06-01-20b

📚📚📚📚📚📚
രാജീവ് ഗാന്ധി വധം
മറയ്ക്കപ്പെട്ട ഏന്റെ സത്യങ്ങൾ

നളിനി മുരുകൻ

വിവ:ഇടമൺ രാജൻ.
ഗ്രീൻ ബുക്സ്
പേജ് 410
വില  450

ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥയിൽ നിങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ടെങ്കിൽ ഈ പുസ്തകം ഒരിക്കലും വായിക്കരുത്. ഈ മുന്നറിയിപ്പ് അവഗണിച്ച് പുസ്തകം വായിച്ചാൽ പ്രിയപ്പെട്ട വായനക്കാരാ, നിങ്ങളുടെ പഴയ വിശ്വാസം നിങ്ങളെ കൈവെടിഞ്ഞിട്ടുണ്ടാവും. ഇന്ത്യൻ ഗവൺമെന്റ് ഇത് നിരോധിക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിനാൽ നമുക്ക് അഭിമാനിക്കാൽ അൽപ്പം ചിലത് ബാക്കിയുണ്ടായിരിക്കുന്നു .
    തന്റെ അഭിപ്രായങ്ങളിലുറച്ചുനിന്ന്,എതിർക്കുന്നവരോട് പോരടിച്ച് ഒറ്റക്കുജീവിക്കാൻ ധൈര്യം കാട്ടിയ പ്രൗഢയുവതി-നളിനിയെപ്പറ്റി അവർതന്നെവരച്ചുവച്ച ചിത്രമാണിത്.

 27-5-1964,നെഹ്രു അന്തരിച്ചദിവസം. അന്നാണ് ഏറ്റവുമധികം കാലം ജയിൽജീവിതമനുഭവിക്കേണ്ടിവന്ന (നിരപരാധി)സ്ത്രീ ജനിച്ചതും.ഗാന്ധിയനായ രത്തിന സഭാപതി യുടെമകൾ പത്മാവതിയാണ് (ഗാന്ധിജിയാണത്രേ പേരിട്ടത്)ആ സ്ത്രീ യുടെ മാതാവ്. രാജീവ് ഗാന്ധി വധക്കേസിൽ ആകുടുംബം മുഴുവൻ ജയിലിലായി. കേസുമായി ഒരുതരത്തിലും ബന്ധപ്പെടുത്താൻ കഴിയാത്ത,ബുദ്ധിയുറക്കാത്ത അനുജൻ ഭാഗ്യനാഥനേയും,അനുജത്തി കല്യാണിയേയും കുറേനാൾ പീഡിപ്പിച്ച ശേഷം വിട്ടയച്ചു. നെടുനാളത്തെ ജയിൽവാസത്തിനൊടുവിൽ സുപ്രീം കോടതി വധശിക്ഷ റദ്ദ് ചെയ്തപ്പോൾ മോചിതരായി. നളിനിഇപ്പോഴും ജയിൽ ജീവിതം തുടരുന്നു. ജീവപര്യന്തം ശിക്ഷലഭിച്ച് 27വർഷമായി തുടരുന്ന ജയിൽ ജീവിതം.

   പത്മാവതിയെ വിവാഹം ചെയ്തത് പോലീസ് സബ് ഇൻസ്പെക്ടർ ശങ്കരനാരായണൻ ആണ് (രണ്ടാം വിവാഹം). സുഖകരമല്ലാത്ത ആ ദാമ്പത്യം ഇടയിൽ തകർന്നു പോയി .മൂത്ത മകളാണ് നളിനി .ഭാഗ്യനാഥൻ എന്ന അനുജനും കല്യാണി എന്ന അനുജത്തിയും ഉണ്ട്. അമ്മയുമായുള്ള  ശീതസമരത്തെ തുടർന്ന്- ആനബോണ്ട് സിലിക്കോൺ കമ്പനിയിൽ ജോലിക്കാരിയായിരിക്കെ- ഒറ്റക്ക് താമസമായി. പിതാവുമായി പിരിഞ്ഞതിനാൽ അമ്മ മൈലാപ്പൂർവിട്ട് റോയൽപ്പേട്ടയിൽ മറ്റൊരു വീടെടുത്ത് താമസമായി. അമ്മയെയും മകളെയും ഒന്നിപ്പിക്കാൻ അനുജന്റെ സുഹൃത്തായ  ശ്രീലങ്കൻ യുവാവ് ദാസ് ശ്രമിക്കുന്നു. തമിഴ് പുലി ആയിരുന്ന സഹോദരൻറെ മരണം മൂലം നാട്ടിൽ നിൽക്കാൻ അയാൾക്കാവുമായിരുന്നില്ല. വളരെ മോശം സാമ്പത്തിക സ്ഥിതി. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്
തമിഴ്നാട്ടിൽ തങ്ങുന്നത്. ശ്രീലങ്കൻ തമിഴ് ആളുകളോട് ഭരണാധികാരികൾ ഉൾപ്പെടെയുള്ള തമിഴർക്കു വലിയ അനുഭാവം ഉള്ളത് കൊണ്ട് താമസിക്കാൻ ബുദ്ധിമുട്ടില്ല. നളിനിയുമായുള്ള പരിചയം പ്രണയമാവാൻ അധികകാലം വേണ്ടിവന്നില്ല. വീട്ടുകാരറിയാതെ അവർ വിവാഹിതരാവുകയും,രണ്ടുനാൾ ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ശ്രീലങ്കൻ തമിഴ് പോരാളികളുടെ ഒത്തുചേരൽ സ്ഥലമായ ശുഭസുന്തരത്തിന്റെ സ്റ്റുഡിയോവിൽ നിന്നും ഭാഗ്യനാഥൻ പേരറിവാളനുമായി ചങ്ങാത്തത്തിലായി. അവിടെ വന്നെത്തിയ ശ്രീഹരന്റെ കള്ളപ്പേരാണ് ദാസ്. ഇയാളുടെ നാട്ടുകാരനായ ശിവരാജനാണ് വിദേശത്തുകൊണ്ടുപോകാമെന്ന് ഏറ്റിരുന്നത്. ഈ ശിവരാജൻ, ധനു,ശുഭ എന്നിവരെ നളിനിക്ക് പരിചയപ്പെടുത്തുന്നു. നാട്ടിൽ പുറത്തിറങ്ങാൻപോലും സ്വാതന്ത്ര്യം ഇല്ലാത്ത പെൺകുട്ടികളാണെന്നുപറഞ്ഞ് നളിനിയോടൊപ്പം കടകളിൽ കറങ്ങിയും
,സിനിമകണ്ടും ചുറ്റിത്തിരിയുന്നു. ശിവരാജനും,ശുഭയും,ധനുവുംചേർന്ന് നടത്തിയ രാജീവ് ഗാന്ധി വധത്തിൽ നളിനി തുടങ്ങിയവരെ
 മറയാക്കുകയാണെന്ന് സംഭവം നടന്ന ശേഷമാണ് തിരിച്ചറിയുന്നത്. കേസിൽ അറസ്റ്റുചെയ്ത് കുറ്റപത്രത്തിൽ പ്രതിചേർക്കപ്പട്ട മുഴുവൻപേർക്കും ടാഡാകോടതി വധശിക്ഷ വിധിച്ചു.
       
 താൻ തികച്ചും നിരപരാധിയാണെന്നും ഈ കേസുമായി തന്നെ ബന്ധിപ്പിക്കുന്ന യാതൊരുതെളിവും ലഭിച്ചിട്ടില്ലെന്നും നളിനി വിശദീകരിക്കുന്നു. തന്റെ ഭർത്താവിന് മുരുകൻ എന്ന് പോലീസ് പേരിട്ടതാണെന്നും കേസ്ഡയറിയിൽ പരാമർശിക്കുന്ന ആ മുരുകനുതന്നെയും ഈ കേസുമായി ബന്ധമുണ്ടെന്ന സൂചനപോലുമില്ലെന്നും അർത്ഥശങ്കക്കിടയില്ലാതെ തെളിയിക്കാനും നളിനിക്കാവുന്നുണ്ട്.

 പ്രിയങ്ക ഗാന്ധി നളിനിയെ കാണാൻ  ജയിലിലെത്തിയതും അവർ തമ്മിലുണ്ടായ സംഭാഷണവും നളിനിയുടെ ജീവിതത്തിലെ ഒരു ഉജ്ജ്വലമുഹൂർത്തം ആണ്. തൻറെ നിരപരാധിത്വം പ്രിയങ്കയെ ബോധ്യപ്പെടുത്താനായി എന്ന ആത്മവിശ്വാസം നളിനിക്കുണ്ട്. ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടായപ്പോഴൊക്കെ തങ്ങളെ ഭാരതസർക്കാർ ഉപയോഗിച്ചിട്ടുണ്ടെന്നും;അത്തരത്തിൽ ഒരു ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമാണ് പ്രിയങ്കയുടെ സന്ദർശനം എന്നും നളിനി ആരോപിക്കുന്നുണ്ട്.

     സിബിഐ യും അവരുടെ കോടതിയും എത്ര മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് പറയുന്നത് ഉൾക്കിടിലത്തോടെയേ അറിയാനാവൂ. തന്നെ ആദ്യം അറസ്റ്റുചെയ്ത പോലീസുകാരന്റെ രതിവൈകൃതവും സിബിഐ കുറ്റം സമ്മതിപ്പിക്കാനുപയോഗിക്കുന്ന കൊടിയ ശിക്ഷകളും കേവലസൂചനകളിലൊതുക്കുന്നതേയുള്ളു. താൻ നിരപരാധിയാണെന്നതിന്റെ തെളിവുകളും, പ്രോസിക്യൂഷൻ നിർമ്മിച്ച തെളിവുകളും സാക്ഷികളും
അസത്യമാണെന്നതിന്റെ വിശദീകരണങ്ങളും, ടാഡ കോടതിയുടെ വിധിന്യായത്തിലുള്ള പൊരുത്തക്കേടുകളും നീതിനിഷേധവും,... ഒക്കെയാണ് വിശദമായി അവതരിപ്പിക്കുന്നത്.

   ഒന്നുറപ്പിക്കാം. ഈ പുസ്തകം വായിച്ചു തീർത്ത ഒരാൾ നളിനി കുറ്റവാളിയാണ് എന്ന് സംശയിക്കുകയേ ഇല്ല. കൃത്രിമ തെളിവുകൾ ഉണ്ടാക്കിയും, പ്രതികളുടെ ഭാഗം കേൾക്കാതെയും അവരുടെ തെളിവുകൾ പരിശോധിക്കാതെയും വിധിപ്രസ്ഥാവിക്കാൻ ചില ന്യായാധിപൻമാർക്കെങ്കിലും മനസുറപ്പുണ്ടാകുമെന്ന പേടി അവരിൽ ജനിക്കുകയും ചെയ്യും.

ഇടമൺ രാജന്റെ വിവർത്തനത്തിൽ മലയാളം പലയിടത്തും തമിഴിന്റെ വഴിയിലായിപ്പോയിട്ടുണ്ട്.

നളിനി പറയുന്നതിനെല്ലാം മറുപുറമുണ്ടായേക്കാം. എങ്കിലും എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നുന്നു.

രതീഷ്‌ കുമാർ
6/1/2020.
🌾🌾🌾🌾🌾🌾