03-02-20b

📚📚📚📚📚📚എതിർപ്പ്
പി.കേശവദേവ്

പ്രഭാത് ബുക്ക് ഹൗസ്
പേജ് 376
വില  160(1999)

  കേശവൻറെ ബാല്യത്തിന്റെയും യൗവനത്തിന്റെയും കഥ പറയുകയാണ് പി.കേശവദേവ്. മൂന്നുഭാഗമുണ്ട് ഈ ആത്മകഥക്ക്. കേശവപിള്ളയെ കേശദേവാക്കിയതും വിപ്പവകാരിയാക്കിയതും പൊതുസമൂഹം പുലർത്തിയ സാംസ്കാരിക സങ്കൽപ്പങ്ങളോടുള്ള എതിർപ്പാണ്. വായനയിലൂടെ തുറന്നുവന്ന ആഗോളജീവിതത്തെ സംബന്ധിക്കുന്ന അറിവാണ് കേശവനെ ഒറ്റയാൾ പട്ടാളമാക്കിയത്. സാഹിത്യ പരിശ്രമങ്ങളെ പരാമർശിക്കുന്നുണ്ടെങ്കിലും സാഹിത്യകാരനായ പി.കേശവദേവിനെ ഇതിൽ കാണാനാവില്ല. സാധാരണ ക്കാരനെ വിപ്ലവം സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന കർമ്മണ്യത ആത്മവത്തയായി ഉൾച്ചേർന്ന ജീവിതവഴികൾ ഇഴപിരിയുന്നത് അന്യനെന്നവിധം സമീക്ഷിക്കുകയാണ് അദ്ദേഹം.

ഈ പുസ്തകത്തിലെ പ്രസ്താവനയിൽ ഇങ്ങനെ കുറിക്കുന്നു:"എന്നെ എന്നിൽ നിന്ന് മാറ്റിനിർത്തി, മറ്റൊരാളായി കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയിച്ചിട്ടുണ്ടോ എന്തോ?

 സത്യമേ ഞാൻ എഴുതിയിട്ടുള്ളൂ. സത്യത്തിന് കലാസൗന്ദര്യം കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ട് താനും.

പക്ഷേ ,സത്യം മുഴുവൻ എഴുതിയിട്ടില്ല . എഴുതത്തക്ക പ്രാധാന്യം ഇല്ലാത്തതും ജീവിച്ചിരിക്കുന്ന മറ്റുചിലർക്ക് ദോഷമുണ്ടാക്കുന്നതുമായ സത്യങ്ങളെ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട് ".ഒന്നാം ഭാഗത്തിനായി എഴുതിയ ഈ പ്രസ്താവന ആന ബെല്ല് ഭാഗങ്ങൾക്കും പൊതുവേ ബാധകമാണ് ആണ്

'കൊച്ചു കേശു ഒരു പ്രശ്നമായി' എന്ന തലക്കെട്ടിൽ തൻറെ ജനത്തെ ഒരു നോവലിൽ എന്ന വിധം ചിത്രീകരിച്ചുകൊണ്ടാണ് ആണ് കേശവദേവ് എതിർപ്പുകൾ ആരംഭിക്കുന്നത് കാർത്ത്യായനി അമ്മയുടെ പ്രസവവേദനയുടെ വിവരണത്തിലൂടെ തുടങ്ങി  ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയഒരു കൂട്ടു കുടുംബത്തിൻറെ ദയനീയ ചിത്രം വരച്ചു കാട്ടുന്നു.
കാർത്ത്യായനി അമ്മയുടെ മൂത്ത മകൻറെ പേര് നാരായണൻ എന്നാണ് . കൊച്ചുനാരായണൻ ആറാം ക്ലാസ് വരെ പഠിച്ചു പിന്നെ കുറെ നാൾ ചീട്ടുകളിയും പോക്രിത്തരവും ഒക്കെയായി നടന്നു. പെട്ടെന്ന് ഒരു മനംമാറ്റം ഉണ്ടായി. സംസ്കൃതം പഠിച്ചു. ചെറായി ഇംഗ്ലീഷ് സ്കൂളിൽ മലയാളം മുൻഷിയായി നിയമിക്കപ്പെട്ടു.
കാർത്ത്യായനി അമ്മയുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ മകനും മരിച്ചുപോയി. നാലാമത്തെകുട്ടിയാണ് ശ്രീധരൻ. അഞ്ചാമത് ജാനകി, ആറാമത്തേത് കേശവനും.
       ആലുവാക്കാരൻ ഒരു കർഷകനാണ് അവരുടെ അച്ഛൻ,കൊച്ചുവീട്ടിൽ അപ്പുപിള്ള. അദ്ദേഹം കുടുംബ കാരണവരും ആണ്. പക്ഷേ പത്മനാഭപിള്ളക്കാരണവരെ  (കാർത്യായനി അമ്മയുടെ അനുജൻ) പോലെയല്ല. അദ്ദേഹം ഭരിക്കാത്ത ഭരണാധികാരിയാണ്.അനന്തരവരോടൊപ്പം പണിയെടുക്കുന്ന അദ്ധ്വാനി.

    തീണ്ടാരി പെണ്ണ് ഊണ് കഴിച്ച് സ്ഥലത്ത് ഉണ്ടെന്ന് പറയപ്പെടുന്ന അയിത്തത്തിന് എതിരായാണ് കേശവൻറെ എതിർപ്പ് ആദ്യം ഫലം കണ്ടത് .ചെറിയ കുട്ടിയായ തന്നെ മലക്ക് കൊണ്ടു പോവില്ല എന്ന തീരുമാനത്തിൽ എതിരെയുള്ള പോരാട്ടമായിരുന്നു കൊച്ചു കേശവന്റെ രണ്ടാം സമരം. അതും വിജയകരമായി പര്യവസാനിച്ചു. കുടുംബത്തിൻറെ ഭാഗം പിരിയൽ കാരണവരുടെ ഭരണത്തിൽ നിന്ന് മോചിപ്പിച്ചു എന്നല്ലാതെ കാര്യമായ സാമ്പത്തിക സ്ഥിരത ഉണ്ടാക്കിയില്ല.


  എന്തുചെയ്താലും കേശവന്റെ ഒപ്പം നിൽക്കുന്ന അമ്മയാവണം അയാളുടെ ഏറ്റവും വലിയ ശക്തി . എഴുത്തിനിരുത്തിയപ്പോൾ ഗണപതിക്ക് വെച്ച് അവലും മലരും വാഗ്ദാനം ചെയ്താ അവനെ കീഴടക്കിയ അമ്മ;  അവൻ പഠനം നിർത്തിയപ്പോൾ വല്ലാതെ തർക്കിക്കാൻ നിന്നില്ല. അവന് എന്നെങ്കിലും തോന്നും എന്നും, അവൻ പഠിക്കും എന്നും, ആ അമ്മ വിശ്വസിച്ചു .കേശവൻറെ ജേഷ്ഠൻറെ കാര്യത്തിൽ അത് സത്യമായി. അതുപോലെ അനുജനും പഠിച്ചു കൊള്ളും എന്ന് അമ്മ തീരുമാനിച്ചു. ദാരിദ്ര്യത്തിന്റെ തേരോട്ടം നടക്കുന്ന നാളുകളിൽ തീറ്റപ്രാന്തനായ മകനുവേണ്ടത് എങ്ങനെയെങ്കിലും കരുതുന്ന അമ്മ അതിശയവ്യക്തിത്വമാണ്. പട്ടിണിയിൽ നീറുന്ന മറ്റുകുട്ടികളെയും മുതിർന്നവരെയും അവർക്ക് കാണാതിരിക്കാൻ ആവില്ലല്ലോ. മുഴുപ്പട്ടിണിഅനുഭവിക്കുമ്പോഴും ഭാര്യവീട്ടിലെ കാര്യങ്ങൾ മാത്രമന്വഷിക്കുന്ന കാരണവരായ അനുജനോടവർ എതിർപ്പിന്റെ ചെറുസ്വരംപോലും ഉയർത്തിയില്ല. എല്ലാവർക്കും എന്തെങ്കിലും നൽകി സ്വയം പട്ടിണി വരിക്കാനവർ മടിച്ചിട്ടുമില്ല.
    കാരണവരെ എതിർക്കാൻ കൊച്ചു കേശവൻ മടിച്ചില്ല. പ്ലാവിൻ ചോട്ടിൽ കാരണവർ ഓല കൊണ്ട് മറച്ചുവച്ച ചക്ക കുത്തി കേടു വരുത്തുമ്പോൾ അവൻറെ മന്ത്രം,' ഇല്ല തീറ്റിക്കുകയില്ല" എന്നതായിരുന്നു. കാലമേറെ കഴിഞ്ഞ്, ഭഗത് സിംഗിനെ കഴുമരത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കാത്ത മഹാത്മജി യോടുള്ള അവൻറെ ക്രോധം അതേസ്ഥിരതയിൽ നാം കാണുന്നു." ഗാന്ധി -ഗാന്ധി  സ്വാതന്ത്ര്യത്തിന്റെ ശത്രുവാണ് .കോണകവുമുടുത്തു കൊണ്ട്  പുല്ലും തിന്ന് പച്ചവെള്ളം കുടിച്ച് വേദമന്ത്രം ചൊല്ലിയാൽ, സ്വാതന്ത്ര്യംകിട്ടുകയില്ല. അറിയാമോ? ഗാന്ധി സ്വാതന്ത്ര്യത്തിന്റെ ശത്രുവാണ്; ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാദസേവകനാണ്. ഗാന്ധി ജീവിച്ചിരിക്കുമ്പോൾ ഇന്ത്യ സ്വതന്ത്രയാവുകയില്ല. ഗാന്ധിജിയുടെ അഹിംസാമന്ത്രവും ആത്മവിളിയും ഭാരതീയരുടെ സ്വാതന്ത്ര്യാഗ്നിയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയാണ് . ഗാന്ധി മരിക്കണം, ഇന്ത്യ സ്വതന്ത്രയാകാൻ." അവന് ഭഗത്സിങ്ങിനെതിരായ ഗാന്ധിയൻ പരാമർശം മറക്കാനാവില്ല,പൊറുക്കാനും. "മാർഗ്ഗംതെറ്റാണത

്രേ, ഏതു മാർഗ്ഗമാണ് , ആരുടെ മാർഗമാണ് ശരി . മനുഷ്യ സ്വാതന്ത്ര്യത്തെ മാന്തിപ്പൊളിച്ചടക്കുന്ന ബ്രിട്ടീഷ് സിംഹത്തിന്റെ മുമ്പിൽ  കൗപീനമാത്രധാരയായി, കൈകെട്ടി നിൽക്കുന്നതാണ് സ്വാതന്ത്ര്യം! അല്ല ,അത് സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗമല്ല .അത് മരണത്തിലേക്കുള്ള മാർഗമാണ്".
      കേശവന് മുന്നിൽ കാണുന്ന തെറ്റുകളോട് സഹിഷ്ണുത കാട്ടാനായില്ല. തനിക്കാവുന്നവിധത്തിൽ അവനവയെ എതിർത്തുകൊണ്ടേയിരുന്നു. കൗമാരത്തിൽ ഒളിച്ചോടി, യൗവനത്തിൽ വീടുപേക്ഷിച്ച് , പിതാവിന്റെ വീട്ടിലെ കുളിക്കടവിലെ ജാതിവേർതിരിവിനെതിരെ, അവർണ്ണന് വഴിനടക്കാനുള്ള അവകാശം മർദ്ദനംകൊണ്ടൊഴിവാക്കുന്ന കാരണവർക്കെതിരെ,
ജാതിഭ്രാന്തൊഴിവാക്കാൻ വാലുമുറിച്ച് ആര്യസമാജത്തിൽ, ദൈവമെന്ന വിഡ്ഢിത്തം ഒഴിവാക്കാനുള്ള ബോധവൽക്കരണ പ്രസംഗങ്ങൾ, തൊഴിലാളി വർഗത്തിന്റെ സർവ്വാധിപത്യത്തിനായുള്ള സംഘടനാപ്രവർത്തനം, അങ്ങനെപോകുന്നു എതിർപ്പായിത്തീർന്ന ജീവിതം.
 ഇതിനിടയിൽ ചെറുപ്പം മുതൽ കഥപറയാൻ കാട്ടിയ മിടുക്കിന്റെ തുടർച്ചയായ കഥാലോകം പത്രപ്രവർത്തനം, പട്ടിണിജീവിതം , ഒക്കെയും വിശദീകരിക്കുന്ന ഈ ആത്മകഥ അക്ഷരം പഠിച്ച ഏതൊരുമലയാളിയും അവശ്യം വായിച്ചിരിക്കണം.

രതീഷ് കുമാർ
3\2\2020

🌾🌾🌾🌾🌾🌾🌾🌾🌾