02-03-2020

📚📚📚📚📚📚
സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾
📚📚📚📚📚📚
എംടിയുടെ പെണ്ണുലകം
പുതിയ പരമ്പര ആരംഭിക്കുന്നു
🌾🌾🌾🌾🌾🌾
ഒരു ശരാശരി മലയാളിയെ നോവൽ വായനക്കാരനാക്കുന്ന പ്രതിഭാസമായിരുന്നു (ആയിരുന്നു) എം ടി വാസുദേവൻ നായർ. ബാല്യകാലസഖിയും നാടൻ പ്രേമവും ഉഴുതുമറിച്ച്  പാകമാക്കിയ മണ്ണിൽ പാതിരാത്രിയിലും പകൽവെളിച്ചത്തിലും കൊയ്ത്തുത്സവവും സാഹിത്യ സർവ്വാണി സദ്യയും നടത്തിയ കുടല്ലൂർക്കാരന്റെ വടക്കിനിയിൽ മലയാളി കാത്തു കിടന്നു. കഥകൾ തിരശീലയിലേക്ക് പറിച്ചു നട്ടത് കണ്ട് കൗതുകം കൊണ്ടത് ബുദ്ധിജീവി മുതൽ മന്ദബുദ്ധി വരെയുള്ള ആബാലവൃദ്ധം സ്ത്രീപുരുഷന്മാരാണ്. ആരാധനയോടെയേ മലയാളി എംടി യെ സ്മരിച്ചിട്ടുള്ളൂ.( ഇടയിൽ ചില കുശുകുശുപ്പുകൾ ഉണ്ടായിട്ടില്ല എന്നല്ല.)
കുട്ടികൃഷ്ണമാരാർ വരച്ചുകാട്ടിയ ധർമ്മ ബോധത്തിൽ നമ്പ്യാരോട് പോലും കലമ്പൽ തോന്നിയ കൗമാരത്തിൽ ; എംടിയുടെ നോവലുകൾ വായിക്കവേ കൂടല്ലൂരിലെ നായര്പെണ്ണുങ്ങളൊക്കെ 'പിഴകൾ' ആണല്ലോ എന്ന് ലേശം വിഷമത്തോടെ വിചാരിച്ചിരുന്നു.
അദ്ദേഹത്തിൻറെ സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾ മൂല്യബോധത്തെ കവച്ചു കടക്കാൻ വെമ്പി നൽകുന്നവരാണെന്ന്  തോന്നിയിരുന്നു. മൂല്യബോധം ഉത്പാദിപ്പിക്കുന്നതിൽ ജനപ്രിയ സാഹിത്യകാരന് വലിയൊരു പങ്കു വഹിക്കാനുണ്ട്  എന്നൊക്കെ തോന്നുന്ന പ്രായമാണ് അത്. സമൂഹത്തിന് മാതൃകയാകുന്ന ചില കഥാപാത്രങ്ങളെ എങ്കിലും സൃഷ്ടിക്കാതിരിക്കുന്നത് ലേശം അലോസരമായി മനസ്സിൽ കിടക്കുമ്പോഴാണ്, പരിവേഷമുള്ള സ്ത്രീ കഥാപാത്രങ്ങളുടെ മൂല്യബോധം തകർത്തെറിയുന്ന സിനിമകൾ വരുന്നത്. പെരുന്തച്ചനും, വൈശാലിയും പ്രകോപിപ്പിച്ചു. വടക്കൻ വീരഗാഥയാവട്ടെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. എംടി യുടെ സ്ത്രീവിരുദ്ധതകളെ പരാമർശിക്കുന്ന  ചിലതൊക്കെ കണ്ടെങ്കിലും അവഗണിക്കാൻ ആയിരുന്നു ഇഷ്ടം. ഒരു നൂറ് പ്രാവശ്യം എങ്കിലും വായിച്ചിട്ടുള്ള മഞ്ഞും, കാലവും നാലുകെട്ടും എഴുതിയ ആളിനോട് ഉള്ളതിൻറെ നൂറിരട്ടി ആദരവിന് അർഹനായ ചെറുകഥാകൃത്തിനോട് കൂടി കലഹിക്കേണ്ടിവരുമല്ലോ.  എങ്കിലും മലയാളിപ്പെൺക്ഷാത്രവീര്യത്തിന്റെ അവസാനവാക്കായ ആറ്റുംമണമ്മേലെ പെൺകൊടിപോലും മുക്കുപണ്ടമായിരുന്നു എന്നു പൊളിച്ചെഴുതിയ കഥാകാരന്റെ ബ്രഹദാഖ്യാനങ്ങളിലെ പെണ്ണുങ്ങളുടെ പിന്നാലെ ഒന്നുകൂടി നടക്കാൻ തോന്നി
രിയ തിരൂർ മലയാളം കൂട്ടരേ. നിലവിലുള്ള മൂല്ല്യബോധത്തെ അടിസ്ഥാനമാക്കി സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ആഖ്യാനങ്ങളുടെ ഉടലാഴമോ ഉള്ളാഴമോ പരിഗണിക്കുന്നില്ല. വായിച്ച് മറന്നവർക്ക് ഓർത്തെടുക്കാൻ ഒരു സാമാന്യ വിവരണം നൽകുന്നു. സ്ത്രീ കഥാപാങ്ങളെ ഉപരിപ്ലവമായിമാത്രം നിരീക്ഷിച്ച് അഭിപ്രായം പറയുന്നു. ഇതാണ് ലേഖനങ്ങളുടെ രീതി. ഇടപെടലുകളിലൂടെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നാം നേടുമെന്നാണ് ആഗ്രഹം.
ഈ പരമ്പക്കായി തയ്യാറെടുപ്പ് തുടങ്ങിയതിൽ പിന്നെ എംടിയുടെ കൃതികളെ കുറിച്ചുള്ള ഒരു നിരൂപണവും വായിച്ചിട്ടില്ല. ബാഹ്യ സ്വാധീനത്തിൽ ഒരുതരത്തിലും പെട്ടുപോകരുത് എന്ന് വിചാരിച്ചാണ് ഈയൊരു നിഷ്ഠ സ്വീകരിച്ചത്. എങ്കിലും അത്രയ്ക്ക് അബോധമായി ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടികുമോ എന്ന് നിശ്ചയമില്ല.
ഈ ചർച്ചയിൽ നിന്നും  കാലം എന്ന നോവലിനെ ഒഴിവാക്കി നിർത്തുകയാണ്. എന്നിലെ വായനക്കാരൻ മഞ്ഞിൽ ഭ്രമിച്ചിരുന്നങ്കിലും ഇന്ന് എംടിയുടെ ഏറ്റവും നല്ല നോവലായി വിചാരിക്കുന്നത് കാലത്തെയാണ്. സ്ത്രീകഥാപാത്രങ്ങളുടെ മൂല്യബോധത്തെ കുറിച്ച് അന്വേഷിക്കുന്ന  പരമ്പരയിൽ നിന്ന് ആ അർത്ഥത്തിൽ  കാലത്തെ ഒഴിവാക്കാൻ ആവില്ല. പക്ഷേ  സേതു ഉൾപ്പെടെ കാലത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേ മൂല്യബോധമാണ് ഉള്ളത്. അതിനിടയിൽ നിന്ന് സ്ത്രീകളെ മാത്രമെടുത്ത് അവതരിപ്പിക്കുന്നത്  അപഹാസ്യമാണെന്ന് തോന്നുന്നതിനാൽ ആണ് ആശ്രമം ഒഴിവാക്കുന്നത്

നോവല്‍
പാതിരാവും പകല്‍വെളി ച്ചവും 1957
നാലുകെട്ട് 1958
അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) 1960
അസുരവിത്ത് 1962
മഞ്ഞ് 1964
കാലം 1969
വിലാപയാത്ര 1978
രണ്ടാമൂഴം 1984
വാരാണസി 2002
നാം സർഗ സംവേദനത്തിൽ  പുസ്തകങ്ങളെ മാത്രമാണ് പരിഗണിക്കുന്നത് . അതിനാൽ  ചില സിനിമകളെ ആവശ്യം പരിഗണിക്കേണ്ടതാണെങ്കിലും നേരിട്ട് സിനിമയിലേക്ക്  തിരിയാതെ പുസ്തകങ്ങളിലൂടെ അവിടെയും എത്തിച്ചേരുകയാണ്.
ഓരോ പുസ്തകവും വിശദമായ ചർച്ച ആവശ്യപ്പെടുന്നതാകയാൽ ഒരു ആഴ്ചയിൽ ഒരു പുസ്തകം എന്ന  നിയന്ത്രണം കൂടി സ്വീകരിക്കുകയാണ്.
കഥ(സമാഹാരം)
രക്തം പുരണ്ട മണ്‍ തരികള്‍ 1953
വെയിലും നിലാവും 1954
വേദനയുടെ പൂക്കള്‍ 1955
നിന്‍െറ ഓര്‍മ്മയ്ക്ക് 1956
ഓളവും തീരവും 1957
ഇരുട്ടിന്‍െറ ആത്മാവ് 1957
കുട്ട്യേടത്തി 1964
നഷ്ടപ്പെട്ട ദിനങ്ങള്‍ 1960
ബന്ധനം 1963
പതനം 1966
കളിവീട് 1966
വാരിക്കുഴി 1967
തെരഞ്ഞെടുത്തകഥകള്‍ 1968
ഡാര്‍-എസ്. സലാം 1978
അജ്ഞാതന്‍െറ ഉയരാത്ത സ്മാരകം 1973
അഭയം തേടി വീണ്ടും 1978
സ്വര്‍ഗ്ഗം തുറക്കുന്ന സമയം 1980
വാനപ്രസ്ഥം 1992
ഷെര്‍ലക് 1998
. (ഇവ ചർച്ചയിൽ ഉൾപ്പെടുത്തുന്നില്ല. രചനാ കാലം ഏതാണ്ട് ഓർക്കാൻ കുറിച്ചെന്നുമാത്രം

സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചാണ് ആലോചന എന്നതിനാൽ.
അവിവാഹിതനായ എംടി
ആദ്യ വിവാഹ നാളുകൾ
രണ്ടാം വിവാഹത്തിന്  ശേഷം
എന്നൊക്കെ തിരിച്ചും ഇത്തരമൊരു പഠനം നടത്താമെങ്കിലും അത് അനുചിതമാണെന്ന് വിചാരിക്കുന്നു.

പരമ്പരയിലെ ഒന്നാം പുസ്തകം

ആദ്യനോവൽ
📚📚📚📚📚📚
പാതിരാപ്പൂവ്.
പാതിരാവും പകൽവെളിച്ചവും_ലെ സ്ത്രീകഥാപാത്രങ്ങൾ
 എം ടി വാസുദേവൻ നായർ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിചെയ്യുന്ന കാലത്ത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തുടർ നോവലാണ് പാതിരാവും പകൽവെളിച്ചവും അദ്ദേഹത്തിൻറെ ഒന്നാമത്തെ നോവൽ.  ഇത് രചിക്കുമ്പോൾ അദ്ദേഹത്തിന്25 വയസ്സ്  തികഞ്ഞിട്ടില്ല .എംടിയുടെ നോവലുകളിൽ ഏറ്റവും കുറച്ച് ചർച്ച ചെയ്യപ്പെട്ട നോവലും ഇതുതന്നെയാവും( വിലാപയാത്ര, വാരണാസി? ). അദ്ദേഹത്തെ മലയാളസാഹിത്യത്തിലെ   ഇരുത്തം വന്ന എഴുത്തുകാരനാക്കി മാറ്റിയ കാലം, നാലുകെട്ട് ,അസുരവിത്ത് ..തുടങ്ങിയ നോവലുകളിൽ നിന്നും  വളരെ വ്യത്യസ്തമാണ്  പാതിരാവും പകൽവെളിച്ചവും. പ്രമേയത്തിലും ആഖ്യാന രീതിയിലും  കഥാപാത്രനിർമ്മിതിയിലുംഎല്ലാം നാം പിന്നീട്‌കാണുന്ന എംടിയെ അല്ല  ഈ നോവൽ കാട്ടിത്തരുന്നത്. 62 വർഷത്തിനു മുമ്പ്  എഴുതപ്പെട്ട ഒരു കൃതിയെ ഇന്നിൻറെ നൈതിക സമവാക്യങ്ങൾ ഉപയോഗിച്ച് നിരൂപണം ചെയ്യുന്നത്  ഉചിതമാണോ എന്ന് സംശയമുണ്ട്. അതിനാൽ അത്തരം ഒരു സാഹസത്തിനു മുതിരുന്നില്ല.
കരിവാളൻകുന്നിനും ഭാരതപ്പുഴയും ഇടയിലുള്ള ഗ്രാമത്തിൽ  ജനിച്ചു വളർന്ന മൊയ്തീന്റെ കഥയാണ് ഈ നോവൽ.
 സമ്പന്ന കൃഷിക്കാരനായ  കുഞ്ചുനായരുടെ മകൻ  ഗോപിയുടെയും, മരക്കാരുടെയും കുഞ്ഞാത്തുമ്മയുടെയും മകൾ ഫാത്തിമയുടെയും കഥയുടെ ബാക്കിയാണ് മൊയ്തീൻ ജീവിച്ചു തീർക്കുന്നത്;ഫാത്തിമ സ്വയം എരിഞ്ഞു തീർക്കുന്നതും.

 കാര്യമായ പരിചയമില്ലാത്ത ഒരുയുവാവിന്റെ പ്രണയ പ്രലോഭനത്താൽ ഒരുരാത്രിയുടെവിളികേട്ടുപോയതാണ് ഫാത്തിമചെയ്തുപോയ ഒരേയൊരു പാതകം.അതിനുപകരമവൾ സ്വന്തം ജീവിതംതന്നെ ബലിയർപ്പിച്ചു. പിതാവായ മരക്കാർ  ഒരു പരുക്കൻ ആണെന്ന് തോന്നുമെങ്കിലും ഗർഭിണിയായ മകളുടെ നിസ്സഹായതയിൽ അവൾക്ക് തുണയായിരുന്നു .ഗർഭം ഏറ്റെടുക്കാൻ പോരുന്ന ഒരു ഭർത്താവിനെ - സുലൈമാൻ എന്ന പുതു മുസ്ലിമിനെ -അയാൾ കണ്ടുപിടിച്ചു .ഫാത്തിമ അത് അനുവദിച്ചില്ല. പിതാവിൻറെ മരണശേഷം ഏറെ കഷ്ടപ്പെട്ടെങ്കിലും  ഒരിക്കലും പ്രലോഭനത്തിന് അടിമപ്പെടാതെ മകനുമായി ജീവിച്ചു .എന്നെങ്കിലും തൻറെ കാമുകൻ തിരിച്ചു വരുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു എന്ന് വിചാരിക്കാൻ വയ്യ. ഒടുവിൽ അയാൾ വന്നപ്പോൾ തൻറെ മോഹം  മകൻറെ കാൽക്കീഴിൽ അമർന്നു പോയതിന്, വേദനയോടെ കേവലമൊരു സാക്ഷിമാത്രയായി.

        മൂന്ന് സംബന്ധം കഴിച്ച പതിനൊന്നു മക്കളുടെ പിതാവായ കൃഷ്ണൻ നായരാണ് വക്കീൽ കൃഷ്ണക്കുറുപ്പ്ൻറെ വിരൂപയായ മകൾ  അനുവിനെ ഗോപിയുടെ തലയിൽ കെട്ടി വച്ചത് . തരം കിട്ടിയപ്പോൾ കരണത്തൊന്നു കൊടുത്തുത്, അതിൻറെ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും; പഴയ കഥകളൊക്കെ ഭാനുവിനോട് പറഞ്ഞ് കൃഷ്ണൻനായർ തിരിച്ചടിച്ചു .ഭർത്താവിന് തന്നെ വേണ്ടെന്നും, അയാൾക്ക് ഒരു പൂർവ കാമുകിയും അതിൽ ഒരു മകനും ഉണ്ടെന്നുമറിഞ്ഞ ഭാനു ,സ്വന്തം ദാമ്പത്യബന്ധം റദ്ദ് ചെയ്യുന്നു. ആ ബന്ധം പുനഃസ്ഥാപിക്കാൻ  വീട്ടുകാർ ശ്രമിച്ചില്ലെന്നല്ല. ഭാനു അനുശ്രമിച്ചില്ല. പിന്നീട് അവർ  ഒന്നുചേർന്നുമില്ല

    പാതിരാവും പകൽവെളിച്ചവും എന്ന നോവലിലെ പ്രധാനപ്പെട്ട രണ്ട് സ്ത്രീ കഥാപാത്രങ്ങളും സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയ വരാണ്.  ഒരു പാതിരാ പൂവിൻറെ ക്ഷണികമായ ജീവിതം മാത്രം ആസ്വദിച്ചവർ . പക്ഷേ അവർക്ക് ഒരു ജീവിതാദർശം ഉണ്ട് . ആ ആദർശത്തിൽ മുറുകെപ്പിടിച്ച് ജീവിതത്തിൻറെ പരുപരുപ്പുകളോട് പടവെട്ടിയവർ.

       വ്യാമോഹിപ്പിച്ച് കടന്നുകളഞ്ഞ കാമുകന് വഴിപ്പെടാതെ തൻറെ കുഞ്ഞിനെ വളർത്തിയെടുത്ത്, പരിഹസിക്കുന്ന ലോകത്തിൻറെ മുഖം കണ്ട് പരവേശപ്പെടാതെ, ജീവിച്ച ഫാത്തിമയും ;തന്നെ വേണ്ടാത്ത  ഭർത്താവിൻറെ ഒപ്പം ഉള്ള ജീവിതം മുറിച്ചെറിഞ്ഞ ഭാനുവും. ആദർശലോകത്തിലെ  രണ്ട് പാതിരാപ്പൂക്കൾ.

രതീഷ് കുമാർ
1/8/19
🌾🌾🌾🌾🌾🌾