10-02-19b

📚📚📚📚📚📚
ഉള്ളംകൈയിലെ ബാല്യം
 യു എ ഖാദർ


പിയാനോ പബ്ലിക്കേഷൻ
പേജ് 306
 വില 175
യു എ ഖാദർ 1952 മുതൽ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥാരചന ആരംഭിച്ചു. എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമടക്കം രചിക്കപ്പെട്ട എല്ലാം സഹൃദയരുടെ സവിശേഷശ്രദ്ധ നേടി.
1983 തൃക്കോട്ടൂർപെരുമ എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അഘോരശിവം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് 2007ലെകേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്  തൃക്കോട്ടൂർ നോവെല്ലകൾ എന്ന കൃതിക്കാണ് ലഭിച്ചത് .
1993 എസ് കെ പൊറ്റക്കാട് അവാർഡ് , അബുദാബി ശക്തി അവാർഡ് 1993ൽ സി എച്ച് മുഹമ്മദ് കോയ അവാർഡ് ,2003ൽ മലയാറ്റൂർ അവാർഡ്,  2007 വീ ടി സ്മാരകപുരസ്കാരം, പത്മപ്രഭാ പുരസ്കാരം, എന്നിവയും നേടിയിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായി 1993, 2001, 2003, 2008 വർഷങ്ങളിൽ സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഭരണ സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ആകാശവാണി കോഴിക്കോട് നിലയത്തിലും ആരോഗ്യവകുപ്പിലും  ജോലി ചെയ്തു .1990 സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. പിന്നീട് മംഗളം ദിനപത്രത്തിന്റെ മലബാർ എഡിഷൻ റസിഡൻറ് എഡിറ്ററായിരുന്നു. തൻറെ മദ്രസയിൽതുടങ്ങിയ പഠനജീവിതം  ഉള്ളിങ്കയ്യിലെ ബാല്യം എന്ന കൃതിയിൽ കാല്പനികമായി അവതരിപ്പിക്കുന്നു.
_________
ഉള്ളം കയ്യിലെ ബാല്യം
________
  ബർമയിൽ പിറന്ന് മാതാവിൻറെ മരണത്തോടെ പിതാവിനൊപ്പം കേരളത്തിൽ  എത്തിയ യു എ ഖാദർ തനി കേരളീയ മുസ്ലിം ആയി  വളർന്നതിൻറെ നാൾവഴി ക്കണക്കാണ് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത് അമുസ്ലിംകൾക്ക് തികച്ചും പുതുമയുള്ള ഒരു ലോകമാണ് വരച്ചിടുന്നത്. മദ്രസയിലെ പഠിപ്പിന്റെ പ്രത്യേകതകൾ വിശേഷദിവസങ്ങൾ  ആഘോഷങ്ങൾ അധ്യാപകരുടെ പ്രശ്നങ്ങൾ   അയൽ വീട്ടുകാരുടെ നേർച്ചഭക്ഷണം എന്നിവയൊക്കെ  അമുസ്ലീങ്ങൾക്ക് തികച്ചും അപരിചിതമായിരിക്കുമല്ലോ!. ഈ ഓർമ്മക്കുറിപ്പുകളുടെ ആദ്യ ഭാഗം വായിച്ചു പോകുമ്പോൾ മദ്രസയിൽ പഠിക്കാൻ കഴിയാതിരുന്നത് ഒരു നഷ്ടമായി തോന്നുന്നു. അത്രയ്ക്ക് കാൽപ്പനികമായിട്ടാണ് ഖാദറിന്റെ ആഖ്യാനം.
      
      കുട്ടിഹസൻ മല്ലിമ്മിയുടെ ഓത്തുപുരയിലാണ് കുട്ടിഖാദറിന്റെ ഓർമ്മകൾ ആരംഭിക്കുന്നത്. രണ്ടു കാലിനും സ്വാധീനമില്ലാത്ത കുട്ടിഹസൻ മല്ലിമ്മിയെ അതികിൽപ്പനികമിയാണ് അവതരിപ്പിക്കുന്നത്. ഇസ്ലാം കാര്യവും ഈമാൻ കാര്യവും  നമസ്കാരത്തിന്റെ ശർത്തും ഫർളും ഒക്കെ പഠിപ്പിക്കുന്ന മദ്രസ. എല്ലാ കുട്ടികളെയും ഒരുപോലെ ശ്രദ്ധിക്കുന്ന മല്ലിമ്മി. വ്യാഴാഴ്ച പൈസ(ആഴ്ചക്കൂലി: ദക്ഷിണ) കൊടുക്കേണ്ട ദിവസം ഹാജരാകാത്ത കുട്ടികൾ അടിയുടെ ചൂടറിയും. പക്ഷേ പണം കൊണ്ടുവരാൻ ഇല്ലാത്തത് വീട്ടിലെ ദാരിദ്ര്യം കൊണ്ട് ആണെങ്കിൽ  മറ്റൊരാളും അറിയാതെയാവും അദ്ദേഹം കൈകാര്യം ചെയ്യുക. കാദർ പഠിച്ചത് കുട്ടിഹസൻ മല്ലിമ്മിയുടെ തോട്ടുമരം പള്ളിയുടെ ഓത്തുപുരയിൽ ആയിരുന്നില്ല. മാപ്പിള സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് വെളുത്ത മണ്ണിൽ എന്ന പേരായ ഒരു വീടിൻറെ മുറ്റത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ മമ്മു മുസ്ലിയാരുടെ ഓത്തുപള്ളിയിലായിരുന്നു. മാപ്പിള സ്കൂളിൽ ക്ലാസ് ആരംഭിക്കണം എങ്കിൽ  മമ്മുമുസ്ലിയാരുടെ ഓത്തുപള്ളിയിലെ ക്ലാസ് അവസാനിക്കണം .ആ നാട്ടിൽ രണ്ട് പള്ളി വിഭാഗമുണ്ട്. ജുമുഅത്ത് പള്ളി ഭാഗം,മൊയ്തീൻ പള്ളി ഭാഗം.  ഇരുവർക്കും സ്വന്തം ഓത്ത് പുരകളുമുണ്ട്. ദുൽഹജ്ജ് മാസം ഏഴിനും എട്ടിനും നടക്കുന്ന കൈയ്യെഴുത്ത് ആഘോഷത്തിൽ ഇരു മദ്രസകളും ആരോഗ്യകരമായി മത്സരിക്കും. നാട്ടുകാര് ഇക്കാര്യത്തിൽ മത്സരിച്ച് ചെലവ് ചെയ്യുകയും ചെയ്യും.

മാപ്പിള സ്കൂളിൽ 'മസാൽച്ചി'പ്പണി കിട്ടിയതോടെ മമ്മൂമുസ്ലിയാർ ഓത്തുപള്ളിയിലെ പണി അനുജന് കൈമാറി.

  അഞ്ചാം തരം കഴിഞ്ഞാൽ ബർമയിൽ പോകണമെന്ന് വിചാരിച്ചു നടന്നവനെ ഹൈ സ്കൂളിൽ ചേർക്കാൻ റങ്കൂണിൽ നിന്ന് കത്ത് വന്നതും സ്പെഷ്യൽ പ്രവേശനപരീക്ഷ എഴുതിയതും ഇംഗ്ലീഷ് ഒരക്ഷരവും എഴുതാനറിയാത്ത അബ്ദുൽഖാദർ പരീക്ഷ പാസായതും സരസമായി വർണിക്കുന്നു. തിരുമണ്ടൻ ആയി അഞ്ചാം ക്ലാസിൽ പഠിക്കാൻ ഇരുന്നതും ട്യൂഷൻ പഠിച്ചും സഹപാഠികളുടെ സഹായത്തോടെ പരീക്ഷ എഴുതിയും മിടുക്കനായതിൻറെ കഥകളാണ് പിന്നെ പറയുന്നത്. സെക്കൻഡ് ഫോറത്തിൽ പഠിക്കുമ്പോൾ
 ഉണ്ടായിരുന്ന സാഹിത്യ സമാജ പ്രവർത്തനങ്ങളും ആരും അഭിനന്ദിക്കുന്ന ചിത്രരചനാപാടവവും,സാഹിത്യ(മോഷണ)പരിശ്രമങ്ങളുമൊക്കെ പിന്നീട് വിവരിക്കുന്നുണ്ട്. രണ്ടാനുമ്മ ഒറ്റപ്പെടുത്തിയ ബാല്യത്തിന്റെ നൊമ്പരവും; പരീക്ഷയുടെ ഒടുവിൽ പരീക്ഷാവിജയത്തിനായി ഇമ്പിച്ചാലിമുസ്ലിയാരെക്കൊണ്ട് യാസീൻ ഓതിക്കാൻ അവർ കാണിക്കുന്ന താത്പര്യവും ആരെയും അമ്പരപ്പിക്കും.

   കൊയിലാണ്ടി യു എ ഖാദറിന്റെ 'വിവാഹസമ്മാനം'ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ അച്ചടിച്ചു വന്നതും,കഥാപംക്തിയിലടിച്ചുവന്നാലേ കാര്യമുള്ളൂ എന്ന സഹപാഠി അമ്മുക്കുട്ടിയുടെ പ്രതികരണവും പുസ്തകപ്പുഴു അബ്ദുള്ളക്കുട്ടിയുടെ ഉപദേശവും കൗതുകക്കാഴ്ചകളാണ്. സ്കൂൾ മാഗസിനിൽ എഴുതിയ ചെറുകഥ പത്രത്തിലേക്കയക്കണമെന്നുനിർദ്ദേശിച്ചതും പകർത്തിയെഴുതിയതും മാഗസിൻപത്രാധിപർ കിർത്യായനിയായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ 1952ഡിസമ്പർ20 ലക്കത്തിൽ 'കണ്ണുനീർ കലർന്ന പുഞ്ചിരി'അടിച്ചുവന്നു.

കഥാകാരൻ ആവാൻ തുടിക്കുന്ന യു എ ഖാദറിന് സി എച്ച് മുഹമ്മദ് കോയ നൽകിയ ഉപദേശത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം .
 "..... ആവർത്തിക്കട്ടെ. ധാരാളം വായിക്കണം . വിവേചന പൂർണമാവണം വായന . കുട്ടിക്കാലത്ത്  കളിമുറ്റത്തിൽ കുട്ടികൾ കൊത്തങ്കല്ലാടി രസിക്കുന്നത് പോലെയുള്ള ഏർപ്പാടല്ല. ജീവിതത്തിൻറെ കളി മുറ്റത്ത് ചിതറിക്കിടക്കുന്ന അനുഭവമഞ്ചാടിമണികൾ കരുതലോടെ ശേഖരിച്ച് കലാപരമായി അടുക്കി വയ്ക്കുന്നതാണ് കഥയെഴുത്ത് . ജീവിതം ചുവപ്പിച്ച മഞ്ചാടിമണികൾ ഇനിയും പെറുക്കിക്കൂട്ടുക... ആ കളിമുറ്റത്തെ അനുഭവങ്ങൾ.."

രതീഷ് കുമാർ
10-2-20
🌾🌾🌾🌾🌾🌾🌾