിരിക്കുന്നു. കൂട്ടത്തിലേറ്റവും സുന്ദരിയായിരുന്ന കുഞ്ഞുകുട്ടി ഒരു ചതി കല്യാണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും തറവാട്ടിലെ പട്ടിണിയുടെ പങ്കുപറ്റി ആണിരോഗം ബാധിച്ച കാലുകളുമായി  ഒരു കണ്ണുനീർത്തുള്ളിപോലെ ജീവിച്ചിരിക്കുന്നു .

ഒരു മഴക്കാല രാത്രിയിൽ താഴത്തിൽ തറവാട്ടിൽ പിറന്നുവീണ കുഞ്ഞാണ് നബീസു .അവളുടെ കാക്ക അബ്ദു ഗോവിന്ദൻകുട്ടിയുടെ സുഹൃത്താണ്. കുഞ്ഞരയ്ക്കാരുടെയും തീത്തുമ്മയുടെയും ഇളയമകൻ ബാപ്പുവിനെ ഗോവിന്ദൻകുട്ടി സുൽത്താൻ എന്നാണ് വിളിക്കുന്നത് . ആ കുടുംബവുമായി അയാൾക്ക് വളരെ അടുത്ത ബന്ധമുണ്ട്.

     8 അധ്യായം ഉള്ള  ഈ നോവലിൽ ആദ്യ നാല് അധ്യായങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ  ശ്രദ്ധേയമായസാന്നിധ്യമല്ല. ആ കുറവ് പരിഹരിക്കാൻ ആവണം അഞ്ചാം അധ്യായം സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണത്തിൽ ആവിഷ്കരിച്ചത്. താരതമ്യേനെ വളരെ ചെറുതായ അഞ്ച് ആറ് അധ്യായങ്ങൾ പക്ഷേ ആ മനസ്സുകളെ തുറന്നുകാട്ടാൻ പോരുന്നതല്ല.
      നാട്ടിലെ പ്രധാനപ്പെട്ട പണക്കാരനായ ശേഖരൻ നായർ  തൻറെ  മകൾ മാധവിഅമ്മയുടെ ഭർത്താവാണ് .അവിടെ അവർക്ക് സുഖമായി ജീവിക്കാൻ കഴിയും. പക്ഷേ മരുമകൻറെ വീട്ടിൽ കഴിയുന്നതിന്റെ  നാണക്കേട് ഒഴിവാക്കാൻ, വയർ മുറുക്കി ഉടുത്ത് സ്വന്തം തറവാട്ടിൽ സ്വയം തടവിൽ കഴിയുകയാണ്  കുഞ്ഞിക്കാളിഅമ്മ. മാധവി ഓപ്പോളോട് മറ്റു വഴികളൊന്നും കാണാതെ  വല്ലാതെ വീർപ്പു മുട്ടിയ അപ്പോഴാണ് ഗോവിന്ദൻകുട്ടി ഒരു സഹായം ചോദിച്ചത്, ഭർത്താവിനോട് പറഞ്ഞു ഒരു ജോലി വാങ്ങി കൊടുക്കണം എന്ന്. അയാൾ വാങ്ങിക്കൊടുത്ത ജോലിയോ,സ്വന്തം കുട്ടിയുടെ അമ്മയുടെ നായർ ഉദ്യോഗം .തൻറെ അനുജനെ  പഠിപ്പിക്കണമെന്നോ  സാമ്പത്തിക സഹായം ചെയ്യണമെന്നോ ഒരു ജോലി കണ്ടെത്താൻ സഹായിക്കണമെന്നോ ആ ധനിക സ്ത്രീക്ക്  തോന്നിയിട്ടേയില്ല എന്ന് തോന്നുന്നു.
കുമാരൻനായർ ഭാര്യയുടെ ഉപേക്ഷിച്ചത്  കാരണവരുടെ പരിഹാസത്തിൽ തളർന്നിട്ടാണ് .തൻറെ ഭർത്താവിനെ പരിഹസിച്ച് ഒഴിവാക്കിയപ്പോൾ ആ സ്ത്രീക്ക് എന്തെങ്കിലും വിഷമം ഉണ്ടായി എന്നു തോന്നുന്നില്ല. ഭർത്താവിൻറെ മാനം നോക്കി  പട്ടിണിയിലേക്ക് സ്വയം പറിച്ചുനടാതെ  കുടുംബത്തിലെ സമ്പൽ സമൃദ്ധിയിൽ അഭിരമിക്കാനാണ്  അവർക്ക് തോന്നിയത് .
ഗോവിന്ദൻകുട്ടി കള്ളനാണെന്ന് നാട്ടിൽ സംസാരം ഉണ്ടായപ്പോൾ അയാളെ ഏറ്റവും അടുത്തറിയുന്ന  കുഞ്ഞുകുട്ടി അത് വിശ്വസിക്കുകയും, ആ നാട്ടിൽ നിന്ന് ഒഴിഞ്ഞു പോവാൻ തന്നിൽ ആകെ അവശേഷിച്ച ഒരു തരി പൊന്ന് അനുജന് നൽകുകയും ചെയ്യുന്നു.

ഗോവിന്ദൻകുട്ടിയുടെ മനസ്സിൽ  നബീസു ഒരു കുളിരോർമ്മ ആയിരുന്നു. അയാളെ  ആളുകൾ ഓടിച്ച് പുഴയിൽ ചാടിച്ചതറിഞ്ഞപ്പോൾ നബീസു   വേവലാതിപ്പെടുന്നുണ്ട്. അയാളോട് അവൾക്ക് പ്രണയം ഉണ്ടായിരുന്നെങ്കിൽ തൻറെ വിവാഹ നിശ്ചയത്തോടെ അത് മാറ്റി കളയുകയും ചെയ്തു.
        അമ്മ മരിച്ച, അച്ഛൻ വേറെ വിവാഹം കഴിച്ചു പോയ, ചെറുപ്പത്തിലേ അനാഥയായ ചമ്മുക്കുട്ടി, മാലമോഷ്ടിച്ചത് പിടിക്കപ്പെട്ടതോടെ കളത്തിലെ ചോറു മുടങ്ങി. നാടക കമ്പനിയിൽ ജോലികിട്ടി യോഗ്യനായി നാട്ടിൽ തിരിച്ചെത്തിയ അപ്പുക്കുട്ടൻ അവളെ വിവാഹം ചെയ്തു .അയാൾ തിരിച്ചുപോയി നാലഞ്ചു മാസം കഴിഞ്ഞപ്പോൾ, പട്ടാളത്തിൽനിന്ന് വന്ന  നമ്പ്യാർ അവരുടെ കെട്ടിയോനായി. രണ്ടാളും ഒരുമിച്ച് നാട്ടിൽ വന്നപ്പോൾ പട്ടാളക്കാരന്റെ സഹായത്തോടെ അപ്പുക്കുട്ടയുനെയും പിന്നീട്  സ്വയം പട്ടാളക്കാരെയും പുറത്താക്കി .ഒടുവിൽ  വൃദ്ധയായപ്പോൾ  ഒരു കുങ്കൻ നായരുടെ സംബന്ധക്കരിയായി  കഴിയുന്ന ചമ്മുക്കുട്ടിയാണ് ഗോവിന്ദൻ കുട്ടിക്ക് ഒടുവിൽ അഭയം നൽകിയത് .അല്പം മനുഷ്യത്വം ബാക്കി സൂക്ഷിക്കുന്ന ഒരേ ഒരു കഥാപാത്രത്തിൻറെ ചരിത്രം എത്ര നിർമ്മലം!

     ചക്കമ്മമുതൽ കുഞ്ഞുകുട്ടിവരെ,
അസുരവിത്തിലെ സ്ത്രീ കഥാപാത്രങ്ങളാരും മനസ്വിനികളല്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾