13-01-20b

📚📚📚📚📚📚📚
ഇന്ദ്രധനുസിൻ തീരത്ത്
 ഭാരതി തമ്പുരാട്ടി


 സൈന്ധവ ബുക്സ്
 പേജ് 98
വില 50

     മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിൻറെ പത്നി  ഭാരതിത്തമ്പുരാട്ടി മലയാളത്തോട് പങ്കുവെക്കുന്നു. വയലാറിനെക്കുറിച്ച്  അറിയാത്ത മലയാളികളില്ല. പക്ഷേ ഭാര്യയ്ക്ക് പറയാൻ ഏറെ വിശേഷങ്ങൾ ഉണ്ടാവുക സ്വാഭാവികം . അത്തരത്തിൽ ആത്മനിഷ്ഠമായ  അനുഭവങ്ങളല്ല  ഭാരതിത്തമ്പുരാട്ടി പങ്കുവയ്ക്കുന്നതിൽ അധികവും. കവിയുടെ ലഘുവായ ഒരു ജീവചരിത്രം  അവർ വരച്ചുകാട്ടുന്നു. അത് ഋജുവായി കുറിക്കാൻ ശ്രമിക്കുന്നു.
      ടിപ്പുവിൻറെ പടയോട്ടക്കാലത്ത് അക്രമം ഭയന്ന് മലബാറിൽ നിന്ന് നിന്ന് പലായനം ചെയ്ത ഒരു കുടുംബം വയലാറിൽ രാഘവപറമ്പ് കോവിലകത്തിൽ താമസമിക്കി. കുറേകാലത്തിനുശേഷം അതിൽ പിറന്ന അംബാലികത്തമ്പുരാട്ടിയെ വിവാഹം കഴിച്ചത് അകവൂർ മനയിലെ കാര്യസ്ഥനായിരുന്ന ആലുവ വെള്ളാരകപ്പള്ളി കളപ്പാട്ടുർമഠത്തിലെ കേരളവർമ്മയാണ്. പത്നി രാഘവപറമ്പിൽ തന്നെ പാർത്തു. മാസത്തിൽ ഒന്നുരണ്ട് തവണ ഭർത്താവ് വന്നുപോകും. ഏറെക്കാലം കുട്ടികളുണ്ടായില്ല. മുപ്പത്തിരണ്ട് വയസ്സിൽ അവർക്കൊരു മകൻ പിറന്നു.  1928 മാർച്ച് ഇരുപത്തഞ്ചാം തീയതി മീനഭരണിനാളിൽ .മകന് മൂന്നു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. രണ്ടുദിവസം  മുമ്പ് വീട്ടിൽ വന്നുപോയ പിതാവിന്റെ ശവശരീരം പോലും മകന് കാണിനായില്ല. മരണമറിഞ്ഞ് അമ്മാവനൊപ്പം കുട്ടി ആവിടെത്തിയപ്പോളേക്കും അച്ഛന്റെ അനന്തിരവർ സംസ്കാരവും കർമ്മങ്ങളും കഴിച്ചിരുന്നു. മുപ്പത്തഞ്ചാം വയസിൽ വിധവയായ അവർ സങ്കടകരമായ ഒരു ജീവിതമാണ് അനുഭവിച്ചത്. തറവാട്ടിലെ കുട്ടികൾ ഇംഗ്ളീഷ് സ്കൂളിൽ പഠിക്കുമ്പോൾ തന്റെമകൻ ഗതികേടുകൊണ്ട് സംസ്കൃതപഠനമാണ് നടത്തിയത്. സഹോദരനോട് അവനെയും ഇംഗ്ലീഷ് സ്കൂളിൽ ചേർക്കാൻ പറയാൻ അവർക്ക് കഴിഞ്ഞില്ല. മരുമകൻ ചില കവിതകളൊക്കെ എഴുതിയത് അമ്മാവനെ കോപിപ്പിച്ചു. ചങ്ങമ്പുഴ യുടെ ഒരു കവിതാപുസ്തകം രഹസ്യമായി വായിച്ചത് കണ്ടുപിടിച്ച് പുസ്തകം കത്തിച്ചുകളഞ്ഞു.  എങ്കിലും രാമവർമ്മ തിരുമുൽപ്പാട് കവിത കൈവിട്ടില്ല. ക്ഷേത്രപ്രവേശനവിളമ്പരം നടത്തിയ ശ്രീ ചിത്തിര തിരുനാളിന് ആശംസ അർപ്പിച്ചു കൊണ്ട് രചിച്ച വഞ്ചീശ ദീപം പ്രസിദ്ധീകരിച്ചു വന്നു. മുട്ടത്തുവർക്കി എഡിറ്ററായിരുന്ന  ദീപികയിൽ പ്രസിദ്ധീകരിച്ച നിലവിളക്ക് എന്ന കവിതയാണ് രണ്ടാമത്തേത് . അച്ചടിച്ച കവിതകളും പുതിയ കവിതകളും ചേർത്ത് പാദമുദ്രകൾ എന്ന പുസ്തകം 1948ൽ; ഇരുപതാം വയസ്സിൽ പ്രസിദ്ധീകരിച്ചു. തുറവൂരിൽ നരസിംഹവിലാസം പ്രസ് നടത്തിയ മാധവ പൈ ആണ് പ്രസാധകൻ. പുസ്തകം വിറ്റ് കിട്ടുന്ന പണത്തിൽ നിന്നും അച്ചടി ചെലവ്  വസൂലാക്കിക്കൊള്ളാമെന്ന കരാറിലായിരുന്നു അച്ചടി. പക്ഷേ  പുസ്തകം ഒന്നുപോലും വിറ്റുപോയില്ല.  കൂലി കൊടുക്കാൻ ഇല്ലാത്തതിനാൽ  പകർപ്പവകാശം പൈ ക്ക് നൽകി പ്രശ്നം പരിഹരിച്ചു. രാമവർമ്മ തിരുമുൽപ്പാടിന്റെ പുസ്തകം എങ്ങനെ കച്ചവടം ചെയ്യാം എന്ന്   പൈക്ക് ബോധ്യമുണ്ടായിരുന്നു. എഴുത്തുകാരന്റെ പേരിനു മുകളിൽ വയലാർ രാമവർമ്മ എന്നെഴുതിയ പേപ്പർ ഒട്ടിച്ച് പേര് തിരുത്തി.  പുസ്തകം മുഴുവൻ വിറ്റുപോയി.  വയലാർ സമരത്തിന്  രണ്ടു വർഷം മാത്രം പഴക്കമുള്ളപ്പോൾ  വയലാർ എന്ന സ്ഥലനാമം മികച്ച പ്രതികരണം ഉണ്ടാക്കുമെന്ന് കച്ചവടക്കാരനായ പൈ വിചാരിച്ചു . പുസ്തകത്തിൻറെ പതിപ്പുകൾപിന്നെയും ഇറങ്ങിയെങ്കിലും റോയൽറ്റി ആയി ഒരു പൈസപോലും പോലും കവിക്ക് കിട്ടിയില്ല. പക്ഷേ വയലാർരാമവർമ്മ എന്നൊരു പേര് അദ്ദേഹത്തിന് ലഭിച്ചു. പുസ്തകങ്ങൾ വിറ്റഴിഞ്ഞു. അതായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്തോഷവും .
     വലിയ ഈശ്വര വിശ്വാസിയും ഭക്തനും ആയിരുന്നു രാമവർമ്മ. വൈക്കം തുടങ്ങിചില ക്ഷേത്രങ്ങളിൽ ഭജന ഇരിക്കുകയും മറ്റും ചെയ്തിരുന്നു. വയലാർ സമരത്തിന്റെ ആശയം അദ്ദേഹത്തെ സ്വാധീനിച്ചു. സ്റ്റാലിൻ കുമാരൻ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവിന്റെ-സഖാവ് സി.കെ കുമാരപ്പണിക്കരുടെ-പ്രേരണയാൽ അദ്ദേഹം വിപ്ളവചിന്തയിലെത്തി. ക്ഷേത്രത്തിലെ അഴിമതി ശ്രദ്ധയിൽ പെട്ടതു കൊണ്ടാവാം ക്ഷേത്ര വിശ്വാസത്തിൽ നിന്ന് മെല്ലെ മോചനം നേടി. പരമമായ ഒരു ഈശ്വരചൈതന്യത്തെ അംഗീകരിച്ചിരുന്നെങ്കിലും ക്ഷേത്ര മൂർത്തി ഈശ്വരനല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.  വീട്ടുകാരോടൊപ്പം ഇന്ത്യയിലെ അമ്പലങ്ങളിൽ എല്ലാം പോയിട്ടുണ്ടെങ്കിലും അവിടുത്തെ ശില്പഭംഗിയും മറ്റും ആസ്വദിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തിൻറെ ഇഷ്ടം. വീട്ടുകാരെ ക്ഷേത്ര വിശ്വാസത്തിൽ നിന്നും അദ്ദേഹം വിലക്കിയിട്ടില്ല. ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീട്ടുകാരുമായി പോയപ്പോൾ അകത്തുകയറാതെ ചുറ്റമ്പലത്തിനുള്ളിൽനിന്ന്  സിഗരറ്റ് വലിച്ചത്  ക്ഷേത്രം ജോലിക്കാരൻ എതിർത്തപ്പോൾ, തനിക്ക് നാലമ്പലത്തിൽ നിന്ന് 2 സിഗരറ്റ് വലിക്കണം എന്ന നേർച്ച ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഗുരുവായൂർ ക്ഷേത്രത്തിന് തീപിടിച്ചപ്പോൾ  വേദനിക്കുകയും ചെയ്തു . ജാതി ആചാരങ്ങൾ പാലിക്കപ്പെടണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1969 മെയ് ഒമ്പതാം തീയതി അമ്മാവൻ മരിച്ചപ്പോൾ  വിധിപ്രകാരമുള്ള എല്ലാ ആചാരങ്ങളും അമ്മാവന് വേണ്ടി അദ്ദേഹം അനുഷ്ഠിച്ചു .അതിനെ  ചിലർ എതിർത്തിരുന്നു. അവരോട് അദ്ദേഹം പറഞ്ഞത്  "ഓരോ മനുഷ്യ സമുദായത്തിനും ഓരോ ആചാരങ്ങൾ ഉണ്ട്. ക്ഷത്രിയർക്കുമുണ്ട്. അതിനെ ഖണ്ഡിക്കാൻ ശ്രമിക്കുന്നത് തെറ്റ്. നമ്മൾ പുരോഗമനക്കാർ ആയിരിക്കുമ്പോൾ തന്നെ ആചാരങ്ങൾ പാലിക്കേണ്ടതുണ്ട് . അതിനെ ഖണ്ഡിക്കാൻ പാടില്ല. കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഉള്ളതാണ് തടസ്സംസൃഷ്ടിക്കാനുള്ളതല്ല.

  കൗമാരകാലത്ത് തന്നെ രാമവർമ്മയെ ഭാരതിക്ക് അറിയാമായിരുന്നു സൈക്കിളിൽ തൻറെ പിന്നാലെ നടക്കുന്നത്  ശ്രദ്ധിച്ചിട്ടുണ്ട്. അയാളോട് വലിയ താൽപര്യമൊന്നും തോന്നിയില്ല . മിക്കവാറും വീട്ടിൽ ചെല്ലുകയും പതിവുണ്ടായിരുന്നു. തന്നോടുള്ള താല്പര്യം കൊണ്ടാവാം ഈ വരവ് എന്ന് ഭാരതിത്തമ്പുരാട്ടി അറിയാമായിരുന്നു . പിന്നീട് അയാൾ വിവാഹാലോചനയുമായി വീട്ടിലെത്തി . അപ്പോൾ വിവാഹപ്രായമെത്തിയ ചേച്ചി ചന്ദ്രമതിയെ വീട്ടുകാർ വിവാഹം ചെയ്തു കൊടുത്തു.  അവരുടെ ജീവിതം സുഖകരം ആയിരുന്നെങ്കിലും കുട്ടികൾ ഉണ്ടാവുന്നില്ല എന്നൊരു സങ്കടം  അവശേഷിച്ചു. ചേച്ചിയുടെ മാസമുറ കാലത്ത് അവരുടെ വീട്ടിലെത്തി  ഒരാഴ്ച വീട്ടുജോലികൾ ചെയ്യുന്നതിനും  അനുജത്തിക്ക് പ്രയാസമുണ്ടായില്ല. പക്ഷേ ചന്ദ്രമതി ആർത്തവം അഭിനയിക്കുകയാണെന്നും അവർക്ക് കുട്ടികൾ ഉണ്ടാവില്ലെന്നും അമ്മായിയമ്മ കണ്ടെത്തിയതോടെ വിവാഹം ഒഴിയാൻ നിർബന്ധമായി. ആദ്യമൊന്നും ചേച്ചി സമ്മതിച്ചില്ല ഒടുവിൽ നിവർത്തി ഇല്ലാതെ  ബന്ധം അവസാനിപ്പിക്കുകയും, അനുജത്തിയോട് അദ്ദേഹത്തിൻറെ ഭാര്യയാവാൻ നിർബന്ധിക്കുകയും ചെയ്തു. കാരൂരിൻറെ മകളുടെ വിവാഹാലോചന വയലാറിന്  ഈ കാലത്ത് രണ്ടാമതും വന്നെങ്കിലും അമ്മ ഒരു നായർ പെൺകുട്ടിയെ അംഗീകരിക്കില്ല എന്നതിനാൽ എന്നാൽ ആ ആലോചന മുന്നോട്ട് പോയില്ല . ഒടുവിൽ  ചേച്ചിയുടെ നിർബന്ധത്തിന്റെ ഫലമായി ഭാരതി വയലാറിൻറെ ഭാര്യയായി. ഏഴുവർഷത്തെ ഭാര്യ വേഷം അഴിച്ചു വച്ച ചേച്ചി ഒറ്റപ്പെട്ട ജീവിതത്തിലേക്ക് ഉൾവലിഞ്ഞു. ഗാനരചയിതാവായി വലിയ തിരക്കുള്ള നാളുകളായിരുന്നു വയലാറിൻറെത്. അമ്മയും മകനുമായുള്ള  ബന്ധത്തിന് ഇടയിൽ ഒരു ഭാര്യയുടെ സ്ഥാനം ഒന്നും ഭാരതിക്ക് ലഭിച്ചിരുന്നില്ല . ഉള്ളതുകൊണ്ട് അവർ സംതൃപ്തിയും ആയിരുന്നു.  ഭർത്താവിൻറെ ഒരു ആഗ്രഹത്തിനും തടസ്സം നിൽക്കാത്ത അവർ ആദ്യമായി അദ്ദേഹത്തെ എതിർത്തത് വീട്ടിലിരുന്ന്  മദ്യപിച്ച് പിന്നെയും മദ്യം വാങ്ങാൻ ഡ്രൈവറുടെ കയ്യിൽ പണം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു.  മരുമകൾ വിസമ്മതിച്ചപ്പോൾ നിൻറെ സ്ത്രീധന കാശ് അല്ല അവൻ ചോദിച്ചത് എന്ന് പറഞ്ഞു അമ്മ തന്നെ പണം എടുത്ത് കൊടുത്തു .അദ്ദേഹത്തെ അകാലചരമത്തിലേക്ക് നയിച്ചത്  മദ്യപാനശീലം ആയിരുന്നു.

  നക്സൽ വിപ്ലവം കൊടുമ്പിരികൊണ്ട കാലം ചൂഷകരെ ഉന്മൂലനം ചെയ്യുന്ന വാർത്തകൾ സമ്പന്നരെ പേടിപ്പിച്ചു തുടങ്ങിയിരുന്നു. വയലാറും  കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റിൽ  പെട്ടു. അദ്ദേഹത്തെ കൊല്ലാൻ  സമ്മർദ്ദം ചെലുത്തിയത്  സ്റ്റാലിൻ കുമാരന്റെ മകൻ കൃഷ്ണപ്പനായിരുന്നു . ഇതിനെ അവരുടെ തന്നെ ചില സഖാക്കൾ എതിർത്തെങ്കിലും കൃഷ്ണപ്പനും കൂട്ടാളികളും കൊലപാതക ശ്രമവുമായി മുന്നോട്ടു പോയി. ചില സഖാക്കൾ സംഭവം രഹസ്യമായി അദ്ദേഹത്തിൻറെ അമ്മയെ അറിയിച്ചു. ഒരു നവംബർ 15ന്  കോവിലകത്ത് വെച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. വീട്ടിലേക്ക് വരരുതെന്ന്  അമ്മ അറിയിച്ചെങ്കിലും വയലാർ വീട്ടിലെത്തി മുൻപിലെ മുറ്റത്ത് കൃഷ്ണപ്പനെ കാത്തിരുന്നു. രാത്രിയിൽ അയാൾ വന്നു. എന്തോ സംസാരിച്ചു പിരിയുകയും ചെയ്തു. ഒടുവിൽവിൽ കൃഷ്ണപ്പൻ യാചകസമൻ ആയാണ് ജീവിച്ചത് എന്ന് ശേഷം കഥ.

 1975 ഒക്ടോബർ 27 ആം തീയതി തിങ്കളാഴ്ച വെളുപ്പിന് നാല് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതൊരു പുന്നപ്ര-വയലാർ സമര  വാർഷികദിനം ആയിരുന്നു.  വയലാറിന്റെ മരണശേഷം അദ്ദേഹത്തിൻറെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് മലയാറ്റൂർ രാമകൃഷ്ണൻ എസ് കെ നായര് ത്രിവിക്രമൻ തുടങ്ങിയവർ  കാര്യമായി ശ്രമിച്ചിരുന്നു. ഗാന്ധിയനായിരുന്ന എ പി ഉദയഭാനു മലയാറ്റൂരിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത് ഈ ശ്രമത്തിന്റെ പേരിലാണ് . ട്രസ്റ്റ് രൂപീകരണത്തെ എതിർത്ത മറ്റൊരാൾ യേശുദാസ് ആയിരുന്നു. മദ്യപിച്ചു നശിച്ച ഒരാളുടെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കാൻ എൻറെ കയ്യിൽ പണം ഒന്നുമില്ല  എന്നാണ് ഗന്ധർവഗായകൻ  പറഞ്ഞത് . വയലാർ ജീവിച്ചിരുന്ന കാലത്ത്  എത്രയോ തവണ യേശുദാസ് കോവിലകത്ത് വന്നിട്ടുണ്ട് . വയലാറിൻറെ അമ്മ  കുട്ടൻ എന്ന് വിളിക്കുന്ന അതേ വാത്സല്യത്തോടെ ആണ് ദാസപ്പൻ എന്നും വിളിച്ചിരുന്നത്. വീട്ടിലെത്തിയാൽ ആഹാരം കഴിച്ച് അമ്മക്ക് ഇഷ്ടമുള്ള  പാട്ട് പാടി കൊടുക്കുമായിരുന്നു. വയലാർ മരിച്ചതറിഞ്ഞ് ഒരുവിധം എല്ലാവരും വയലാറിൻറെ വീട്ടിലെത്തിയെങ്കിലും അമ്മയുടെ പ്രിയപ്പെട്ട ദാസപ്പൻ എത്തിയില്ല . അത് അമ്മയെ വേദനിപ്പിച്ചിരുന്നു . ദാസപ്പൻ പിന്നീട് ഒരിക്കലും  അമ്മയെ കാണാൻ ചെന്നിട്ടില്ല. വയലാർ ജീവിച്ചിരിക്കുമ്പോളാകട്ടെ അദ്ദേഹം വീട്ടിൽ ഇല്ലാത്തപ്പോഴും അമ്മയെ കാണാൻ എത്തി ആഹാരവും കഴിച്ച് അമ്മയ്ക്ക് ഇഷ്ടപ്പെട്ട പാട്ടുപാടി കൊടുത്തിരുന്ന ദാസപ്പനെ അമ്മയ്ക്ക്  സ്വന്തം മകനെ പോലെ പോലെ പ്രിയമായിരുന്നു.പശുചത്തു,മോരിലെ പുളിയും പോയി!

ഭാര്യയും ഭർത്താവു
 ഒന്നിച്ചുജീവിച്ച അപൂർവ നിമിഷങ്ങൾ എണ്ണിപ്പറയുന്ന ഭാരതിത്തമ്പുരാട്ടി അമ്മയുടെ ചെയ്തികളെ ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്. ചാക്കോച്ചൻ,അടൂർഭാസി, പ്രംനസീർ,തുടങ്ങി സിനിമാരംഗത്തുള്ള പലരും സ്മരണയിൽ വരുന്നു. യേശുദാസൊഴികെ ഒരാളെപ്പറ്റിയും മോശമായ ഒരുവാക്കുപോലുമില്ല.

രതീഷ് കുമാർ
13/1/2020

🌾🌾🌾🌾🌾🌾🌾