13-04-20

📚📚📚📚📚📚
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾🌾
എംടിയുടെ പെണ്ണുലകം -6
ചില സിനിമകളെ സംബന്ധിച്ച പുസ്തകങ്ങൾ കൂടി ചേർക്കണമെന്ന് വിചാരിച്ചിരുന്നു. പെരുന്തച്ചൻ, വീരഗാഥ, വൈശാലി എന്നീ ചിത്രങ്ങൾ അവശ്യം ചേർക്കേണ്ടവയാണ്. അടുത്തലക്കത്തോടെ പരമ്പര അവസാനിപ്പിക്കുന്നതിനാൽ(ചില മാനസിക പ്രശ്നങ്ങൾ) ഒറ്റസിനിമ മാത്രം ചേർക്കുന്നു.
📚📚📚📚📚
ഒരു വടക്കൻ വീരഗാഥ
25 വർഷങ്ങൾ
രാജീവ് മാങ്കോട്ടിൽ
മാതൃഭൂമി
പേജ് 140
വില 110
2015 ജനുവരിയിൽ  ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ  25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തയ്യാറാക്കിയ പുസ്തകമാണിത്. നോവലായി എഴുതണോ തിരക്കഥയാക്കണോ എന്ന് എം ടി തീരുമാനമെടുക്കാൻ വിഷമിച്ച പ്ലോട്ട്, പഴശ്ശിരാജ ഉപേക്ഷിക്കേണ്ടിവന്നു കൊണ്ട് പതിനഞ്ചു ദിവസം കൊണ്ട് തിരക്കഥയായി പിറക്കുകയായിരുന്നു. എം ടി, മമ്മൂട്ടി,ഹരിഹരൻ എന്നിവരുമായുള്ള സംഭാഷണങ്ങൾ ;പി വി ഗംഗാധരൻ,രാമചന്ദ്രബാബു ,മാധവി , ക്യാപ്റ്റൻ രാജു ,ഗീത, കെ ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി ,നടരാജൻ, വിനീത് കുമാർ, ജോമോൾ, ഡോ:റോഷൻ ബിജ്ലി, ടോണി, ഡോ.ആര്യ എന്നിവരുടെ ഓർമ്മക്കുറിപ്പുകളും, പ്രശസ്തരുടെ കാഴ്ചപ്പാടുകളും, ചന്തുവിന്റെ ലോകം എന്ന ലേഖനവും അടങ്ങുന്നതാണ്  ഈ പുസ്തകം.

മലയാളഭാഷയിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ ഒന്നാണ് വടക്കൻ വീരഗാഥ. വടക്കൻപാട്ട് കഥകൾ  മലയാളസിനിമയെ എന്നും സ്വാധീനിച്ചിട്ടുണ്ട് . ആ സ്വാധീനവലയത്തിൽ നിന്ന് വേറിട്ടു നിന്നുകൊണ്ട് പറഞ്ഞു പഴകിയ കഥയുടെ പറയാതെ പോയ സത്യങ്ങളിലേക്ക് കടന്നുചെല്ലുന്ന സിനിമയെന്ന നിലയിൽ ഇത് മലയാള സിനിമയ്ക്ക് പുത്തൻ അനുഭവമായിരുന്നു. പുരാവൃത്തങ്ങൾ പുതു രീതിയിൽ അവതരിപ്പിക്കാം എന്ന് സിനിമാലോകത്തിന് ഉറപ്പു കൊടുത്ത ഈ ചലച്ചിത്രം തീർച്ചയായുംസിനിമാ ചരിത്രത്തിലെ ഒരടയാളക്കല്ലുകൂടിയാണ്. കഥ സംഭാഷണം അഭിനയം കലാസംവിധാനം എന്നീ ഉപാംഗങ്ങൾ ഓരോന്നും അതിഗംഭീരമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ മലയാള സിനിമ  നിലനിൽക്കുന്ന കാലത്തോളം വിസ്മരിക്കപ്പെടുകയും ഇല്ല.

ചതിയൻ എന്ന്  ലോകം വിളിച്ച ചന്തുവിനെ ധീരനും രക്തസാക്ഷിയും ആയി അവതരിപ്പിച്ചതിൽ  എംടി നേടിയ മിടുക്കും കൈയടക്കവും ആണ് സിനിമയെ ശ്രദ്ധേയമാക്കിയ ഏറ്റവും വലിയ ഘടകം. അതങ്ങനെ നിൽക്കട്ടെ .
കേരളീയ വീരനാരി സങ്കൽപ്പത്തിന്റെ ഉദാത്ത ബിംബം ആയ കഥാപാത്രം ഉൾപ്പെടെയുള്ള ഉള്ള സ്ത്രീ കഥാപാത്രങ്ങളോട് ഈ സിനിമ ചെയ്തത് എന്താണെന്ന് മാത്രം ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനാണ് ഇവിടെ മുതിരുന്നത്.

ആമുഖമായി പറയട്ടെ, സിനിമയിലെ ഉണ്ണിയാർച്ച വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിട്ടുള്ളത്. നൂലാചാരത്തിന്റെ പേരിൽ അനാഥയായ ചന്തുവിന്റെ പ്രണയത്തോട് അനുകൂലമായി പ്രതികരിച്ചതും, സഹോദരനോടുള്ള കടമയുടെ പേരിൽ അനിഷ്ട വിവാഹത്തിന് സമ്മതിച്ചതും തന്നെ മനസ്സിലാക്കാത്ത ഭർതൃവീട്ടിലുള്ള ഓരോന്നിനോടും അനിഷ്ടമുണ്ടായപ്പോൾ ചന്തുവിനെ മോഹിച്ചതും, കോളാമ്പി എറിഞ്ഞു പോയതും, സഹോദരസ്നേഹവും പ്രണയവും ഭർത്താവിനോടുള്ള അതൃപ്തിയും ചേർന്ന് ചന്തുവിന് വിവാഹവാഗ്ദാനം നൽകിയതും, സ്വന്തജീവിതം കൈക്കൂലിയാക്കിയിട്ടും ചതിച്ച, ചന്തുവിന്റെ മരണത്തിനായി സ്വന്തം മകനെ ഉഴിഞ്ഞു വിടുന്നതും. എല്ലാം തികച്ചും സ്വഭാവികം.
ചന്തുവാങ്ങളയുടെ കുട്ടിയെ പ്രസവിക്കാൻ കൊതിച്ചവൾ കുഞ്ഞിരാമൻ നൽകിയ ഗർഭവുമായാണ് വാഗ്ദാനം നൽകിയതെന്നത് അത്ര നന്നായില്ലെന്നുമാത്രം.

പുസ്തകത്തിലേക്ക്,

ഉണ്ണിയാർച്ചയെ മോശമായി കാണിച്ചു എന്നൊരു ആരോപണം സിനിമ ഇറങ്ങിയപ്പോൾ കാര്യമായി കേട്ടിരുന്നു .ഇതിനെ കുറിച്ചുള്ള എംടിയുടെഅഭിപ്രായം.അഭിമുഖത്തിൽ നിന്ന്:  "ഉണ്ണിയാർച്ച നല്ല യോദ്ധാവായിരുന്നു . പക്ഷേ സിനിമയിൽ ഉള്ളതെല്ലാം തന്നെ പാട്ടിലും ഉള്ളതാണ്.ആങ്ങളക്ക് തുണയായി പോയി തിരിച്ചു വന്നാൽ  നിൻറെ പെണ്ണായിരിക്കാമെന്ന് ഉണ്ണിയാർച്ച പറഞ്ഞതായി പാട്ടിലുണ്ട് .നിൻറെ വാക്ക് എങ്ങനെ വിശ്വസിക്കാൻ ആവും?. നിൻറെ വാക്കും കേട്ട്  അതിരമ്പുഴ നീന്തി പാതിരായ്ക്ക് വന്നപ്പോൾ തുപ്പൽ കോളാമ്പി കൊണ്ട്  എറിഞ്ഞവളാണുനീ, എന്നാണ് ചന്തു ചോദിക്കുന്നത് .അന്ന് അതൊന്നും വലിയ കാര്യമായിരുന്നില്ല . ഭർതൃമതിയായ ഒരുസ്ത്രീ  പഴയ ഒരു കാമുകനെ വിളിച്ചുവരുത്തി എന്നുപറഞ്ഞാൽ  വലിയ കുറ്റമായി ആരും കണ്ടിരുന്നില്ല . വലിയ സ്വാതന്ത്ര്യമൊന്നും  പാട്ടിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ  ഞാൻ എടുത്തിരുന്നില്ല. ഉണ്ണിയാർച്ച കോളാമ്പി കൊണ്ട് എറിഞ്ഞത് ഏതെങ്കിലും സാഹചര്യത്തിൽ  പിടിക്കപ്പെടുമെന്ന് കണ്ടിട്ടാവാം. അവൾ നല്ല യോദ്ധാവായിരുന്നു. അങ്കത്തിന് മുമ്പുള്ള ഉപദേശംതന്നെ അതിൻറെ തെളിവാണ് .ആരോമലിന്റെയും, ചന്തുവിന്റെയും കൂട്ടത്തിൽ അഭ്യസിച്ചവളാണ് ഉണ്ണിയാർച്ച. അതുകൊണ്ടുതന്നെ  മോശമായി കാണിച്ചിട്ടുമില്ല. അന്ന് വിവാഹം കഴിക്കുന്നതും  ഉപേക്ഷിക്കുന്നതും  മറ്റൊരാളെ സ്വീകരിക്കുന്നതും ഒക്കെ വലിയ കാര്യമല്ല . നാദാപുരത്തങ്ങാടി സിനിമയിൽ വരുന്നില്ല. നാദാപുരത്തങ്ങാടിയിലെ ജോനകരെ മുഴുവൻ വിറപ്പിച്ച് കലിയടങ്ങാതെ നിന്ന ഉണ്ണിയാർച്ചയുടെ കഥ വളരെ പ്രസിദ്ധമാണ്. ആരെയും ഭയമില്ലാത്ത, ആണിനൊത്ത പോരാളിയായിരുന്നു അവൾ . മികച്ച അഭ്യാസ പാടവവും അവൾക്കുണ്ടായിരുന്നു.  ഒരാളെനന്നാക്കി,മറ്റൊരാളെ മോശമാക്കി എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല . പാട്ടുകാർ എടുത്തതുപോലെത്തന്നെ സ്വാതന്ത്ര്യമാണ് എഴുത്തുകാരനെന്ന നിലയിൽ  ഞാനും സ്വീകരിച്ചത്".

       പക്ഷേ  പ്രേക്ഷകർ കണ്ടതോ പത്തൊമ്പതാം  നൂറ്റാണ്ടിൻറെ അന്ത്യകാലത്തോടെ കേരളത്തിൽ നിലവിൽ വന്ന വിക്ടോറിയൻ സദാചാര ബോധത്തിലാണ് പ്രേക്ഷകർ സിനിമ കാണുന്നത് .അതല്ലാത്ത , എം ടി ഇവിടെപറഞ്ഞിട്ടുള്ള സന്മാർഗബോധത്തിലമല്ല. സിനിമ മുന്നോട്ടുവയ്ക്കുന്നതും അത്തരമൊരു സദാചാരബോധമല്ലല്ലോ. തുമ്പോലാർച്ചയിൽ നാത്തൂന്മാർ ആരോപിച്ച കളങ്കം പെന്നാങ്ങളയുടെ ചിറ്റംകൂടലിൽ ആരോപിച്ച് (അവൾക്കൊരു അവിഹിത സന്തതിയും) ഉണ്ണിയാർച്ചയുടെ വായടപ്പിക്കാനാവുന്നത് ആ മൂല്യബോധം പ്രേക്ഷകന് ഇല്ലാത്തതുകൊണ്ടാണ്. ഒരു വെടിക്ക് രണ്ടു പക്ഷി. കാഴ്ചക്കാരൻ പുതിയ മൂല്യബോധത്തിൽ ജീവിക്കുകയും തുമ്പോലാർച്ചയെന്ന സഹോദര സ്നേഹത്തിൻറെ മിത്തിനെ കരിമുക്കി എടുക്കുകയും ചെയ്യാം. .
കുഞ്ചുണ്ണൂലിയുടെ പരിഭവ പ്രണയം,ഏഷണി.-'ആണും പെണ്ണും കെട്ട കുഞ്ഞിരാമനെ'പ്രയോഗം കട്ട്& പേസ്റ്റ് ചെയ്ത് അവളുടെ വായിൽ തിരുകിയത്- പുളിങ്കൊമ്പു കിട്ടിയപ്പോൾ പ്രണയം മറന്നത് ഒക്കെയും പ്രേക്ഷകരിൽ ചലനമുണ്ടാക്കുന്നത് പുതിയ ധാർമ്മികത കൊണ്ടാണ്.

"നീയടക്കമുളള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും,
നിങ്ങൾ ശപിച്ചുകൊണ്ടുകൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും".എന്നോക്കെ ചന്തുവിന് പറയൻ കഴിയുന്നതും അതേ ധാർമ്മികത ഭരിക്കുന്നതുകൊണ്ടാണ്. സിനിമയെ സമകാല ധാർമ്മികത യിലേക്ക് പറിച്ചു നടുകയും സ്ത്രീകളെ മറ്റൊരു സദാചാര ബോധത്തിൽ നിലനിർത്തുകയും ചെയ്തതിന്റെ കാരണം വ്യക്തമാണല്ലോ.
18 കൊല്ലം കൂടെ താമസിച്ചിട്ടും തന്നെ അറിയാതെ പോയ കുട്ടിമാണിയോടാണ് ചന്തു കഥ പറയുന്നത്. അവൾക്ക് ചന്തുവിനെ അറിയാൻ കഴിയാതെ പോയതിന് ഒരു കാരണമേയുള്ളൂ അവൾ ഒരു പെണ്ണാണ്!
പഴയ വീരകഥ മനസ്സിലുള്ള പ്രേക്ഷകന്റെ മന്നസ്സിലേക്ക് പുതിയ ഉണ്ണിയാർച്ച എത്തുന്നത് ചീത്തത്തങ്ങളുടെതമ്പുരാട്ടിയുടെ രൂപത്തിലാണ് . ചന്തു ചതിക്കുമെന്നപേടി ആ(വ)ണല്ലോ ഉണ്ണിയാർച്ചയെ കൊണ്ട് 'ജയിച്ച് വന്നാൽ ചന്തുവാങ്ങളയുടെ പെണ്ണ്' എന്നുപറയിച്ചത്. നിൻറെ വാക്കുകേട്ടാണ് അന്ന് പുഴ നീന്തി വന്നത് എന്ന് ചന്തു പറയുന്ന പാട്ടുപുസ്തകം  എംടിക്ക് എവിടെ നിന്ന് കിട്ടി എന്നറിയില്ല!. നാദാപുരം സിനിമയിൽനിന്ന് വിട്ടുകളഞ്ഞു എന്നു പറയുന്നുണ്ട് . എന്തുകൊണ്ട് എന്നു പറയുന്നില്ല .'എംടിയുടെ തിരക്കഥയിൽ നിന്ന് ഒരു ഭാഗം പോലും ഒഴിവാക്കിയിട്ടില്ലാത്ത ചിത്ര'മെന്ന് മറ്റൊരിടത്ത്  ഈ പുസ്തകം പറയുന്നുമുണ്ട് .
ആ കാലത്ത് താലികെട്ട് കല്യാണം പുടമുറിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആചാരമാണെന്ന് എംടിക്ക് നന്നായി അറിയാം. എന്നിട്ടും ഒരു പുടമുറി കല്യാണത്തിന്റെ പദവിയിൽ താലികെട്ട് കല്യാണം കൽപ്പിച്ച് ഉണ്ടാക്കിയതെന്തിനാ ആയിരിക്കും.
ചന്തുവിനോടൊപ്പം ആയുധ വിദ്യ അഭ്യസിച്ചവൾ എന്നേ പ്രേക്ഷകൻ ധരിക്കേണ്ടൂ. അതിനപ്പുറത്തെ  ശൂരത്വം ഒന്നും ഉണ്ണിയാർച്ചക്ക് വേണ്ട. നാദാപുരത്തെ   ഏറ്റുമുട്ടലും മറ്റും കാണിച്ച് ഉണ്ടാക്കുന്ന വീരപരിവേഷം ഒഴിവാക്കേണ്ടതാണ്! ആളില്ലാത്ത നേരത്ത് കാമുകനെ അകത്തുവിളിച്ചു കയറ്റിയെന്ന് കഥ അല്പം മാറ്റി പറഞ്ഞാൽ ചില ഗുണങ്ങൾ  വേറെ ലഭിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിൻറെ മഹോന്നതയായ യോദ്ധാവിൻറെ സ്ഥാനം അലങ്കരിച്ചിരുന്ന സുന്ദരിയെ, വ്യഭിചാരിണിയും സൂത്രക്കാരിയും തന്റേടിയുമായ സർപ്പസുന്ദരിയാക്കാൻ എംടിക്ക് ഏറെ അധ്വാനിക്കേണ്ടി വേണ്ടിവന്നില്ല .

ഇനി കുഞ്ഞിയിലേക്ക്.
ചന്തുവിന്റെ ലോകം എന്ന ലേഖനത്തിൽനിന്ന്: "ചതിക്കാൻ പ്രേരിപ്പിച്ചത്  അരിങ്ങോടരുടെ മകൾ കുഞ്ഞി ആണെന്ന് കൊല്ലൻ ചന്തുവിനോട് വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ പാട്ടിൽ നിന്ന് വ്യതിചലിക്കാൻ എഴുത്തുകാരൻ സ്വാതന്ത്ര്യം എടുത്തു .അതിന് നൽകുന്ന വിശദീകരണം വീരഗാഥയുടെ തിരക്കഥ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിനെഴുതിയ ആമുഖത്തിൽ ഉണ്ട്. 'അരിങ്ങോടർ മകളെയും മരുമകളെയും വിട്ട് മയക്കി ചന്തുവെ വീടിനകത്ത് കയറ്റി ഇരുമ്പാണിക്കു പകരം മുളയാണി വെക്കാൻ പ്രേരിപ്പിച്ചു എന്നാണ് പാട്ട്.  അവിടെ ഞാൻ വ്യതിചലിച്ചിട്ടുണ്ട് . ആ സൂത്രപ്പണിയിൽ ഒരു പെൺ ബുദ്ധിയുടെ ടച്ചാണുള്ളത്. ഉണ്ണിയാർച്ച വീണ്ടും തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു .അതിന് ആരോമൽ അങ്കം ജയിക്കുകതന്നെ വേണം. കരുത്തനായ ഗുരു മരിക്കുന്നതും അയാൾക്ക് ഇഷ്ടമുള്ള കാര്യമല്ല.  ഉണ്ണിയാർച്ച എന്ന അഗ്നിയിലേക്ക്  എന്നും ആകർഷിക്കപ്പെട്ടവനായ  ചന്തു ധർമസങ്കടങ്ങളുടെ മധ്യത്തിൽ നിൽക്കേ, അരിങ്ങോടരുടെ മകൾ ചെയ്ത സൂത്രപ്പണിയാണ് ഇതെന്നു വ്യാഖ്യാനിക്കാൻ ആണ്  എനിക്ക് തോന്നിയത്'."
ചന്തുവിനെ മാത്രമല്ല  അരിങ്ങോടരെയും വെള്ളപൂശേണ്ടതുണ്ട്. ചതിയും സൂത്രപ്പണിയും  പെണ്ണിന് പറഞ്ഞിട്ടുള്ളതാണ് . അല്ലാതെ വീരനായ അരിങ്ങോടർ ചതിക്കുകയോ!. ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലും (ചന്തുവിനെ വെളുപ്പിക്കാൻ ഒഴിച്ച കരിയിൽ സ്ത്രീകഥാപാത്രങ്ങൾ പൂർണ്ണമായും പെട്ടുപോയപ്പോൾ അൽപ്പമെങ്കിലും രക്ഷപ്പെട്ടത് ഉണ്ണിയാർച്ച മാത്രം) എംടി ചെയ്ത,അദ്ദേഹം നിസാരമെന്ന് പരിഗണിക്കുന്ന മാറ്റങ്ങൾ തച്ചു തകർത്തത് ഒരു വലിയ മൂല്യബോധത്തെയാണ്. ചതിയും വഞ്ചനയും പെണ്ണിന്റെ സ്വഭാവമാണ്. അവൾക്ക് അങ്ങനെയേ പെരുമാറാനാവൂ. ഉണ്ണിയാർച്ചയെപ്പേലെ അനീതിക്കെതിരെ ആയുധമെടുത്ത ധീരയായാലും, അച്ഛനെ രക്ഷിക്കാൻ ചതിപ്രവൃത്തിക്കുകൂട്ടുനിന്ന കുഞ്ഞിയായാലും. അവരുടെ കൂട്ടുപ്രതിയായിപ്പോലും ആണുങ്ങളുണ്ടാവരുത്,കഴിവിന്റെ പരമാവധിയോളം. അവളുടെ ദുഷ്ടതയിൽ ഉരുകിയൊലിച്ച് രക്തസാക്ഷികളാവണം ശരിയായ വീരയോദ്ധാക്കൾ. എം ടി യിൽ സ്ത്രീവിരുദ്ധതയുടെ ഒരംശമുണ്ടെന്നോ അദ്ദേഹം പെൺകഥാപാത്രങ്ങളെ അധമരായി ബോധപൂർവ്വംചിത്രീകരിക്കുന്നു എന്നോഅല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. അജിതയുടെ വനിതാശാക്തീകരണപ്രവർത്തനങ്ങൾക്ക് തുണനിന്ന ചുരുക്കം പുരുഷന്മാരിലൊരാൾ ബോധപൂർവം അങ്ങനെ ചെയ്യില്ല.
അത് അദ്ദേഹത്തിന്റെ സത്തയാണ്.

രതീഷ് കുമാർ
 12 /10/ 19
🌾🌾🌾🌾🌾🌾🌾