06-04-20

📚📚📚📚📚📚
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾🌾
എംടിയുടെ പെണ്ണുലകം -5
📚📚📚📚📚📚
രണ്ടാമൂഴം
എം ടി
കറണ്ട് തൃശൂർ
 പേജ് 328
 വില 310   

മഹാഭാരതം കഥ പുനരാഖ്യാനം ചെയ്തത് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവർ ഏറെയുണ്ട്. നോവൽ രൂപത്തിലുള്ള പുനരാഖ്യാനം നടത്തിയതിൽ ഏറ്റവും ശ്രദ്ധേയൻ കെ എം മുൻഷി യാണ്. ദൈവീകപരിവേഷമുള്ള മഹാപാത്രങ്ങളെ സാധാരണ കഥാപാത്രങ്ങളായി അവതരിപ്പിച്ച അദ്ദേഹത്തിൻറെ നാല് നോവലും ഭാരതമൊട്ടുക്കും ആദരിക്കപ്പെട്ടു. ഭീമസേനനെ വീരനും രസികനുമായി  അവതരിപ്പിച്ച'ഭീമസേനൻ' ആ നാലുനോവലിൽ എനിക്കേറ്റംപ്രിയങ്കരമാണ്.
 പി കെ ബാലകൃഷ്ണൻ ഇതിഹാസ സമാനമായ ഭാഷയിലൂടെ 'ഇനി ഞാൻ ഉറങ്ങട്ടെ' അവതരിപ്പിച്ചത് മലയാളം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. അതിനു തൊട്ടു പിന്നാലെയാണ്  എംടിയുടെ മാസ്റ്റർപീസ് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാമൂഴം വരുന്നത്. ഹൃദയ വിശുദ്ധിയും വീരത്വവും തമ്മിൽ മത്സരിക്കുന്ന സ്വഭാവവുമായി ഭീമൻ ഇവിടെ പുനരവതരിക്കുന്നു. മലയാളം സ്വന്തം ഹൃദയത്തോട് ഭീമനെ ചേർത്തുപിടിച്ചു.

      തന്റെ മഹാഭാരത പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു: "ആദ്യത്തെ വ്യാസൻ, കൃഷ്ണദ്വൈപായനൻ ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടിൽ വ്യത്യാസങ്ങളൊന്നും ഞാൻ വരുത്തിയിട്ടില്ല. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങൾക്ക് ആധാരം അദ്ദേഹത്തിൻറെ നിശബ്ദതകളാണ്.  പിന്നീട് വരുന്നവർക്കായി വിട്ടു വച്ച അർത്ഥപൂർണ്ണ നിശബ്ദതകൾ. വരികൾക്കിടയിൽ തന്നെ അദ്ദേഹം നൽകുന്ന സൂചനകൾ ഉണ്ട്.....
പുതിയ കഥാപാത്രങ്ങളെ കൂട്ടു ചേർത്തിട്ടില്ല. വിശോഷകനും ബലന്ധരയുമൊക്കെ ഭാരതത്തിലുള്ളവർ തന്നെ.....
ശിഥിലമായ കുടുംബ ബന്ധങ്ങളും  അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും
എൻറെ ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ....
1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിൻമാറിയ എൻറെ ജീവിത ഘട്ടത്തിൽ അവശേഷിച്ച കാലം കൊണ്ട് എന്തെങ്കിലും എഴുതി തീർക്കണം എന്ന വെമ്പലോടെ മനസ്സിൽ എഴുതാനും വായിച്ച്  വിഭവങ്ങൾ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതി തീരാൻ 1983 ആകേണ്ടി വന്നു."
     കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരത വിവർത്തനത്തിലൂടെ യാണ് എംടി മഹാഭാരതത്തിൽ പ്രവേശിക്കുന്നത് .  അദ്ദേഹം  ഭാരതവിവർത്തനത്തിന് എടുത്ത സമയത്തിന്റെ ഇരട്ടിയിലേറെയാണ് എംടിക്ക് നോവൽ രചനക്കു വേണ്ടിവന്നത് എന്നതുതന്നെ ഈ രചനയിൽ എംടി കാണിച്ച ആത്മാർത്ഥതയ്ക്ക് ഏറ്റവും വലിയ വലിയ ഉദാഹരണം .

*ചോരയുണർത്തുന്ന
       രതിയൂഴം*

    രണ്ടാമൂഴം ഭീമസേനൻറെ മാത്രം കഥയാണ്. അതിൽ മറ്റു കഥാപാത്രങ്ങൾ ക്കൊന്നും വലിയ പ്രസക്തിയില്ല . എങ്കിലും സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം എങ്ങനെ പുനരാവിഷ്കരിച്ചു എന്ന് അന്വേഷിക്കാൻ ഒരു കൗതുകം. പുതിയ കണ്ടെടുപ്പുകളാണല്ലോ പുനരാഖ്യാനത്തിൻറെ ആണി.
       രണ്ടാമൂഴത്തിൽ ഭീമസേനൻ കഴിഞ്ഞാൽ ഏറ്റവും പുതുക്കപ്പെട്ട കഥാപാത്രം പാഞ്ചാലിയാണ്. ഹിഡിംബി,ബലന്ധര,കുന്തി, ഗാന്ധാരി,വിരാടത്തെയും ഹസ്തിനപുരിയിലെയും കൊട്ടാരജോലിക്കാർ ഇങ്ങനെ കുറേ പാത്രങ്ങൾ പരാമർശിതമാവുന്നുണ്ടെങ്കിലും , പാഞ്ചാലിയിൽ(ഒരല്പം കുന്തിയിലും) മാത്രമേ എംടിയുടെ സർഗാത്മകതയുടെ നവപ്രഭ പതിയുന്നുള്ളൂ.
    
     വിവാഹവേദിയിൽ  ചോര ഒഴുക്കാനും യുദ്ധം ചെയ്യാനും നിരന്നുനിന്ന രാജാക്കന്മാരുടെ മധ്യത്തിലും ചിരിച്ചു കൊണ്ടാണ് ദ്രൗപതി നിൽക്കുന്നത്. ബ്രാഹ്മണ വേഷധാരിയായ ഭീമൻ  തൂണ് പറിച്ച് യുദ്ധം ചെയ്തത് അവൾ നന്നായി ആസ്വദിച്ചിട്ടുണ്ട്. ഭീമൻ വിവാഹം ചെയ്തു കൊണ്ടുവന്ന ജലന്ധരയെ അവളൊന്നു നോക്കിയത് കൂടിയില്ല .
രണ്ടു വർഷം കാത്തിരുന്ന് ഭീമന് ലഭിച്ച  ആദ്യരാത്രിയിൽ ക്ഷീണിതയായി കിടന്ന ദ്രൗപതിയുടെ അലസഭാവം അഴിഞ്ഞു വീണത് ഭീമൻ  ജരാസന്ധനുമായി നടത്തിയ യുദ്ധത്തിൻറെ കഥ വിവരിച്ചു കേട്ടപ്പോഴാണ്. "എൻറെ ദേഹം രക്തത്തിൽ കുതിർന്നിരുന്നു. ജരാസന്ധൻറെ രക്തം... എന്റെ ...." എന്നു പറഞ്ഞു തീരുമ്പോഴേക്കും ഒരു ചുഴലിക്കാറ്റ്
 പോലെ ദ്രൗപതി ഭീമനിലേക്ക് ഇരച്ചുകയറി. "എന്നെ ഒരു ചുഴലിക്കാറ്റ് പോലെ അവളുടെ ശരീരം ചുറ്റുന്നു .പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു. വേദനയല്ല മോഹം, മോഹാലസ്യം, അതിൻറെ ശിഖരത്തിനു മുകളിലൂടെ, മന്ദരപർവ്വതം കൊത്തിയെടുത്ത ഗരുഡന്റെ നഖങ്ങളിൽ എന്നോണം  അവശേഷിച്ച രാത്രി ഞാൻ പാറിപ്പറന്നു."
കിർമ്മീരനെ വധിച്ച കഥകേൾക്കാൻ അവൾകാട്ടിയ
അക്ഷമ!.

കാലകേയനെ കൊന്ന  കഥ വിവരിച്ചു കേൾക്കാൻ  അവൾ കാട്ടുന്ന താല്പര്യം അനുപമമാണ്.
വിരാട രാജധാനിയിൽ യുദ്ധത്തിനു വന്ന ജീമൂതനെ കൊല്ലാതെ വിട്ടതിൽ അവൾ സന്തപിക്കുന്നു.
കീചകനെ കൊന്ന രാത്രിയിൽ, ഭീമന്റെ ചുമലിൽ നിന്നൊഴുകുന്ന ചോരകണ്ട് അവൾ അടുത്തു വന്ന് ഉത്തരീയംകൊണ്ടു തുടച്ചു.
 ആളിക്കത്താൻ തുടങ്ങിയ തീയുടെ വെളിച്ചത്തിൽ  അവളുടെ നനവുള്ള ചുണ്ടുകൾ വിടർന്നത് ഭീമൻ കണ്ടു .കൈത്തണ്ടയിൽ, പിന്നെ ശരീരത്തിൽ , അവളുടെ നഖങ്ങൾ അമർന്നു. അജ്ഞാതവാസക്കാലം ആരുടെ ഊഴമാണെന്ന് ആലോചിച്ചില്ല. അപ്പോൾ പഴന്തുണികൾ കത്തിക്കഴിയുന്നു. ദ്രൗപദിയുടെ ശരീരത്തിലെ തീ കത്തിപ്പടരാൻ തുടങ്ങുന്നതേയുള്ളൂ.
യുദ്ധം കണാൻ കൊതിക്കുകയും,യുദ്ധവിവരണത്തിനായി ത്രസിക്കുകയും, ചുടുചോരയുടെ മണമടിച്ചാൽ കാമാസക്തിയുടെ പരകോടിയിലെത്തുകയും ചെയ്യുന്ന കൃഷ്ണ, എംടിയുടെ മൗലികമായ സൃഷ്ടിയാണ്.

      കുന്തിയിലും ചില കണ്ടെത്തലുകൾ അഥവാ മൗലീകനിരീക്ഷണങ്ങൾ എംടി നടത്തുന്നുണ്ട്. ധർമ്മപുത്രപിതാവ് വിദുരനാണെന്ന വ്യാസസൂചനയുടെ ചുവടുപിടിച്ച് ഭീമനൊരു പിതാവിനെ കണ്ടെത്തുന്നു. കൊടുംകാട്ടിൽനിന്നു കയറിവന്ന ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ പേരറിയാത്ത ഒരു കാട്ടാളൻ.
 കുന്തിഭോജന്റെ കൊട്ടാരത്തിൽ മഹർഷിമാരുടെ ദാസ്യപ്പണിക്കിടയിൽ , കുന്തിയോടൽപ്പം കനിവുകാട്ടിയ, വീരനും സുന്ദരനുമായ സൂതന്, കാനീനപുത്രനായ കർണ്ണന്റെ പിതൃത്വവും പതിച്ചുനൽകുന്നു. വിവാഹപ്രായം എത്തുന്നതിനുമുമ്പേ രാജകുമാരിയായ കുന്തി ഗർഭിണിയായത് പ്രായത്തിന്റെ ചാപല്യം കൊണ്ടോ അബദ്ധം പറ്റിയോ അല്ല .തൻറെ കൊട്ടാരത്തിലെ കുതിരക്കാരനോട് തോന്നിയ പ്രണയത്തിൽ നിന്നാണ് . സാഹചര്യം കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ, അബദ്ധംപറ്റിയോ, കുന്തി പ്രസവിച്ചാൽ ശരിയാവില്ല. കാരണം പിഴക്കാൻ വെമ്പിനിൽക്കുന്ന മനസ്സാണ് -രതിമോഹമാണ്- ഏത് പെൺകുട്ടിയിലും ഉള്ളത് : കുന്തിഭോജന്റെ കൊട്ടാരത്തിലെ രാജകുമാരിയായാലും, ഹസ്തിനപുരിയിലെയും വിരാടപുരിയിലെയും കൊട്ടാരം ജോലിക്കാരികൾ ആയാലും.
 ഭീമനെ ആ സ്ത്രീകൾ പ്രലോഭിപ്പിച്ചത് പോലെ കുതിരക്കാരനെ കുന്തിയും പ്രലോഭിപ്പിച്ചിരിക്കാം.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾