09-03-20

 എംടിയുടെ പെണ്ണുലകം - 2
എം ടിയുടെ രണ്ടാമത്തെ നോവൽ

പുസ്തകരൂപത്തിൽ പുറത്തു വന്ന ആദ്യ നോവൽ
നാലുകെട്ടിലെ പെണ്ണുങ്ങൾ

    തറവാടുകൾ പെണ്ണിനു കണ്ണുനീരുമാത്രം കൊടുത്തിരുന്ന 'കാല'ത്തിന്റെ കഥയാണ് നാലുകെട്ടും പറയുന്നത്.തറവാട്ടുകാരണവരൊഴികെ എല്ലാവരും കെടുതിക്കയത്തിലകപ്പെട്ടുപോയൊരു നാലുകെട്ടിലെ മൂന്ന് തലമുറയുടെ കഷ്ടപ്പാടുകൾ വിവരിക്കുന്ന  'നാലുകെട്ടി'ലെ സ്ത്രീകഥാപാത്രങ്ങളെ സൂക്ഷ്മമായി  വിലയിരുത്തുന്നത്  രസകരമാണ്.
      ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളെപരിചയപ്പെടാം.തറവാട്ട് കാരണവർ കുഞ്ഞികൃഷ്ണൻ. പൂന്തോട്ടത്തുനിന്നും സംബന്ധംകഴിച്ച് ഭാര്യയേയും ,ഇളയമകൾഅമ്മിണിയേയും സ്വന്തംതറവാട്ടിൽ പാർപ്പിച്ച്,തറവാട്ടുവരുമാനത്തിന്റെ ഒരോഹരി കൃത്യമായി ഭാര്യവീട്ടിൽ എത്തിക്കുന്നു. കുഞ്ഞീഷ്ണന്റെ സഹോദരിക്ക് പത്തുവയസ് ഇളപ്പമുണ്ട്.അവർക്ക് ഒരുമകൻ,കുട്ടൻ.കാരണവരുടെഒരുചാർച്ചക്കാരിയെ മംഗലംകഴിച്ചു.അധികകാലംകഴിയുന്നതിനുമുമ്പേ മരിച്ചു. ഒരു പെൺകുട്ടിയുണ്ട്,മാളു.

കുട്ടന്റെ ഒരു സഹോദരി കുഞ്ചുക്കുട്ടി .പറമ്പത്തുമനയിലെ അപ്ഫൻ നമ്പൂതിരി പുടകൊടുത്തു.ഭാസ്കരൻ, കൃഷ്ണൻ കുട്ടി ,തങ്കം എന്നിവർ മക്കൾ.രണ്ടാം സഹോദരി മീനാക്ഷി. അച്യുതൻ നായരെന്ന കച്ചവടക്കാരൻ പുടകൊടുത്തു. മക്കളില്ല.അയാൾ സാമ്പത്തികമായി തകർന്ന് തറവാട്ടിൽ അധികപ്പറ്റായി കഴിയുന്നു.ഇളയ സഹോദരി പാറുക്കുട്ടി വിവാഹത്തലേന്ന് കാമുകൻ കോന്തുണ്ണിനായരോടൊപ്പം തറവാട്ടിൽ നിന്ന് രക്ഷപ്പെട്ടു. കഥാനായകനായ അപ്പുണ്ണിഅവരുടെ ഏകപുത്രനാണ്.

       പ്രണയത്തിൻറെ കാണാച്ചരടുകൾകൊണ്ട് ബന്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് ഇവരിലേറെയും .പക്ഷേ  അവരുടെ പ്രണയകാരണങ്ങളൊന്നും  മഹത്തായ പ്രണയമായിരുന്നില്ല. അല്ലെങ്കിൽ അത്തരമൊരു പ്രണയത്തിന് പാത്രമാവാൻ  പറ്റിയ കഥാപാത്രങ്ങളൊന്നും അവരിൽ ഇല്ല.
ആദ്യ ഭാര്യ മരിച്ച,രണ്ടാം ഭാര്യയെ ഒഴിവാക്കിയ, ചുണ്ടിലും കൈവെള്ളയിലും അറപ്പ്  തോന്നിക്കുന്ന പാണ്ടുള്ള, കാടും മലയും കളങ്ങളുമുള്ള,സമ്പന്ന വൃദ്ധനിൽ നിന്ന് രക്ഷപ്പെടാനാണ് പുഴവക്കിൽ പരിചയപ്പെട്ട കോന്തുണ്ണിനായരോടൊപ്പംപാറുക്കുട്ടിയമ്മ ഓടിപ്പോയത് .അന്ന് വിവാഹം കഴിക്കാൻ വരുന്നത് ഏതെങ്കിലും തരത്തിൽ അഭികാമ്യനായ ഒരാൾ ആയിരുന്നുവെങ്കിൽ അവർ ഒരിക്കലും ഒരു ഒളിച്ചോട്ടത്തെക്കുറിച്ച് ചിന്തിക്കുകയേ ഇല്ല.പകിടകളിക്കാരനും കള്ളുകുടിയനുമായ കാമുകനെ, രാവുംപകലും തൊടിയിൽനിന്നുകയറാത്ത അദ്ധ്വാനിയായ കെട്ടിയവനാക്കിയ രാസമാറ്റമായിരുന്നു ആ വിവാഹം.

     കോന്തുണ്ണിനായർ മരിച്ച് ആശ്രയത്തിന്  ആളില്ലാതെ കുഴങ്ങിയപ്പോളാണ് അവർ ശങ്കരൻനായരുടെ സഹായം തേടിയത്. ഭർത്താവ് മരിച്ച യുവതിയുടെ വീട്ടിൽ സന്ദർശകനായോ സഹായിയായോ എത്തുന്ന ആളെക്കുറിച്ച് നാട്ടുകാർ അപഖ്യാതി പറഞ്ഞത്, തൽക്കാലം പാറൂട്ട്യമ്മയെ ബാധിക്കാതിരുന്നതിന് രണ്ടുകാരണങ്ങളുണ്ട് .
ഒന്ന്,മകനെ പഠിപ്പിക്കണം, അതിന് ഒരു സഹായി കൂടിയേകഴിയൂ. മറ്റൊരാളെ കണ്ടെത്താൻ ഇല്ല.
 രണ്ട്, അയാൾതൻറെ തറവാട്ടിലെ ജോലിക്കാരനായിരുന്നു .പുരമേയാനും പുറമ്പണിക്കുമായിതന്റെ തറവാട്ടിൽ വന്നിരുന്ന പണിക്കാരൻ.ആ യജമാനത്തഭാവം അവരിൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല . ഇല്ലത്തെസഹ ജോലിക്കാരനായി അയാളെ കാണേണ്ടി വരുമ്പോൾ ഉണ്ടായ സംഭ്രമത്തിന് കാരണം മറ്റൊന്നല്ലല്ലോ . മലവെള്ളം മദിച്ചെത്തുന്ന രാത്രിയിൽ രക്ഷപ്പെടാനുള്ള നാട്ടുകാരുടെ നിർബന്ധത്തെ അവഗണിച്ച് തൻറെ കുടിലിൽ തന്നെ കിടന്ന് മരണമാണ് വരുന്നതെങ്കിൽ അതും സ്വീകരിക്കുക എന്ന തീരുമാനം എടുക്കുന്നതിലേക്ക് പാറുക്കുട്ടി അമ്മയെ സ്വാധീനിച്ച മനോഭാവം എന്താണ്?   മകൻറെ വേർപാടിൽ വല്ലാതെ നൊന്തുപോയത് കൊണ്ടാവുമോ. തന്നെക്കുറിച്ചുള്ള  അപവാദം അവനും വിശ്വസിച്ചതിലുള്ള മോഹഭംഗം മാത്രമാണ് സ്വയം മരണത്തിനു വിട്ടു കൊടുക്കാൻ അവരെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. മലവെള്ളത്തിൽ നിന്നും  രക്ഷിച്ചു കൊണ്ടുപോയ ആളോട് ഒപ്പംജീവിക്കുന്ന പാറൂട്ട്യമ്മയുടെ മനോവ്യാപാരം നമുക്ക് വെളിവാക്കുന്നതേയില്ല. പക്ഷേ അതുവരെയുള്ള കഥാപാത്രത്തിൻറെ പൊതു സ്വഭാവത്തിൽ നിന്നും നമുക്കത് ഊഹിക്കാവുന്നതേയുള്ളൂ. ചുരുക്കി പറഞ്ഞാൽ നാലുകെട്ടിലെ ഏറ്റവും കരുത്തയായ സ്ത്രീ കഥാപാത്രം തറവാടിന് അപമാനം വരുത്തി വച്ചു കൊണ്ട്  കല്യാണത്തലേന്ന് കാമുകനോടൊപ്പം ഒപ്പം ഒളിച്ചോടിയതിലോ, മകൻറെ സംശയം ശരിയാക്കുന്ന തരത്തിൽ ശിഷ്ടജീവിതം മറ്റൊരു പുരുഷനോടൊപ്പം കഴിഞ്ഞുകൂടാൻ  തീരുമാനിക്കുന്നതിലോ  പ്രണയം ഒരു ഘടകമേയല്ല .തനിക്ക്  സുഖമായി ജീവിക്കാൻ കണ്ടെത്തുന്ന തുരുത്തുകൾ മാത്രമാണ്  ഈ ആണുങ്ങൾ. മനയിൽ ജോലിക്കാരിയായി കൂടിയ കഷ്ട ജീവിതത്തിലൊരിക്കലും, അവർ പ്രലോഭനങ്ങൾക്ക് വശപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ് .വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ചില നോട്ടങ്ങളുടെ ചൂണ്ടക്കൊളുത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്ന് അറിയുമായിരുന്ന അവർ ഇല്ലത്തെ ജീവിതകാലം മുഴുവനും തികഞ്ഞ ശ്രദ്ധ പുലർത്തിയിരുന്നു. അതായത് ജീവിതത്തിൽ താൻ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന വിചാരമോ ,വന്നുചേർന്ന സങ്കടത്തിൽ നിന്ന്  എങ്ങനെയെങ്കിലും കര കയറണംഎന്ന വിചാരമോ അവർക്ക് ഉണ്ടായിട്ടില്ല എന്ന് സാരം .കുടുംബ ജീവിതത്തോടും സാമൂഹ്യബന്ധങ്ങളോടും ആ കഥാപാത്രം പുലർത്തുന്ന ശ്രദ്ധയും താൽപര്യവും ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാം. ആചാരത്തെയും സമൂഹത്തിൽ നിലനിർത്തേണ്ട സൽ പേരിനെയുംപറ്റി അടിയുറച്ച അവബോധം ഉണ്ടായിരുന്ന അവരുടെ വിവാഹങ്ങൾഒന്നും പ്രണയം കൊണ്ടായിരുന്നില്ല എന്നിടത്താണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത നാം മനസ്സിലാക്കുന്നത്.

   തറവാട്ടു കാരണവരുടെ ഇളയ മകൾ അമ്മിണി ആണ് നോവലിലെ ശ്രദ്ധേയയായ മറ്റൊരു കഥാപാത്രം അപ്പു അവളെ ആദ്യം കാണുമ്പോൾ  അവൾ അരയ്ക്കു മുകളിൽ  നഗ്നയായിരുന്നു സർപ്പപ്പാട്ടിന്റെ താളത്തിനൊപ്പം ഇളകുന്നശരീരം അല്പം ലജ്ജയോടെയാണ് അവൻ കണ്ടത് ആദ്യം മുതലേ അപ്പുവിനോട് പ്രത്യേക താൽപര്യം അവൾ കാട്ടിയിരുന്നു അർദ്ധരാത്രിയിൽ ആരും അറിയാതെ അപ്പുവിനടുത്ത് വന്നു കിടന്ന് അവൻറെ പേടി പരിശോധിക്കുന്നഈ പെൺകുട്ടി എത്രമേൽ  കാമാതുരയായ ആണ് എന്നറിയണമെങ്കിൽ  അവരുടെ ബന്ധുത്വ ത്തിൻറെ  സ്വഭാവം കൂടി പരിഗണിക്കണം തൻറെ അച്ഛൻ പെങ്ങളുടെ  മകളുടെ മകനാണ് അവൻ മുറപ്രകാരം  മകൻറെ സ്ഥാനത്ത് വരുന്നവൻ പ്രായവ്യത്യാസം  കേവലം മൂന്നു വയസ്സേയുള്ളൂ ചേച്ചി എന്നാണ് വിളിക്കുന്നത് എങ്കിലും പത്തൊമ്പത് വയസ്സുകാരിക്ക് താൻ ആരോട് എന്താണ് ചെയ്യുന്നതെന്ന് എന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കുമല്ലോ കാമം മേനി  ഉരുക്കുമ്പോൾ എന്തു മുറ സ്വന്തം തറവാട്ടിലേക്ക് തിരിച്ചുപോകുന്നതിൻറെ തലേ രാത്രിയിലും അവൾ അവൾ അപ്പുവിൻറെ ഉറക്കറയിൽ എത്തുന്നുണ്ട് പിന്നീടവൾ വിവാഹിതയായി ആദ്യപ്രസവത്തിനടെ മരിച്ചു പോകുന്നു

      മാളു ആണ്  കഥയിലെ മറ്റൊരു ശ്രദ്ധേയ സ്ത്രീ കഥാപാത്രം ഏഴാം ക്ലാസ് പൊതുപരീക്ഷയെഴുതി നിൽക്കുന്ന സമയത്താണ് ചെറിയ കുട്ടിയായ മാളു അപ്പുവിനെ കാണുന്നത് കറുത്ത് കൂർത്ത മുഖമുള്ള  അവളെ അപ്പുവിന് ഇഷ്ടപ്പെട്ടില്ല പക്ഷേ  അവൾക്ക് ആദ്യം മുതലേ  അപ്പുവിനോട് വലിയ താല്പര്യം ഉണ്ടായിരുന്നു അപ്പു അവളോട് കാണിച്ച നിരാസം അവൾ ഗൗനിച്ചതേയില്ല ആദ്യകാഴ്ചമുതൽ അവസാനം വരെ ആ രാധികയെ പോലെ അവൾ  അപ്പുവിനു ചുറ്റും ഉണ്ടായിരുന്നു പണക്കാരനായി തിരികെയെത്തിയ അപ്പുവിനോട് അവളെ വിവാഹംചെയ്യാമോ എന്ന പ്രാർത്ഥനയെ അപ്പുണ്ണി  പരിഹസിച്ചപ്പോഴും അവൾ പ്രണയപരവശയായിരുന്നിരിക്കണം! ഇനിയുള്ള  സ്ത്രീ കഥാപാത്രങ്ങളിലേക്ക്  നോവൽ ആഴത്തിൽ കടന്ന് ചെല്ലുന്നില്ല തറവാട്ടിൽ  അടിഞ്ഞുകൂടിയ വെറും ചവറു മാത്രമായി തൻറെ ഭർത്താവ് ജീവിച്ചിരുന്നപ്പോഴും അയാളുടെ മരണത്തിൽ  വിധവയായി മാറിയപ്പോഴും മീനാക്ഷിയിൽ എന്തെങ്കിലും മാറ്റം കാണുന്നില്ല തറവാട്ടിലെ വേലക്കാരിയായി ജീവിച്ച് തൻറെ കഷ്ടപ്പാടുകളെ  നിസ്സംഗമായി അനുഭവിക്കുന്ന  ആത്മാവില്ലാത്ത കഥാപാത്രമായി മീനാക്ഷി പിന്നെയും ജീവിക്കുന്നു

കാലാതിവർത്തിയായ നോവലാണ് നാലുകെട്ട് അതിലെ സ്ത്രീകഥാപാത്രങ്ങളെ  നാം സൂക്ഷ്മമായി  നിരീക്ഷിച്ചുവല്ലോ. ഒരു കഥാപാത്രത്തെ വിട്ടുകളഞ്ഞത്  അവരിൽ മനുഷ്യത്വത്തിന് കണികയെങ്കിലും ഇല്ലാത്തതുകൊണ്ടാണ് . അല്ലാത്തവരിൽ ഒരാൾ അതിജീവനത്തിൻറെ കുപ്പായം ആയി മാത്രം പ്രണയത്തെ കാണുന്നവൾ. ഇനിയൊരാൾ  ആസക്തിയുടെ ആൾരൂപം. സ്നേഹവും പ്രണയവും തിരിച്ചറിയാതെ, തന്നേ പരിഗണിക്കാത്ത  ഒരു പുരുഷനൊപ്പം മനസ്സുകൊണ്ട് വലംവയ്ക്കുന്ന മറ്റൊരുവൾ. നാലുകെട്ടിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഒന്നുകിൽ അധമകൾ അല്ലെങ്കിൽ ആത്മാവില്ലാത്തവർ

രതീഷ് കുമാർ