06-01-20

📚📚📚📚📚📚
ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം


 ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് പ്രൊഫ. എം കെ സാനു തയ്യാറാക്കിയ പുസ്തകമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം.

 മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക് കവിയെക്കുറിച്ച് അനവധി ജീവചരിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സാനുമാഷ്  ഹൃദയ സ്പര്‍ശിയായ ഭാഷയില്‍ എഴുതിയ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’മറ്റു ജീവചരിത്രങ്ങളെയെല്ലാം ഏറെ പിന്നിലാക്കി .

1988ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ഭാഷയിലെ കാവ്യാത്മകമായ ലാളിത്യവും ഹൃദയത്തില്‍ തൊടുന്ന അവതരണവും ഈ ജീവചരിത്രത്തിന് അനേകായിരം ആരാധാകരെ ഇന്നും സൃഷ്ടിക്കുന്നു. മൊത്തം പത്തൊന്‍പത് അധ്യായങ്ങളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സനേഹഭാജനം എന്ന പുസ്തകത്തിലുള്ളത്.

രചനയെപ്പറ്റി സാനുമാഷ്.

ചങ്ങമ്പുഴ കൃഷ്ണപിള്ള
യുടെ ജീവചരിത്രം രചിക്കാനുള്ള പരിശ്രമം ഞാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പലരെയും കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. പലരുമായും അഭിമുഖസംഭാഷണം നടത്തി. കത്തുകളും രേഖകളുമായി കുറച്ചേറെ കാര്യങ്ങള്‍ സംഭരിക്കയും ചെയ്തു… കാലം ദ്രുതഗതിയില്‍ കടന്നുപോയതിനിടയ്ക്ക്, ഞാന്‍ ശേഖരിച്ചുവച്ച പലതും കൈയില്‍നിന്നു നഷ്ടപ്പെട്ടു. ആളുകള്‍-ചങ്ങമ്പുഴയുടെ ബന്ധുക്കളും സ്‌നേഹിതരും-നല്കിയ വിവരങ്ങളില്‍ പൊരുത്തമില്ലാത്ത പലതുമുണ്ടായിരുന്നു. പരസ്പരം നിഷേധിക്കുന്ന വസ്തുതകളുമുണ്ടായിരുന്നു. അവയ്‌ക്കെല്ലാം ഒരു ‘പാറ്റേണ്‍’ നല്കി ഞാന്‍ ക്രമീകരിച്ചിരുന്നു. അവയും കാലപ്രവാഹത്തില്‍ അപ്രത്യക്ഷമായി. എങ്കിലും, കൈയിലുള്ളതെല്ലാം ചേര്‍ത്ത് എന്റെ എളിയ മനസ്സിന് ആവുന്നരീതിയില്‍ ഒരു ജീവചരിത്രത്തിന് ഞാന്‍ രൂപം നല്കി-അതാണ് ഈ പുസ്തകം. ശ്രീമതി ശ്രീദേവി ചങ്ങമ്പുഴ, സര്‍വ്വശ്രീ പോട്ടയില്‍ എന്‍.ജി. നായര്‍, ചങ്ങമ്പുഴ പ്രഭാകരന്‍, ശ്രീകുമാര്‍ മുതലായവരോട് ഞാന്‍ അത്യധികം കടപ്പെട്ടിരിക്കുന്നു. അവര്‍ നല്കിയ സഹകരണം വിലപ്പെട്ടതാണ്.

വസ്തുതാപരമായി ചില പാളിച്ചകള്‍ ഇതില്‍ വന്നുപോയിട്ടുണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും, പലരോടും ചോദിച്ചും അന്വേഷിച്ചും സമ്പാദിച്ച വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം പുസ്തകം രചിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. ആ പരിശ്രമത്തിലുള്ള ആത്മാര്‍ത്ഥതയോര്‍ത്തെങ്കിലും, എനിക്കു പറ്റിയിരിക്കാവുന്ന തെറ്റുകള്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. സഞ് ജീവിക്ക് ചങ്ങമ്പുഴ അയച്ച കുറച്ചു കത്തുകള്‍ ശ്രീ സുകുമാരന്‍ പൊറ്റെക്കാട്ട് സ്‌നേഹപൂര്‍വ്വം എനിക്കു തന്നിരുന്നു. ചങ്ങമ്പുഴയോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയും സ്‌നേഹവും പുലര്‍ത്തിയ ആ വിശിഷ്ടവ്യക്തിയുടെ കത്തുകളും കൈമോശം വന്നുപോയി. കുറ്റബോധത്തോടെ ആ വിവരം ഇവിടെ രേഖപ്പെടുത്തുകയല്ലാതെ മറ്റെന്തു നിവൃത്തി?
ഈ പുസ്തകം രചിക്കാന്‍ സഹായിച്ചവര്‍ പലരാണ്. അവരുടെ നേര്‍ക്ക് എനിക്ക് നിസ്സീമമായ കൃതജ്ഞതയുണ്ട്. ആരുടെയും പേരെടുത്തു പറഞ്ഞ് ആ കൃതജ്ഞതാബോധത്തെ മലിനീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പലര്‍ക്കും രുചിക്കാത്ത പല കാര്യങ്ങളും ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ-പരമ്പരാഗതസദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാവൂ എന്ന ധാരണയാണ് എന്നില്‍ ആധിപത്യം ചെലുത്തിയത്. ബാഹ്യചേഷ്ടകളില്‍ മാത്രം ഒതുക്കിക്കാണുന്ന സദാചാരബോധം അത്ര ആരോഗ്യകരമാണെന്ന പക്ഷവും എനിക്കില്ലല്ലോ.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴും, പരിശുദ്ധമായ സ്‌നേഹത്തോടെ ഈ യത്‌നത്തില്‍ എന്നെ സഹായിച്ചവരെക്കുറിച്ചുള്ള ഓര്‍മ്മ തെളിഞ്ഞുവരുന്നു. അത് സൗരഭ്യമായി എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.

നമുക്ക് പുസ്തകത്തിലേക്ക് കടക്കാം.

    അതിനുമുമ്പ് ഒരു വാക്ക് 1992 ജൂലൈ നാല് അഞ്ച് തീയതികളലായി ഞാൻ ഈ പുസ്തകം വായിച്ചപ്പോൾ  താല്പര്യത്തോടെ കുറിച്ചു വച്ചതാണ് ഇനി എഴുതുന്നതെല്ലാം. ഒരുപ്രാവശ്യം കൂടി പുസ്തകം നോക്കി കുറ തീർക്കണമെന്നുണ്ടായിരുന്നു. പക്ഷേ അത് നീണ്ടു പോവുകയാണ്. അതിനാൽ അന്ന് എഴുതി വെച്ച മാതിരി ഡിജിറ്റലാക്കുന്നു എന്നുമാത്രം. തെറ്റുകുറ്റങ്ങൾ ഉണ്ടാവും. ആരും ക്ഷമിക്കരുതെന്നു മാത്രം അഭ്യർത്ഥിക്കട്ടെ. തെറ്റുകൾ തരുത്തപ്പെടുകതന്നെ വേണമല്ലോ.
__________
 ഒന്നാം അധ്യായം
----------------------------
   നൈരാശ്യത്തിലെ ദീപനാളം

1946ൽ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമാണ്.

"ചെന്നായിൻഹൃത്തിനും ഭുവിനരഹൃദയത്തോളമയ്യോ, കടുപ്പം-
വന്നിട്ടില്ലാ ഭുജിപ്പൂ മനുജനെ മനുജൻ;നീതികൂർക്കംവലിപ്പൂ.
നന്നാവില്ലീപ്രപഞ്ചം;ദുരയുടെ കൊടിയേ പെങ്ങു: നാറ്റംസഹിച്ചും-
നിന്നീടാനിഛയെന്നോ മഠയ,മനുജ,നീ പോക മിണ്ടാതെ ചാകൂ".
എന്ന ശാപവും. പിന്നെ ആത്മനാശത്വരയും:-
"എന്നെപ്പോലുമെനിക്കു നേർവഴിനടത്താനൊട്ടുമാകാത്തഞാ-
നന്യന്മാരെ നയിച്ചു നായകപദ പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോർക്കാതെ തുള്ളുന്നഞാ-
നെന്നെത്തന്നെ മറന്നു;കല്ലുകളെറിഞ്ഞെൻകാലൊടിക്കൂ വിധേ".

    കൊല്ലവർഷം 26/4/1122ൽ അദ്ദേഹം പി കെ ബാലകൃഷ്ണന് അയച്ച വിശദമായ കത്ത് കവിയുടെ അകവും പുറവും വ്യക്തമാക്കുന്നു. മംഗളോദയം പ്രസ്സിൽ ഇതിൽ ആയിരം രൂപ കടക്കാരൻ ആയത് ,താൻ ഉള്ളിൽ ഉണ്ടായിരുന്നപ്പോൾ  യാതൊരു കഴമ്പുമില്ലാത്തകൃതി  പ്രസിദ്ധീകരിപ്പിച്ചു 500 രൂപ രൂപ എഴുത്തുകാരന് വാങ്ങി കൊടുത്തതും, ഇന്ന് പുറത്തായപ്പോൾ  ഒരു യുവകവിയുടെ ഒന്നാന്തരം കവിത താൻ അയച്ചുകൊടുത്തത്  പ്രസിദ്ധീകരണ യോഗ്യമല്ലാ എന്നുപറഞ്ഞ്  തിരിച്ചയച്ചതും, അമിത മദ്യപാനവും, ഭാര്യയെയും അമ്മയെയും പീഡിപ്പിക്കുന്നതിൽ താൻ അനുഭവിക്കുന്ന നൊമ്പരവും എല്ലാം എല്ലാം ,വരച്ചു കാട്ടുന്നു.

അമിത മദ്യപാനം അദ്ദേഹത്തെ  വേഗം  രോഗിയാക്കി മാറ്റി . കവിയെ പറ്റി സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന തലക്കെട്ടിൽ ഇ എം കോവൂർ പ്രസിദ്ധീകരിച്ച പ്രസ്താവനയ്ക്ക് ഉടനെ ഫലം ഉണ്ടായി .താൻ ഏറെ ആക്ഷേപിച്ച കമ്മ്യൂണിസ്റ്റുകാർ  പിരിച്ചുണ്ടാക്കിയ പണം  ഏറ്റുവാങ്ങിയപ്പോൾ  അദ്ദേഹം വിതുമ്പിപ്പോയി.  പരസ്ത്രീജിതനായി നടന്ന കാലഘട്ടത്തിൽ താൻ ധാരാളം കരയിച്ചിട്ടുള്ള ഭാര്യ  അനങ്ങാനാവത്ത തന്നെ ശുശ്രൂഷിക്കുന്നത്  കണ്ട്  മഹാകവിയിൽ നിറഞ്ഞ തേങ്ങലാണ് 'ദേവി'യാൽ ആരോപിതമായ ഭാര്യാ പരിചരണമാണ്  മനസ്വിനി എന്ന കവിത .

കുറിപ്പെഴുത്ത്
രതീഷ്കുമാർ.
5/7/92
🌾🌾🌾🌾🌾🌾